നാടുറങ്ങാതെ കാത്തിരുന്നു, ഉറ്റവരെ ഒരു നോക്ക് കാണാൻ
text_fieldsപാങ്ങ് (മലപ്പുറം): വാൽപാറ വാഹനാപകടത്തിൽ സ്വന്തം നാട്ടുകാർ മരിച്ചെന്ന് അറിഞ്ഞ നിമിഷം മുതൽ മുണ്ടുമുറുക്കിയുടുത്ത് ഇറങ്ങിയ പാങ്ങുകാർരൊന്ന് വിശ്രമിച്ചത്, അവസാന മൃതദേഹവും സംസ്കരിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചതിന് ശേഷം. അക്ഷരാർഥത്തിൽ ഊണും ഉറക്കവും ഇല്ലാത്ത ദിനരാത്രങ്ങളായിരുന്നു ഇന്നാട്ടുകാർക്ക് കഴിഞ്ഞുപോയത്. മരിച്ചവരെയും പരിക്കേറ്റവരെയും പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി എന്ന വിവരം ലഭിച്ചപ്പോൾ യുവാക്കളും പൊതുപ്രവർത്തകരുമടങ്ങുന്ന സംഘം കിട്ടിയ വാഹനത്തിൽ കയറി അവിടേക്ക് കുതിച്ചു. പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂൾ പരിസരത്ത് തടിച്ചുകൂടിയ നാട്ടുകാരാണ് പൊലീസിനും മാധ‍്യമങ്ങൾക്കും അപകടത്തിൽപെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കാൻ സൗകര്യമൊരുക്കിയും ആംബുലൻസുകൾക്ക് വഴിയൊരുക്കിയും മരണവീടുകളിൽ വേണ്ട ഏർപ്പാടുകൾ ചെയ്തും ഒരു നാടൊന്നാകെ ഉണർന്നു പ്രവർത്തിച്ചു.
ഉറക്കമില്ലാത്ത രാത്രി
പ്രിയപ്പെട്ടവരുടെ മരണവാർത്ത അറിഞ്ഞത് മുതൽ ഒരു നാടൊന്നാകെ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഒരു സംഘം പൊള്ളാച്ചിയിലേക്ക് തിരിച്ചപ്പോൾ മറ്റുള്ളവർ നാട്ടിൽ വേണ്ട ഏർപ്പാടുകൾ ഒരുക്കാൻ മുന്നിൽ നിന്നു. ഉറ്റവരെ നഷ്ടപ്പെട്ട വീടുകളിൽ ആശ്വാസവാക്കുകളുമായി അവർ ഓടിയെത്തി.
പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിൽ ഒമ്പത് പേരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കാൻ സൗകര്യമുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അമ്പലപ്പറമ്പിലെ പാങ്ങ് ജി.എച്ച്.എസ്.എസിനെക്കുറിച്ച് ചിന്തിച്ചത്. കഴിഞ്ഞ വർഷം മങ്കട ഉപജില്ല സ്കൂൾ കലോത്സവത്തിന് വേദിയായ പാങ്ങ് ജി.എച്ച്.എസ്.എസിൽ വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാനാകുമെന്ന് സ്കൂൾ അധികൃതരും പി.ടി.എ ഭാരവാഹികളും അറിയിച്ചതോടെ തീരുമാനമെടുക്കാൻ ഒരു നിമിഷം പോലും വൈകിയില്ല. പൊതുദർശനത്തിനായി സ്കൂൾ പരിസരവും സ്റ്റേജും ഒരുക്കാൻ പന്തൽ പണിക്കാർക്കൊപ്പം നാട്ടുകാരും കൂടി. സമയം പാതിരാത്രി പിന്നിട്ടെങ്കിലും എന്തിനും സന്നദ്ധരായി നാട്ടുകാർ സ്കൂളിലും പരിസരത്തുമായി നിലയുറപ്പിച്ചു.
ഉണർന്ന് പ്രവർത്തിച്ച് കേരള-തമിഴ്നാട് അധികൃതർ
വെള്ളിയാഴ്ച വൈകീട്ട് അപകടവാര്‍ത്ത പുറത്തുവന്ന ഉടൻ മലപ്പുറം കലക്ടര്‍, കോയമ്പത്തൂര്‍ കലക്ടറുമായി ബന്ധപ്പെട്ട് അപകടത്തിൽപെട്ടവര്‍ക്ക് അടിയന്തര സഹായങ്ങള്‍ ഉറപ്പാക്കി. മലപ്പുറത്തുനിന്ന് പെരിന്തല്‍മണ്ണ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പൊള്ളാച്ചിയിലെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പാലക്കാട്ടുനിന്ന് എ.ഡി.എം, റവന്യൂ ഉദ്യോഗസ്ഥര്‍, പൊലീസ്, മെഡിക്കല്‍ ടീം എന്നിവരടങ്ങുന്ന സംഘവും ദൗത്യത്തില്‍ പങ്കുചേര്‍ന്നു.
തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരും ഉണർന്നു പ്രവർത്തിച്ചു. മരിച്ചവരുടെ പോസ്റ്റ്മോർട്ടം വൈകുമോയെന്ന് പലരും ആശങ്ക പ്രകടിപ്പിച്ചെങ്കിലും തമിഴ്നാട് സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചതോടെ വെള്ളിയാഴ്ച രാത്രി 12.30ന് പൊള്ളാച്ചി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. പുലർച്ചെയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി പൊലീസ് അകമ്പടിയോടെ തമിഴ്നാട് ആരോഗ്യവകുപ്പിന്‍റെ ആംബുലൻസുകളിൽ മൃതദേഹങ്ങൾ ശനിയാഴ്ച രാവിലെ 9.15ന് പാങ്ങ് ജി.എച്ച്.എസ്.എസിൽ എത്തിച്ചു.
നാടൊഴുകിയെത്തിയപ്പോൾ
ശനിയാഴ്ച അതിരാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പാങ്ങിലേക്ക് ജനമൊഴുകി. സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെ ആയിരങ്ങളാണ് കേരളം ഞെട്ടിയ ദുരന്തത്തിലെ ഇരകളെ കാണാൻ പാങ്ങ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്തിയത്. ഗതാഗത ക്രമീകരണ ഭാഗമായി ചേണ്ടി ജങ്ഷനിൽ പൊലീസ് വാഹനങ്ങൾ തടഞ്ഞപ്പോൾ ആളുകൾ അവിടെ ഇറങ്ങി ഒരു കിലോമീറ്ററോളം അപ്പുറത്തുള്ള സ്കൂളിലേക്ക് നടന്നു. മൃതദേഹങ്ങളുമായി ആംബുലൻസുകൾ കടന്നുവരുമ്പോൾ സമീപത്തെ ക്ഷേത്രത്തോട് ചേർന്ന വയലിലൂടെ നൂറുകണക്കിനാളുകൾ അമ്പലപ്പറമ്പ് സ്കൂളിലേക്ക് നടന്നുവരുന്നുണ്ടായിരുന്നു.
സ്കൂൾ ഗ്രൗണ്ടിൽ വളന്‍റിയർമാരുടെ അറിയിപ്പുകൾ അച്ചടക്കമുള്ള കുട്ടികളെപ്പോലെ അവർ അനുസരിച്ചു. മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ പൊള്ളുന്ന വേനൽച്ചൂടിനെ വകവെക്കാതെ മണിക്കൂറുകൾ വരിനിന്നു. അപ്പോഴും നൂറുകണക്കിനാളുകൾ സ്കൂൾ കവാടം കടന്നുവരുന്നുണ്ടായിരുന്നു. പൊതുദർശനം കഴിഞ്ഞ് 10.30ഓടെ മൃതദേഹങ്ങൾ വീടുകളിലേക്ക്...
കൈമെയ് മറന്ന് സന്നദ്ധ ഘടനകളും വളന്‍റിയർമാരും
മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച അമ്പലപ്പറമ്പ് സ്കൂളിൽ ആളുകളെ നിയന്ത്രിച്ചും ആംബുലൻസുകൾക്ക് വഴിയൊരുക്കിയും സന്നദ്ധ സംഘടനകളും വളന്‍റിയർമാരും കൈമെയ് മറന്ന് പ്രവർത്തിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹിക-മത സംഘടനകളുടെ ആഭിമുഖ‍്യത്തിലുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തകരും പ്രദേശവാസികളായ വളന്‍റിയർമാരും അമ്പലപ്പറമ്പ് സ്കൂളിലെ എൻ.എസ്.എസ് വളന്‍റിയർമാരുമാണ് അധികൃതർക്ക് തുണയായും ഉറ്റവരുടെ വേർപ്പാടിൽ തളർന്നുപോയവരെ ആശ്വസിപ്പിച്ച് കരുണയുടെ തണലൊരുക്കിയതും.
സ്കൂളല്ലല്ലോ, അത് ഒരു കുടുംബമല്ലേ...
‘‘അവിടെ ടീച്ചർമാരും കുട്ട്യോളുമില്ലല്ലോ, ഓലൊരു കുടുംബം പോലല്ലേ...’’ പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിനെക്കുറിച്ച് നാട്ടുകാർക്ക് മറിച്ചൊരു അഭിപ്രായമില്ല. അധ്യാപക-വിദ്യാർഥി-രാക്ഷാകർതൃ വ്യത്യാസങ്ങളേതുമില്ലാതെയാണ് പതിറ്റാണ്ടുകളായി ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഓരോ വിദ്യാർഥിയുടെയും മാതാപിതാക്കൾ അധ്യാപകരുടെ ഉറ്റ സുഹൃത്തുക്കൾ കൂടിയാണ്. സ്കൂളിലെ ജീവനക്കാർക്കിടയിലും അധ്യാപക-അനധ്യാപക വേർതിരിവുകളില്ല. അവരുടെ യാത്ര തന്നെയാണ് അതിന്‍റെ ഏറ്റവും വലിയ തെളിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

