Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവന്ദേമാതര വിവാദം:...

വന്ദേമാതര വിവാദം: ഞങ്ങൾ ഉയർത്തിയ നിലപാട് മുഖ്യമന്ത്രി ശരിവെച്ചു - പി.എ മുഹമ്മദ് റിയാസ്

text_fields
bookmark_border
വന്ദേമാതര വിവാദം: ഞങ്ങൾ ഉയർത്തിയ നിലപാട് മുഖ്യമന്ത്രി ശരിവെച്ചു - പി.എ മുഹമ്മദ് റിയാസ്
cancel

കോഴിക്കോട്: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുമ്പ് തങ്ങൾ ഉയർത്തിയ നിലപാട് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ശരിവെച്ചിരിക്കുകയാണെന്ന് റിയാസ് പറഞ്ഞു. വന്ദേമാതരത്തിന്റെ ആദ്യ ഈരടികൾക്ക് പകരം ഗാനം മുഴുവനായി പാടിയത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതക്ക് വിരുദ്ധമാണെന്നായിരുന്നു തങ്ങളുടെ നിലപാടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വന്ദേമാതരം മുഴുവൻ ആലപിക്കുമെന്ന് അറിയില്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വ്യക്തമാക്കിയത്. ലോക്ഭവൻ തീരുമാനപ്രകാരമാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്. ആലപിച്ച് തുടങ്ങിയപ്പോഴാണ് അറിഞ്ഞത്. പകുതിക്ക് നിർത്തിക്കാൻ കഴിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

യഥാർത്ഥ മതവിശ്വാസികൾ ആഗ്രഹിക്കുന്ന മതനിരപേക്ഷ നിലപാട് ഉയർപ്പിടിച്ചതിന്റെ പേരിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ കടുത്ത വ്യക്തി അധിക്ഷേപങ്ങളും കോലം കത്തിക്കലുകളും നേരിടേണ്ടി വന്നതായും റിയാസ് ചൂണ്ടിക്കാട്ടി. "കോലമല്ല സ്വശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടിൽ നിന്ന് പിറകോട്ട് പോകുന്നവരല്ല ഞങ്ങൾ''- റിയാസ് വ്യക്തമാക്കി.

വന്ദേമാതരം പൂർണ്ണമായും ആലപിക്കുമെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട് വ്യത്യസ്ത അഭിപ്രായമുണ്ടെന്നും, എന്നാൽ ഒരു പുതിയ സർക്കാർ എന്ന നിലയിൽ നിലവിൽ അതിലേക്ക് കടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിയാത്മകമായ പ്രതിപക്ഷ ധർമ്മവും മതനിരപേക്ഷത മുറുകെപ്പിടിക്കുകയെന്ന കടമയുമാണ് തങ്ങൾ ഇവിടെ നിർവ്വഹിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തിന്റെ ആദ്യ ഈരടികൾക്കു പുറമെ ഗാനം മുഴുവനായും പാടിയത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയെന്ന ആശയത്തിനെതിരാണ് എന്ന നിലപാട് ഞങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ ഇപ്പോൾ നടത്തിയ പത്രസമ്മേളനത്തിൽ ഞങ്ങൾ ഉയർത്തിയ നിലപാട് ശരി വച്ചിരിക്കുകയാണ്. യഥാർത്ഥ മതവിശ്വാസികൾ ഉൾപ്പെടെ ആഗ്രഹിക്കുന്ന മതനിരപേക്ഷ നിലപാടുയർത്തിയതിന് ബിജെപിയുടെ നേതൃത്വത്തിൽ ഒട്ടേറെ വ്യക്തി അധിക്ഷേപങ്ങളും കോലം കത്തിക്കലുകളും ഉൾപ്പെടെ നേരിടേണ്ടി വന്നു.

ഞങ്ങൾ ഉയർത്തിയ വിമർശനം ശരിയായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ക്രിയാത്മക പ്രതിപക്ഷ ധർമ്മവും മതനിരപേക്ഷത മുറുകെപ്പിടിക്കുക എന്ന കടമയും ഇവിടെ നിർവ്വഹിക്കപ്പെട്ടിരിക്കുകയാണ്.

വന്ദേമാതരം പൂർണമായും ആലപിക്കുമെന്ന കാര്യം അറിഞ്ഞിരുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും പുതിയ സർക്കാർ എന്ന നിലയിൽ അതിപ്പോൾ ഉന്നയിക്കുന്നില്ല.

കോലമല്ല സ്വശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടിൽ നിന്ന് പിറകോട്ട് പോകുന്നവരല്ല ഞങ്ങൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerVande MataramUDFPA Muhammad RiyasVD Satheesan
News Summary - Vande Matara controversy: The Chief Minister confirmed the position we raised - PA Muhammad Riyaz
Next Story