കേരളത്തിലെ വന്ദേഭാരത് സൂപ്പർ ഹിറ്റ്, ഒക്യുപെൻസി നിരക്ക് 177.45 ശതമാനം
text_fieldsതിരുവനന്തപുരം: ദക്ഷിണ റെയിൽേവയുടെ കീഴിലുള്ള മൂന്ന് വന്ദേ ഭാരത് ട്രെയിനുകളിൽ സീറ്റും യാത്രക്കാരും തമ്മിലുള്ള അനുപാത നിരക്കിൽ (ഒക്യുപെൻസി) മുന്നിൽ നിൽക്കുന്നത് കേരളത്തിലെ ആദ്യ ട്രെയിൻ. മൂന്ന് ട്രെയിനും സർവിസ് നടത്തുന്നത് നിറയെ യാത്രക്കാരുമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് ട്രെയിനായ ചെന്നൈ സെൻട്രൽ-മൈസൂരു, ചെന്നൈ-കോയമ്പത്തൂർ, തിരുവനന്തപുരം-കാസർകോട് ട്രെയിനുകൾ ഹിറ്റാണെന്നാണ് സതേൺ റെയിൽേവ വാർത്തക്കുറിപ്പിൽ വ്യക്തമാക്കിയത്. മൂന്നിനും എല്ലാ സ്റ്റേഷനിലും മികച്ച പ്രതികരണമുണ്ട്.
തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിനാണ് (20634/20633) ദക്ഷിണ റെയിൽവേയുടെ ഏറ്റവും മികച്ച ഒക്യുപെൻസി നിരക്ക്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേ ഭാരതിന്റെ ഒക്യുപെൻസി നിരക്ക് 171.76 ശതമാനവും കാസർകോട് നിന്നുള്ളതിേന്‍റത് 177.45 ശതമാനവുമാണ്. ചെന്നൈ സെൻട്രലിൽനിന്ന് ബംഗളൂരു വഴി മൈസൂരുവിലേക്ക് പോകുന്ന ട്രെയിനിന് 130.48 ശതമാനവും മൈസൂരുവിൽനിന്ന് തിരിച്ചുള്ള ട്രെയിനിന് 112.99 ശതമാനവുമാണ് ഒക്യുപെൻസി നിരക്ക്.
ചെന്നൈ സെൻട്രലിൽനിന്ന് സേലം, ഈറോഡ്, തിരുപ്പൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെ കോയമ്പത്തൂർക്കുള്ള ട്രെയിനിന് ഒക്യുപെൻസി നിരക്ക് 108.23 ശതമാനമാണ്. കോയമ്പത്തൂരിൽനിന്ന് ചെന്നൈ സെൻട്രലിലേക്ക് പോകുന്ന വന്ദേഭാരതിന്റെ ഒക്യുപെൻസി നിരക്ക് 104.60 ശതമാനം. കേരളത്തിലെ യാത്രക്കാരുടെ എണ്ണം കൂടി പരിഗണിച്ചാണ് രണ്ടാം വന്ദേ ഭാരത് അനുവദിച്ചത്.