വന്ദേഭാരത് എക്സ്പ്രസിന്‍റെ രണ്ടാം ട്രയൽ റൺ തുടങ്ങി; ഞായറാഴ്ച ഫ്ലാഗ് ഓഫ്
text_fieldsതിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്‍റെ രണ്ടാം ട്രയൽ റൺ തുടങ്ങി. രാവിലെ ഏഴ് മണിക്ക് കാസർകോട് സ്റ്റേഷനിൽ നിന്ന് ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. വൈകീട്ട് മൂന്നിന് തിരുവനന്തപുരത്ത് എത്തുന്ന വിധമാണ് സമയക്രമം.
ഇന്നലെ തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്കുള്ള വന്ദേഭാരത് ട്രെയിന്‍റെ ആദ്യ ട്രയൽ റൺ വിജയകരമായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 4.05നാണ് ട്രയൽ ആരംഭിച്ചത്. ഏഴര മണിക്കൂർ കൊണ്ട് ട്രെയിൻ കാസർകോട് സ്റ്റേഷനിൽ എത്തി.
ഞായറാഴ്ച ഉച്ചക്ക് 12.30ന് കാസർകോടാണ് ഫ്ലാഗ് ഓഫ്. പ്രധാനമന്ത്രി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. ആദ്യ വന്ദേഭാരതിന് 16 കോച്ചുകളാണെങ്കിൽ ഇതിൽ കോച്ചുകൾ എട്ടുമാത്രം. ഇതിൽ ഒരെണ്ണം എക്സിക്യൂട്ടിവ്. ശേഷിക്കുന്നവ ചെയർ കാർ.
കാവിനിറമുള്ള രണ്ടാം വന്ദേഭാരത് ആലപ്പുഴ വഴിയാണ്. കോട്ടയെത്തക്കാൾ 15 കിലോമീറ്റർ കുറവായതിനാൽ യാത്രാസമയത്തിലും നിരക്കിലും മാറ്റം വരും. ആദ്യ ദിവസം പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ ട്രെയിൻ നിർത്തും.
കാസർകോട് നിന്ന് 7.05ന് പുറപ്പെട്ട് വൈകീട്ട് മൂന്നിന് തിരുവനന്തപുരം എത്തും വിധമാണ് സമയക്രമം. കാസർകോട് നിന്ന് കുറച്ച് കൂടി നേരേത്ത പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരം എത്തുംവിധം സമയം ക്രമീകരിക്കണമെന്ന് ആവശ്യമുണ്ട്.