പലവിധ പരിഗണനകൾ; മുസ്ലിം ലീഗിൽ ഭാരവാഹികളുടെ എണ്ണം കൈവിട്ടു
text_fieldsകോഴിക്കോട്: മുസ്ലിം ലീഗിന്റെ പുതിയ ഭരണഘടന ഭേദഗതിയിൽ സഹഭാരവാഹികളുടെ എണ്ണം നിജപ്പെടുത്തിയിരുന്നെങ്കിലും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിൽ അത് പാലിക്കാനായില്ല. ഭാരവാഹിത്വത്തിൽ പലവിധ പരിഗണനകൾ നൽകേണ്ടി വന്നപ്പോൾ വൈസ് പ്രസിഡന്റുമാരുടെ എണ്ണം എട്ടിൽനിന്ന് പത്തായും സെക്രട്ടറിമാരുടെ എണ്ണം എട്ടിൽനിന്ന് 11 ആയും വർധിപ്പിക്കേണ്ടിവന്നു. പരമോന്നത ബോഡിയായ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണം 21ൽനിന്ന് 32 ആയാണ് വർധിച്ചത്.
നിലവിലെ വൈസ് പ്രസിഡന്റുമാരിൽ പി.എച്ച്. അബ്ദുസ്സലാം ഹാജി, പി.കെ.കെ. ബാവ, കുട്ടി അഹമ്മദ്കുട്ടി, ടി.പി.എം. സാഹിർ, കെ.ഇ. അബ്ദുറഹ്മാൻ എന്നിവരെ ഒഴിവാക്കി. മുൻ സെക്രട്ടറിമാരായ അബ്ദുറഹ്മാൻ കല്ലായി, സി.എച്ച്. റഷീദ്, ടി.എം. സലീം എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നപ്പോൾ, വി.കെ. ഇബ്രാഹിം കുഞ്ഞ്, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുല്ല, സി.പി. സൈതലവി എന്നിവരാണ് പുതുമുഖങ്ങൾ. എറണാകുളം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അനുനയ നീക്കത്തിന്റെ ഭാഗമായാണ് ഇബ്രാഹിം കുഞ്ഞിന് വൈസ് പ്രസിഡന്റ് പദവി നൽകിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലവിലെ ഏഴു സെക്രട്ടറിമാർ സ്ഥാനം നിലനിർത്തിയപ്പോൾ വൈസ് പ്രസിഡന്റുമാരായി മാറിയ അബ്ദുറഹ്മാൻ കല്ലായി, സി.എച്ച്. റഷീദ്, ടി.എം. സലീം എന്നിവർക്കു പകരം പാറക്കൽ അബ്ദുല്ല, യു.സി. രാമൻ, അഡ്വ. മുഹമ്മദ് ഷാ എന്നിവർ സെക്രട്ടറിമാരായി. ദലിത് ലീഗിന്റെ പ്രതിനിധിയായി യു.സി. രാമൻ കടന്നുവന്നതും ശ്രദ്ധേയമായി.
സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, എം.പി. അബ്ദുസ്സമദ് സമദാനി എന്നിവർ സെക്രട്ടേറിയറ്റിൽ എക്സ് ഒഫിേഷ്യാ അംഗങ്ങളാണ്. വനിത ലീഗ് പ്രതിനിധികളെ സെക്രട്ടേറിയറ്റിൽ സ്ഥിരം ക്ഷണിതാക്കളായാണ് ഉൾപ്പെടുത്തിയത്. സുഹ്റ മമ്പാട്, അഡ്വ. കുൽസു, നൂർബിന റഷീദ് എന്നിവരാണ് സ്ഥിരം ക്ഷണിതാക്കൾ. എസ്.ടി.യു പ്രതിനിധികളായി അഹമ്മദ്കുട്ടി ഉണ്ണിക്കുളം, അഡ്വ. റഹ്മത്തുല്ല എന്നിവരും യൂത്ത് ലീഗിനെയും എം.എസ്.എഫിനെയും പ്രതിനിധാനംചെയ്ത് പി.കെ. ഫിറോസ്, പി.കെ. നവാസ് എന്നിവരും സെക്രട്ടേറിയറ്റിലെ സ്ഥിരം ക്ഷണിതാക്കളാണ്.
സെക്രട്ടേറിയറ്റ് അംഗങ്ങൾ: കെ.പി.എ. മജീദ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, ഡോ. എം.കെ. മുനീർ, മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ.കെ. ബാവ, കുട്ടി അഹമ്മദ്കുട്ടി, പി.കെ. അബ്ദുറബ്ബ്, ടി.എ. അഹമ്മദ് കബീർ, എം.എ. മുഹമ്മദ് ജമാൽ, കെ.ഇ. അബ്ദുറഹ്മാൻ, എൻ.എ. നെല്ലിക്കുന്ന്, പി.കെ. ബഷീർ, മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല, അഡ്വ. എം. ഉമ്മർ, സി. ശ്യാംസുന്ദർ, അഡ്വ. പി.എം.എ. സലാം, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, എം.സി. മായിൻഹാജി, അബ്ദുറഹ്മാൻ കല്ലായി, അബ്ദുറഹ്മാൻ രണ്ടത്താണി, അഡ്വ. എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, സി.എച്ച്. റഷീദ്, ടി.എം. സലീം, പി.എം. സാദിഖലി, സി.പി. ചെറിയ മുഹമ്മദ്, സി. മമ്മുട്ടി, കെ.എൻ.എ. ഖാദർ, കളത്തിൽ അബ്ദുല്ല, എം.സി. വടകര, വി.കെ.പി. ഹമീദലി.