'മുനമ്പത്ത് ശാശ്വതപരിഹാരം കേന്ദ്രമന്ത്രി ഉറപ്പുനൽകി'; ക്രൈസ്തവർക്ക് നേരെയുള്ള പീഡനങ്ങളിൽ ആശങ്ക അറിയിച്ചെന്നും വരാപ്പുഴ ആർച് ബിഷപ്
text_fieldsകൊച്ചി: മുനമ്പം ഭൂപ്രശ്നം വീണ്ടും ചർച്ചയാവുന്നതിനിടെ, കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജുവും വരാപ്പുഴ ആർച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും തമ്മിൽ അതിരൂപത ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. മുനമ്പം വിഷയത്തിൽ മന്ത്രി തങ്ങൾക്ക് ശാശ്വതപരിഹാരം ഉറപ്പുനൽകിയതായി കൂടിക്കാഴ്ചക്കുശേഷം ആർച് ബിഷപ് പ്രതികരിച്ചു.
മുനമ്പം ഇനി ആവർത്തിക്കില്ലെന്ന് മന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുനമ്പം വിഷയത്തിൽ സംസാരിക്കാനാണ് താനെത്തിയതെന്ന് മന്ത്രി ആദ്യമേ അറിയിക്കുകയായിരുന്നു. മുനമ്പത്തെ ജനങ്ങൾക്ക് ധൈര്യം നൽകാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുമാണ് താനെത്തിയത്. സൗഹാർദപരമായ സംഭാഷണമായിരുന്നു. സമുദായത്തെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിച്ച മന്ത്രിക്കുമുന്നിൽ ആശങ്കകൾ അറിയിച്ചു. ഇതുസംബന്ധിച്ച് താൻ നൽകിയ കുറിപ്പിൽ വേണ്ട നടപടി സ്വീകരിക്കാമെന്ന് പറഞ്ഞു. മുനമ്പത്ത് മാസങ്ങളായി തുടരുന്ന സമരം അവസാനിപ്പിക്കുന്നതിനുള്ള പോംവഴി കണ്ടെത്തുന്നതിന് വേണ്ടത് ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വാക്ക്.
മുനമ്പത്ത് ശാശ്വത പരിഹാരമുണ്ടാകുമെന്നറിയിച്ചപ്പോൾ സമയബന്ധിതമായി ചെയ്യണമെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈസ്തവർക്കുനേരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ചും മന്ത്രിയോട് സൂചിപ്പിച്ചു. ആംഗ്ലോ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പറഞ്ഞതായി ജോസഫ് കളത്തിപ്പറമ്പിൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.