Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതാ രത്‌ന...

വനിതാ രത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

text_fields
bookmark_border
വനിതാ രത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
cancel

തിരുവനന്തപുരം: സംസ്ഥാന വനിതാ രത്‌ന പുരസ്‌കാരങ്ങള്‍ മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചു. കായിക രംഗത്ത് കണ്ണൂര്‍ ചെറുപുഴ പെരിങ്ങോം നിവാസി ട്രീസ ജോളി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ കോഴിക്കോട് ജില്ലയിലെ വിജി പെണ്‍കൂട്ട്, എറണാകുളം ജില്ലയിലെ ജിലുമോള്‍ മാരിയറ്റ് തോമസ്, സാമൂഹ്യ സേവന രംഗത്ത് വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതാ വിഭാഗത്തില്‍ പാലക്കാട് ജില്ലയിലുള്ള ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സിന്റെ ഡയറക്ടര്‍ അന്നപൂര്‍ണി സുബ്രഹ്‌മണ്യം എന്നിവര്‍ അര്‍ഹരായി.

സ്ത്രീ ശാക്തീകരണ രംഗത്ത് 25 വര്‍ഷങ്ങളുടെ അധ്യായം എഴുതിച്ചേര്‍ത്ത് സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം കൈവരിക്കുവാന്‍ വഴിവച്ച കുടുംബശ്രീക്ക് വനിത ശിശു വികസന വകുപ്പിന്റെ സ്ത്രീ ശാക്തീകരണ രംഗത്തെ പ്രത്യേക പുരസ്‌കാരം നല്‍കും.

അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വനിതാ രത്‌ന പുരസ്‌കാര വിതരണവും വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി വി. ശിവന്‍ കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി.ആര്‍. അനില്‍, ഡോ. ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഇതോടനുബന്ധിച്ച് വിവിധങ്ങളായ വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദങ്ങള്‍, മത്സരങ്ങള്‍, മറ്റ് കലാപരിപാടികള്‍ എന്നിവയും ഉണ്ടാകും. ഇതോടൊപ്പം രാത്രി യാത്ര, സെക്കന്റ് ഷോ, രാത്രി നടത്തം എന്നിവയുമുണ്ടാകും.

വിജി പെണ്‍കൂട്ട്

അസംഘടിത മേഖലയിലെ പെണ്‍ തൊഴിലാളികള്‍ക്കായി എന്നും പോരാട്ടം നടത്തി വന്ന സ്ത്രീകളുടെ കൂട്ടായ്മയായ 'പെണ്‍കൂട്ട്'എന്ന സംഘടനയുടെ അമരക്കാരി. 2018ല്‍ ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ബിബിസി തെരഞ്ഞെടുത്തപ്പോള്‍ അതിലൊരാളായി തെരഞ്ഞെടുക്കപ്പെട്ട മലയാളി വനിത, കടയില്‍ ദിവസം മുഴുവന്‍ നില്‍ക്കാന്‍ നിര്‍ബന്ധിതരാകയാല്‍, പ്രത്യേകിച്ച് തുണിക്കടകളിലെ തൊഴിലാളികള്‍ക്ക് 'ഇരിക്കുവാനുള്ള അവകാശ'ത്തിനായും പ്രാഥമിക ആവശ്യങ്ങള്‍ നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായും സമരം ചെയ്യേണ്ടി വന്ന സെയില്‍സ് ഗേള്‍സ്മാരെ മുന്നില്‍ നിര്‍ത്തി അവര്‍ക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയ സാധാരണക്കാരിയായ സ്ത്രീ.

