വന്ദേഭാരത് യാത്ര: മറ്റ് സർവീസുകളുടെ താളം തെറ്റിയെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്
text_fieldsതിരുവനന്തപുരം : പുലർച്ചെ വന്ദേഭാരതിന്റെ കാസർകോടിലേക്കുള്ള പ്രഥമ ഔദ്യോഗിക യാത്രയിൽ ദൈനംദിന യാത്രക്കാർ ആശ്രയിക്കുന്ന സർവീസുകളുടെ താളം തെറ്റിയെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. എറണാകുളം ഭാഗത്തേക്ക് പഠന, ജോലിയാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരെ ഇന്ന് പ്രതിസന്ധിയിലാക്കി.
വന്ദേഭാരതിന് നൽകുന്ന അമിത പ്രാധാന്യമാണ് യാത്രക്കാരെ വലക്കുന്നത്. 25 മുതൽ 30 മിനിറ്റ് വരെയാണ് വന്ദേഭാരത് കടന്നുപോകാൻ മറ്റു ട്രെയിനുകൾ പിടിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ അപേക്ഷിച്ചു തിരുവനന്തപുരം ഡിവിഷനിൽ മാത്രമാണ് ട്രെയിനുകൾ ഇത്രയും കൂടുതൽ സമയം കാത്തുകെട്ടികിടക്കേണ്ടി വരുന്നത്. കാലഹരണപ്പെട്ട സിഗ്നൽ സംവിധാനങ്ങളാണ് ഡിവിഷൻ ഇപ്പോഴും പിന്തുടരുന്നത്.
വന്ദേഭാരത് കോട്ടയത്ത് നിന്ന് പുറപ്പെടാൻ 12 മിനിറ്റ് വൈകിയെങ്കിലും മുൻനിശ്ചയിച്ച പ്രകാരം പാലരുവി പിറവം റോഡിൽ പിടിക്കുകയായിരുന്നു. 28 മിനിറ്റിന് ശേഷമാണ് പാലരുവിക്ക് പിറവത്ത് നിന്ന് പിന്നീട് സിഗ്നൽ ലഭിച്ചത്. പാലരുവി എറണാകുളം ടൗണിൽ വൈകുന്നതോടെ ആനുപാതികമായി എറണാകുളം ജംഗ്ഷനിൽ നിന്നുള്ള എറണാകുളം ബാംഗ്ലൂർ ഇന്റർസിറ്റി, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി സർവീസുകളെ സാരമായി ബാധിക്കുന്നതാണ്.
വന്ദേഭാരതിന്റെ വരവോടെ കോട്ടയം വഴി എറണാകുളം ഭാഗത്തേയ്ക്ക് ഓഫീസ് സമയം പാലിക്കുന്ന പാലരുവിയും വേണാടും വൈകുമെന്ന ഭയം യാത്രക്കാർ ആദ്യം തന്നെ പങ്കുവെച്ചിരുന്നു. ഇത് ശരിവെക്കുന്ന വിധമായിരുന്നു പാലരുവിയും വേണാടും ഇന്നും ഓരോ സ്റ്റേഷനും പിന്നിട്ടത്. എറണാകുളം ടൗണിൽ ഷെഡ്യൂൾഡ് സമയത്തിനും മുമ്പ് സ്റ്റേഷൻ പിടിച്ചിരുന്ന പാലരുവി ഇന്ന് 10 മിനിറ്റ് വൈകിയാണ് എത്തിയത്.
വേണാട് എറണാകുളം ജംഗ്ഷനിൽ 09.30 ന് എത്തുന്നവിധം സമയക്രമീകരണം നടത്തണമെന്ന് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. വന്ദേഭാരത് പരീക്ഷണയോട്ടം നടത്തിയ 05. 10 നോ അതിന് മുമ്പോ ആക്കിയിരുന്നെങ്കിൽ ആശങ്കയ്‌ക്ക് പോലും വകയില്ലായിരുന്നു. അല്ലെങ്കിൽ വേണാടിന്റെ സമയം 05.05 ലേക്ക് പുനക്രമീകരിക്കുകയും കൊച്ചുവേളി സ്റ്റേഷനിൽ വന്ദേഭാരതിന് വേണ്ടി പിടിക്കുകയോ ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാം.
