വരാപ്പുഴ കസ്റ്റഡി മരണം: കൂടുതൽ അറസ്റ്റിന് സാധ്യത
text_fieldsകൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത. കേസുമായി ബന്ധപ്പെട്ട് രണ്ടുപൊലീസുകാരെ കൂടി വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ശ്രീജിത്ത് മർദനത്തിന് ഇരയായ ദിവസം വരാപ്പുഴ സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എ.എസ്.ഐ ജയാനന്ദൻ, വടക്കേക്കര എസ്.ഐ എം.കെ. മുരളി എന്നിവരെയാണ് ആലുവ പൊലീസ് ക്ലബിൽ ഞായറാഴ്ച ചോദ്യം ചെയ്തത്.
ശ്രീജിത്തിനേറ്റ മർദനങ്ങൾക്ക് വിശദീകരണം ചോദിക്കാനാണ് ജയാനന്ദനെ വിളിച്ചുവരുത്തിയത്. ശ്രീജിത്തിനെ രാത്രി 10.30ന് കസ്റ്റഡിയിലെടുത്ത് പതിനൊന്നോടെ സ്റ്റേഷനിലെത്തിച്ചിട്ടും അടുത്തദിവസം രാവിലെ ഒമ്പതോടെയാണ് 10 പ്രതികളുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിലെ അസ്വാഭാവികത ചോദ്യം ചെയ്തതായാണ് അറിയുന്നത്. ശ്രീജിത്തിനെ സ്റ്റേഷനിൽ മർദിച്ചത് ആരൊക്കെയാണെന്നും എസ്.ഐ ദീപക് എത്തിയശേഷം സംഭവിച്ചത് എന്താണെന്നും ആർ.ടി.എഫ് അംഗങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ശ്രീജിത്ത് വയറുവേദനയാൽ അസ്വസ്ഥനായിരുന്നോ എന്നും വിശദമായി ചോദിച്ചറിഞ്ഞു.
ശാസ്ത്രീയ തെളിവുകള്‍ക്കൊപ്പം സാക്ഷിമൊഴിയും അറസ്റ്റ് ചെയ്തവര്‍ക്കെതിരെ ലഭ്യമാക്കാനാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത്. ആർ.ടി.എഫ് അംഗങ്ങൾ, എസ്.ഐ, സി.ഐ എന്നിവരെ കൂടാതെ സസ്പെൻഷനിലായ മറ്റുരണ്ടുപേരിലേക്കും അന്വേഷണം നീളുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ശ്രീജിത്തടക്കം പ്രതികളെ കസ്റ്റഡിയിലെടുക്കാൻ എവിടെനിന്നാണ് നിർദേശം ലഭിച്ചതെന്നതിനെക്കുറിച്ച് വിശദീകരണം നൽകിയിട്ടുണ്ടെന്നാണ് അറിവ്.
ഉന്നതരുടെ ഇടപെടലുണ്ടായിട്ടുണ്ടോ എന്നും അന്വേഷണ സംഘം ചോദിച്ചറിഞ്ഞിട്ടുണ്ട്. വാസുദേവെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ റൂറൽ എസ്.പി എ.വി. ജോർജ് എല്ലാ സ്റ്റേഷനിലേക്കും അടിയന്തര നിർദേശം നൽകിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അറിയാനാണ് വടക്കേക്കര എസ്.ഐയുെട മൊഴിയെടുത്തത്. വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ എ.എസ്.ഐ ജയാനന്ദനെതിരെയും നടപടിയുണ്ടാകും. പ്രതികളുടെ തിരിച്ചറിയൽ പരേഡിനുള്ള തീയതി തിങ്കളാഴ്ച കോടതിയിൽനിന്ന് ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
