വന്ദേഭാരതിന്‍റെ ശുചിമുറിയിൽ യാത്ര; യുവാവ് റിമാൻഡിൽ
text_fieldsRepresentational Image
ഷൊർണൂർ: വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റില്ലാതെ കയറി ശുചിമുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടി ആശങ്ക പരത്തിയ സംഭവത്തിൽ യുവാവ് റിമാൻഡിൽ. കാസർകോട് ഉപ്പള മംഗൾപടി തിമ്പാര വീട്ടിൽ ശരൺ ഷെട്ടിയെയാണ് (26) ഒറ്റപ്പാലം കോടതി റിമാൻഡ് ചെയ്തത്.
പൊലീസ് പിടികൂടിയപ്പോൾ മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് ഇയാൾ പറഞ്ഞത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിൽ കാസർകോട്ടുനിന്നാണ് ഇയാൾ കയറിയത്. കയറിയ ഉടൻ ശുചി മുറിയിൽ കയറി വാതിലടക്കുകയായിരുന്നു.
ആർ.പി.എഫും റെയിൽവേ പൊലീസും വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 5.30ഓടെ ഷൊർണൂർ സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിനിലെ ശുചിമുറിയുടെ പൂട്ടിന്റെ ഭാഗം പൊളിച്ചാണ് വാതിൽ തുറന്നത്.
ഇയാൾ വാതിൽ അകത്തുനിന്ന് കയറിട്ട് കെട്ടുകയും ചെയ്തിരുന്നു. ഇയാൾ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന സ്വഭാവക്കാരനാണ്. സമാന രീതിയിലുള്ള കേസുകൾ മുമ്പും ഉണ്ടായിട്ടുണ്ട്.
ആരോ മർദിക്കാൻ വന്നപ്പോൾ പ്രാണരക്ഷാർഥം ഓടിക്കയറി വാതിലടച്ചതാണെന്നാണ് ഇയാൾ ആദ്യം മൊഴി നൽകിയത്. ട്രെയിനിൽ നാശനഷ്ടമുണ്ടാക്കിയതിനും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനുമാണ് കേസെടുത്തതെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

