വാമനപ്രഭുവിന്റെ ഓർമകൾക്ക് 60 വർഷത്തിന്റെ തിളക്കം
text_fields‘‘തിരുവനന്തപുരത്താണ് മത്സരം... നാളെ രാവിലെ തയാറായി വരണം.’’ തൃശൂരിലെ കലോത്സവവേദിയിൽ കൊച്ചുമക്കളോടൊപ്പം നിന്നപ്പോൾ 78കാരൻ വൈക്കം കെ. വാമനപ്രഭുവിെൻറ കാതിൽ തെൻറ പഴയ മാഷിെൻറ ശബ്ദം മുഴങ്ങി. ഓർമകൾ 1957ലെ രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലേക്ക് സഞ്ചരിക്കുകയായിരുന്നു. തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്കൂളിൽ വോക്കലിലായിരുന്നു തെൻറ മത്സരം. അന്ന് കൂടെ പങ്കെടുത്ത രണ്ടു പേർ പിൽക്കാലത്ത് ലോകമറിയുന്ന സംഗീതജ്ഞരായി എന്നു പറയുമ്പോൾ വാമനപ്രഭുവിെൻറ മുഖത്ത് അഭിമാനം. അവരാണ് ഇന്ന് ലോകമറിയുന്ന യേശുദാസും പി. ജയചന്ദ്രനും. തനിക്കന്ന് സമ്മാനമൊന്നും നേടാനായില്ല. യേശുദാസും ജയചന്ദ്രനും തന്നെ അന്ന് മുന്നിട്ടുനിന്നു.
ഓർമകളിലേക്കുള്ള ഈ തിരിച്ചുപോക്കിന് ഇന്ന് കാരണമായത് തെൻറ കൊച്ചുമക്കളായ ശ്യാമും ശ്രീഷയുമാണെന്ന് പറയുന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ഹയർ സെക്കൻഡറി വിഭാഗം വയലിനിൽ മത്സരിക്കാനാണ് ശ്യാം എത്തിയത്. ഓർമകളിലേക്കുള്ള മടക്കയാത്ര തെൻറ കൊച്ചുമകെൻറ വിജയത്തിലൂടെയാകുന്നതിൽ അദ്ദേഹം അഭിമാനംകൊണ്ടു. രണ്ടാം സംസ്ഥാന കലോത്സവത്തില്‍ വോക്കലിലും വൃന്ദവാദ്യത്തിലും മാത്രമാണ് വാമനപ്രഭുവിെൻറ സ്കൂളില്‍നിന്ന് മത്സരാര്ഥികളുണ്ടായിരുന്നത്. വൃന്ദവാദ്യത്തില്‍ വൈക്കം ഗോപാലകൃഷ്ണനും വൈക്കം വാസുദേവന്‍ നമ്പൂതിരിയും മത്സരിച്ചത് അദ്ദേഹം ഓര്‍ത്തെടുത്തു.
പ്രായം വർധിച്ചത് മറ്റുള്ളവരുടെ പേര് ഓർത്തെടുക്കുന്നതിൽ വിഷമമുണ്ടാക്കുന്നു. എന്തായാലും ഒന്നു പറയാം... അന്നത്തെ കലോത്സവമല്ല ഇന്ന്. അർഹതയുള്ളവർ മാത്രമായിരുന്നു അക്കാലത്ത് വിജയം നേടിയിരുന്നത്.
ഇന്ന് പല മത്സരങ്ങളും അങ്ങനെയല്ലെന്നത് നമ്മൾ കാണുന്നുണ്ട്. അപ്പീൽ പ്രളയം അതിനുദാഹരണമാണ്. മത്സരബുദ്ധി അതിരുവിട്ട് പ്രകടമാകുന്നതാണ് ഇന്നത്തെ വേദികളെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂള്‍ പഠനത്തിനുശേഷം അന്ന് സംഗീത അക്കാദമിയായിരുന്ന തൃപ്പൂണിത്തുറ ആർ.എൽ.വിയിലാണ് സംഗീത പഠനം നടത്തിയത്. തുടർന്ന് അധ്യാപകനുമായി. പുല്ലുവേലില്‍ ഗവ. യു.പി സ്കൂളില്‍നിന്നാണ് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