നിലവിലെ സാഹചര്യങ്ങളിൽ എക്സ്പ്രസ്സ് ട്രെയിനുകളുടെ അതേ വേഗതയിൽ മാത്രമേ നമ്മുടെ ട്രാക്കുകളിലൂടെ വന്ദേഭാരത് ഓടിയെത്തുകയുള്ളുവെന്ന് അടിവരയിട്ട് പറയുന്ന അധികൃതർ വേണാടിന്റെ സമയം പിന്നോട്ടാക്കുവാനും തയാറാകണം. മാനസിക സമ്മർദമില്ലാതെ തൊഴിലിടങ്ങളിൽ സമയം പാലിക്കാനുള്ള അവസരം റെയിൽവേ യാത്രക്കാർക്ക് ഒരുക്കണം.
വന്ദേഭാരത് വരുമ്പോൾ സ്ഥിരയാത്രക്കാരെ ബാധിക്കാത്ത സമയക്രമം നൽകണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ശ്രദ്ധയിൽ പ്പെടുത്തിയിരുന്നു. എന്നാൽ യാത്രക്കാരുടെ ആവശ്യങ്ങൾ പാടെ അവഗണിച്ചാണ് റെയിൽവേ പുതിയ സമയക്രമം പ്രഖ്യാപിച്ചത്. വൈകിയോടുന്ന ട്രെയിനുകൾക്ക് ബഫർ ടൈമുകൾ അധീകരിപ്പിക്കുകയോ വൈകിയോടുന്ന സമയം സ്ഥിരപ്പെടുത്തുകയോ ചെയ്യുന്ന തിരുവനന്തപുരം ഡിവിഷന്റെ ബാലിശമായ നിലപാടുകൾക്ക് ബലിയാടുകളാകേണ്ടി വരുമോയെന്ന ആശങ്കയും യാത്രക്കാർക്ക് ഉണ്ട്.
കാസർകോട് നിന്നുള്ള മടക്കയാത്രയിൽ 07.08 നാണ് എറണാകുളം ടൗണിൽ നിന്ന് വന്ദേഭാരത് പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എന്നാൽ 06.58 ന് തൃപ്പൂണിത്തുറയിൽ നിന്ന് പുറപ്പെടുന്ന പാലരുവി മറ്റു ഗതാഗത സംവിധാനങ്ങൾ ഒന്നുമില്ലാത്ത മുളന്തുരുത്തി, പിറവം റോഡ് സ്റ്റേഷനുകളിൽ അരമണിക്കൂറോളം പിടിക്കാനാണ് റെയിൽവേ തീരുമാനം.
എന്നാൽ മുളന്തുരുത്തിയിലോ പിറവത്തോ പിടിക്കുന്നതിന് പകരം തൃപ്പൂണിത്തുറയിൽ പിടിക്കുകയാണെങ്കിൽ എറണാകുളം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവർക്ക് ഈ സമയം പ്രയോജനപ്പെടുത്താൻ കഴിയും. ചങ്ങനാശ്ശേരി, തിരുവല്ല, കൊല്ലം,ഭാഗത്തേക്കുള്ള അവസാന സർവീസ് ആയതുകൊണ്ട് തന്നെ പാലരുവിക്ക് നിരവധി ആവശ്യക്കാർ ഉണ്ട്.
പാലരുവി എറണാകുളം ടൗണിൽ നിന്ന് പഴയപോലെ 06.50 ന് പുറപ്പെടുന്ന വിധം ക്രമീകരിച്ചാൽ ലേറ്റ് മിനിറ്റ് വീണ്ടും കുറയുന്നതാണ്. പാലരുവി എക്സ്പ്രസ്സ് പാലക്കാട് നിന്ന് പുറപ്പെടുന്ന സമയത്തിൽ ഭേദഗതി വരുത്തി യാത്രക്കാർക്കുകൂടി പ്രയോജനകരമാകുന്ന സമയക്രമം ചിട്ടപ്പെടുത്തണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ജെ. ലിയോൺസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

