വണ്ടിപ്പെരിയാർ പീഡന കൊലക്കേസ്: പ്രതി വിദേശത്തേക്ക് കടക്കില്ലെന്ന് ബോണ്ട് നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി വിദേശത്തേക്ക് കടക്കില്ലെന്ന് ബോണ്ട് നൽകണമെന്ന് ഹൈകോടതി.
പ്രതിയായ വണ്ടിപ്പെരിയാർ ചുരക്കുളം എം.എം.ജെ എസ്റ്റേറ്റ് ലയത്തിൽ അർജുൻ സുന്ദർ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നുവെന്ന് കാട്ടി സർക്കാർ നൽകിയ ഉപഹരജിയിലാണ് പത്തുദിവസത്തിനകം ബോണ്ട് സമർപ്പിക്കാൻ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
വിചാരണക്കോടതിയിൽ ഹാജരായി 50,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ് രണ്ടുപേരുടെയും ബോണ്ടുകൾ കെട്ടിവെക്കണമെന്നാണ് നിർദേശം. ബോണ്ട് നൽകിയില്ലെങ്കിൽ ജാമ്യമില്ല അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനും കോടതി നിർദേശിച്ചു.
പ്രതിയെ വിചാരണക്കോടതി വെറുതെവിട്ടതിനെതിരെ നൽകിയ അപ്പീലിലാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഉപഹരജി നൽകിയത്. വിദേശത്തേക്ക് പോകാൻ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പ്രതിയുടെ അഭിഭാഷകൻ അറിയിച്ചത്.
എന്നാൽ, കേസിൽ ഹാജരാകുന്നതിൽനിന്ന് പിന്മാറുന്നതായി പിന്നീട് അഭിഭാഷകൻ അറിയിച്ചു.
കോടതിയിൽ ഹാജരാകാൻ മറ്റൊരു അഭിഭാഷകനെ പ്രതി ചുമതലപ്പെടുത്തിയിട്ടുമില്ല. തുടർന്നാണ് പ്രതിയോട് വിചാരണ കോടതിയിൽ ഹാജരാകാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

