പെരിന്തൽമണ്ണ: സംസ്ഥാനസർക്കാറിെൻറ ഈ വർഷത്തെ വനമിത്ര പുരസ്കാരത്തിന് ആനമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ഗിരിജ ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. ആനമങ്ങാട് എ.എൽ.പി സ്കൂളിലെ മുൻ അധ്യാപികയും പരിസ്ഥിതിപ്രവർത്തകയുമാണ്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മാർച്ച് 21ന് വനദിനത്തിൽ സമ്മാനിക്കും.
നിരവധി സ്ഥലത്ത് വൃക്ഷത്തൈകളും ഒൗഷധസസ്യങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. സോപാനസംഗീത രംഗത്തെ സ്ത്രീസാന്നിധ്യമായ ഗിരിജ ടീച്ചർക്ക് മികച്ച സോപാനഗായിക എന്ന നിലയിൽ 2017ൽ ഗീതാഗോവിന്ദ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ആകാശവാണിയിലെ ഗ്രേഡഡ് കലാകാരിയാണ്.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആനമങ്ങാട് ഡിവിഷനിൽനിന്നാണ് വിജയിച്ചത്. ലോക്ഡൗൺ കാലത്ത് വീടിനുമുന്നിലുള്ള പാതയോരത്ത് ഒൗഷധസസ്യോദ്യാനവും പുഷ്പോദ്യാനവും ഒരുക്കിയിരുന്നു.