തങ്ങളെ ബലിയാടാക്കി കുറ്റവാളികൾ രക്ഷപ്പെടുന്നുവെന്ന് അറസ്റ്റിലായ പൊലീസുകാർ
text_fieldsകൊച്ചി: മേലുദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) ഉദ്യോഗസ്ഥർ. തങ്ങളെ ബലിയാടാക്കി യഥാർഥ കുറ്റവാളികൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ഇവർ വിഡിയോ സന്ദേശത്തിൽ പറയുന്നു.
അറസ്റ്റിലാകുംമുമ്പ് തയാറാക്കിയ സന്ദേശം ബന്ധുക്കൾ വഴിയാണ് പുറത്തായതെന്ന് കരുതുന്നു. 5.54 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ അറസ്റ്റിലായ ജിതിൻരാജും സന്തോഷ്കുമാറും സുമേഷും ഉണ്ട്. നുണപരിശോധനയടക്കം ഏത് ശാസ്ത്രീയ പരിശോധനക്കും തയാറാണെന്നും കോടതിയിൽ നിരപരാധിത്വം തെളിയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇവർ വ്യക്തമാക്കുന്നു.
പറവൂർ സി.െഎയുടെ നിർദേശപ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ തങ്ങൾ മഫ്തിയിൽ വരാപ്പുഴയിലെ വീട്ടിലെത്തിയത്. അപ്പോൾ ശ്രീജിത്ത് കമിഴ്ന്നുകിടക്കുകയായിരുന്നു. അമ്മയും ഭാര്യയും ചേർന്ന് വിളിച്ചുണർത്തി ഷർട്ട് എടുത്തുകൊടുത്ത് തങ്ങൾക്കൊപ്പം വിട്ടു. സി.െഎ പറഞ്ഞതനുസരിച്ച് എത്തിയ വാഹനത്തിൽ ശ്രീജിത്തിനെ സ്റ്റേഷനിലേക്കയച്ചു. തങ്ങൾ അവിടെനിന്ന് ഒാേട്ടാ വിളിച്ച് മറ്റൊരു പ്രതിയായ സുധിയുടെ വീട് അന്വേഷിച്ചു പോയി. കൂടെയുണ്ടായിരുന്ന ഗണേശനോട് ചോദിച്ചാൽ കാര്യങ്ങൾ കൃത്യമായി അറിയാം. തങ്ങളുടെ വാഹനത്തിലാണ് ശ്രീജിത്തിനെ സ്റ്റേഷനിലെത്തിച്ചതെന്ന പ്രചാരണം തെറ്റാണ്.
ശ്രീജിത്തിന് പൊലീസ് മർദനത്തിൽ പരിക്കേറ്റു എന്ന വാർത്ത പുറത്തുവന്ന് മൂന്ന് ദിവസമായിട്ടും വരാപ്പുഴ സ്റ്റേഷനിൽനിന്ന് ആരും തങ്ങളെ വിളിച്ച് അന്വേഷിച്ചില്ല. തങ്ങളെ പിറ്റേദിവസം സ്റ്റേഷനിൽവെച്ച് കണ്ടു എന്നാണ് ശ്രീജിത്തിെൻറ ഭാര്യ മനുഷ്യാവകാശ കമീഷന് നൽകിയ മൊഴി. എന്നാൽ, അന്ന് പുലർച്ച നാല് മണിയോടെ തങ്ങൾ പെരുമ്പാവൂരിൽ എത്തി. ഫോൺ രേഖകൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകും. തങ്ങളുടെ മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്ത ശ്രീജിത്തടക്കം അഞ്ച് പേരുടെ ചിത്രങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. തങ്ങളെ ലക്ഷ്യമിട്ടാണ് ഒാരോ നീക്കവും. ഇനി വിശ്വാസം കോടതിയിൽ മാത്രമാണ്. മുകളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ താഴേക്കിടയിലുള്ളവരുടെ തലയിൽ കെട്ടിവെക്കുക എന്നത് പൊലീസിൽ കാലങ്ങളായുള്ള പതിവാണ്. ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോടും ഡി.ജി.പിയോടും ആവശ്യപ്പെടുന്നു.
ജോലിയോടുള്ള ആത്മാർഥ കൊണ്ടാണ് ഇത്രയും പ്രതികളെ പിടിച്ചത്. മേലുദ്യോഗസ്ഥരെല്ലാം അഭിനന്ദിക്കുകയും ചെയ്തു. ജോലി ചെയ്യുേമ്പാൾ കൂടുതൽ ആത്മാർഥത കാണിക്കുന്നതിെൻറ ഫലമാണ് ഇതെന്നാണ് സഹപ്രവർത്തകരോട് പറയാനുള്ളത്. ശ്രീജിത്തിെൻറ കുടുംബത്തിനൊപ്പം തങ്ങൾക്കും നീതി ലഭിക്കണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നു.
ആർ.ടി.എഫ് ഉദ്യോഗസ്ഥരുടെ ആരോപണങ്ങളെ ഇവരുടെ ബന്ധുക്കളും പൂർണമായി ശരിവെക്കുകയാണ്. നീതി തേടി നിയമനടപടിയിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം. ആലുവ പൊലീസ് ക്ലബിൽവെച്ചാണ് വിഡിയോ ചിത്രീകരിച്ചതെന്ന് കരുതുന്നു. ഇതിന് എങ്ങനെ അവസരം ലഭിച്ചു എന്നതും ആരാണ് വിഡിയോ പുറത്തെത്തിച്ചതെന്നും വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