ട്രീസാ ജോളി

കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ പുളിങ്ങോം എന്ന ഗ്രാമത്തില്‍ നിന്നും 20-ആം വയസില്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ബാഡ്മിന്റണ്‍ ടീം ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കുകയും ഇന്ത്യാ-ഏഷ്യന്‍ ടീം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാവിഭാഗത്തില്‍ സ്വര്‍ണ്ണം നേടുകയും ഏഴാമത്തെ വയസില്‍ ജില്ലാ അണ്ടര്‍-11 വിഭാഗത്തില്‍ പങ്കെടുക്കയും ചെയ്തു. 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് ബെര്‍മിങ്ഹാം-മിക്‌സഡ് ടീം ബാഡമിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും, 2022ല്‍ ആള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ വനിത ഡബിള്‍സില്‍ വെങ്കല മെഡലും, ദുബായില്‍ വച്ചു നടന്ന 2023 ഏഷ്യന്‍ മിക്‌സഡ് ടീം ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും, 2023ലെ ആള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ വനിത ഡബിള്‍സില്‍ വെങ്കലമെഡലും, 2024 ല്‍ മലേഷ്യയില്‍ വച്ചുനടന്ന ബാഡ്മിന്റണ്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ സ്വര്‍ണ മെഡലും, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇരട്ടമെഡല്‍ നേടുന്ന ആദ്യമലയാളി താരം എന്ന നിലയിലും ആള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ടീമിലുള്‍പ്പെട്ട വനിത എന്ന നിലയിലും സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിത.

ജിലുമോള്‍ മാരിയറ്റ് തോമസ്

ജന്മനാ ഇരുകൈകളും ഇല്ലാതെയും വിവിധ ജീവിത പ്രതിസന്ധികളെ അതീജീവിച്ചും ഡ്രൈവിംഗ് ലൈസന്‍സ് നേടിയെടുത്ത ഏഷ്യയിലെ തന്നെ ആദ്യ വനിത എന്ന നേട്ടത്തിനുടമ. കഠിനാദ്ധ്വാനവും ദീര്‍ഘവീക്ഷണവും കൈമുതലായ ജിലുമോള്‍ വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും യുവജനങ്ങള്‍ക്കും മാതൃകയും പ്രചോദനവുമാണ്. ചിത്ര രചനയില്‍ തന്റേതായ കഴിവ് തെളിയിച്ച്, ഗ്രാഫിക് ഡിസൈനറായി ജോലിയില്‍ ശോഭിക്കുന്നു.

അന്നപൂര്‍ണി സുബ്രഹ്‌മണ്യം

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സിന്റെ ഡയറക്ടറും, ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസും ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി പ്രസിദ്ധീകരിക്കുന്ന ജേണല്‍ ഓഫ് അസ്‌ട്രോ ഫിസിക്‌സ് ആന്റ് അസ്‌ട്രോണമിയുടെ ചീഫ് എഡിറ്ററും, ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് പ്രസിദ്ധീകരിച്ച ജ്യോതിശാസ്ത്ര ഗവേഷണത്തിന്റെ സയന്റിഫിക് എഡിറ്ററും ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്റെ അംഗത്വ സമിതിയുടെ തലവനും, ആസ്‌ട്രോസാറ്റ്, ആദിത്യ-എല്‍1 എന്നിവയുള്‍പ്പെടെ വിവിധ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളിയുമായിരുന്നു. ഇന്ത്യയുമായി പങ്കാളിയായി ഒരു അന്താരാഷ്ട്ര കണ്‍സോര്‍ഷ്യം നിര്‍മ്മിക്കുന്ന മുപ്പത് മീറ്റര്‍ ടെലിസ്‌കോപ്പിന് (TMT) സംഭാവന നല്‍കുകയും യുവി-ഒപ്റ്റിക്കല്‍ ബഹിരാകാശ ദൂരദര്‍ശിനിയുടെ (INSIST) പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും മൂന്ന് പതിറ്റാണ്ടോളം ഗവേഷണ പരിചയമുള്ള അന്നപൂര്‍ണി സുബ്രഹ്‌മണ്യം, നക്ഷത്ര സമൂഹങ്ങള്‍, ഗാലക്‌സികള്‍, അള്‍ട്രാ വയലറ്റ് ജ്യോതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ 175ഓളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vanita Ratna awards
News Summary - Vanita Ratna awards announced
Next Story