വന്ദേമാതരം പൂർണമായി ആലപിക്കൽ: പാലക്കാട് നഗരസഭയിൽ ബഹളവും കയ്യാങ്കളിയും
text_fieldsപാലക്കാട്: വന്ദേമാതരം ആലപിച്ചതിനെച്ചൊല്ലി പാലക്കാട് നഗരസഭയിൽ ഭരണ-പ്രതിപക്ഷ ബഹളവും കയ്യാങ്കളിയും. കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുമ്പ് വന്ദേമാതരം പൂർണമായി റെക്കോർഡ് ചെയ്തത് സ്പീക്കറിലൂടെ കേൾപ്പിക്കുകയായിരുന്നു. ഈ സമയം കോൺഗ്രസ് കൗൺസിലർമാർ പുറത്തിറങ്ങി നിന്നു. പിന്നീട് സഭ ആരംഭിച്ചപ്പോൾ വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് നിർദ്ദേശിച്ച പ്രമേയത്തിന് മേയർ അവതരണാനുമതി നിഷേധിച്ചു. ഇതോടെയാണ് ബഹളം തുടങ്ങിയത്. പിന്നീട് ഇത് ഉന്തും തള്ളുമായി കയ്യാങ്കളിയിലേക്ക് നീങ്ങി.
വന്ദേമാതരം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നതിനെതിരെ യു.ഡി.എഫ് - സി.പി.എം അംഗങ്ങൾ ശക്തമായി രംഗത്തെത്തുകയായിരുന്നു. വന്ദേമാതരം പൂർണമായി റെക്കോർഡ് ചെയ്തത് സ്പീക്കറിലൂടെ കേൾപ്പിക്കാൻ നേരത്തെ ഭരണസമിതി തീരുമാനിച്ചിരുന്നു. കഴിഞ്ഞ കൗൺസിലിൽ ഇത്തരത്തിൽ വന്ദേമാതരം കേൾപ്പിച്ചപ്പോൾ യു.ഡി.എഫ് ബഹിഷ്കരിക്കുകയായിരുന്നു.
ഏഴ് ദിവസം മുമ്പ് കെ-സ്മാർട്ടിലൂടെ പ്രമേയത്തിന് യു.ഡി.എഫ് അനുമതി തേടിയിരുന്നു. വിഷയത്തിൽ ജനാധിപത്യപരമായി വോട്ടെടുപ്പ് നടത്താനുള്ള അവകാശത്തെയാണ് ബി.ജെ.പി ഇല്ലാതാക്കിയതെന്ന് യു.ഡി.എഫ് ആരോപിച്ചു. ഈ വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ വലിയ സമരവുമായി മുന്നോട്ടുപോവുമെന്ന് യു.ഡി.എഫ് പറഞ്ഞു. വന്ദേമാതരം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാൻ പാടില്ലെന്നും വോട്ടിങ്ങിനു ഇടണമെന്നുമാണ് യു.ഡി.എഫിന്റെ ആവശ്യം. എന്നാൽ സ്പെഷ്യൽ കൗൺസിലിൽ അജണ്ടയിലില്ലാത്ത മറ്റ് വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കാറില്ലെന്നും അതിനാലാണ് പ്രമേയത്തിന് അനുമതി നിഷേധിച്ചതെന്നുമായിരുന്നു ഭരണപക്ഷത്തിന്റെ ന്യായീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

