വാൽപാറ വാഹനാപകടം; ഹിഷാം യാത്രയായത് ക്ലാസ് ടോപ്പർ റിപ്പോർട്ട് കാണാതെ
text_fieldsപാങ്ങ് (മലപ്പുറം): വാൽപാറ വാഹനാപകടത്തിൽ മരിച്ച മുഹമ്മദ് ഹിഷാം മടങ്ങിയത് ക്ലാസ് ടോപ്പറായ പ്രോഗ്രസ് റിപ്പോർട്ട് കാണാതെ. ഹിഷാമിന്റെ പ്രോഗ്രസ് റിപ്പോർട്ടിൽ ഒപ്പിടാൻ നിൽക്കാതെ ഉമ്മ സുഹ്റയും വിടപറഞ്ഞു. എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ 300ൽ 207 മാർക്കോടെ ആൺകുട്ടികളിലെ ടോപ്പറാണ് ഹിഷാം. ഗണിതത്തിൽ 40ൽ 39ഉം അറബിയിൽ 40ൽ 40ഉം മാർക്കോടെ തിളക്കമുള്ള വിജയമാണ് ഹിഷാമിന്റേത്.
ഓണപ്പരീക്ഷ മുതൽ എല്ലാ പരീക്ഷകളിലും ഒന്നാമതായ വിദ്യാർഥിയുടെ പ്രോഗ്രസ് റിപ്പോർട്ട് തയറാക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെ അവന്റെ മരണ വാർത്ത കേട്ട ഞെട്ടലിൽനിന്ന് ഇനിയും ശ്രീല ടീച്ചർ മുക്തയായിട്ടില്ല. അപകടത്തിൽ മരിച്ചവരുടെ പട്ടികയിൽ ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹിഷാമിന്റെ പേര് കൂടി വന്നത് ബന്ധുക്കളെയും നാട്ടുകാരെയും പോലെ അധ്യാപകരെയും സഹപാഠികളെയും കണ്ണീരിലാഴ്ത്തി.
സ്കൂളിലെ ഇംഗ്ലീഷ് മീഡിയം വിഭാഗത്തിൽ എട്ട് എ ക്ലാസിൽ ‘‘നമ്പർ 32, മുഹമ്മദ് ഹിഷാം എ’’ എന്ന് താൻ ഹാജർ വിളിക്കുമ്പോൾ ചിരിച്ച മുഖത്തോടെ സൗമ്യനായി ‘‘പ്രസന്റ് മിസ്’’ എന്ന് പറയുന്ന അവന്റെ മുഖം മനസ്സിൽനിന്ന് മായില്ലെന്ന് ഹിഷാമിന്റെ ക്ലാസ് അധ്യാപിക ശ്രീല നായർ കണ്ണീരോടെ പറയുന്നു. ക്ലാസിലെ എല്ലാ കുട്ടികളോടും ഒരുപോലെ സൗഹൃദം പുലർത്തിയ കുട്ടിയായിരുന്നു ഹിഷാമെന്ന് ശ്രീല ഓർക്കുന്നു.
ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി സ്കൂൾ മുതൽ കൂടെയുണ്ടായിരുന്നവരാണ് എട്ടാം ക്ലാസിലും ഹിഷാമിന്റെ സഹപാഠികൾ. പ്രിയപ്പെട്ട ചങ്ക് ബ്രോയുടെ ചലനമറ്റ ശരീരം അവസാനമായി ഒരു നോക്ക് കാണാൻ കൂട്ടുകാർ രാവിലെ ഏഴു മുതൽ പാങ്ങ് ജി.എച്ച്.എസ്.എസിൽ കാത്തിരുന്നു. ഒമ്പതോടെ ഹിഷാമിനെയും വഹിച്ച് ആംബുലൻസുകൾ സ്കൂൾ മുറ്റത്തെത്തിയപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു. ഹിഷാമിന്റെ സൗമ്യമുഖം അവസാനമായി കണ്ടപ്പോൾ അവർ ഉറക്കെ കരഞ്ഞു, ചങ്കുപൊട്ടി. കൂടെയുണ്ടായിരുന്ന ഹിഷാമിന്റെ പ്രിയപ്പെട്ട അധ്യാപകർക്കും കരച്ചിലടക്കാനായില്ല. മൃതദേഹങ്ങൾ കാണാൻ അധ്യാപകർക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട് എന്നറിയാതെ രാവിലെ 10 വരെ വെയിലത്ത് വരിനിന്നാണ് ക്ലാസ് ടീച്ചർ ശ്രീല നായർ ഉൾപ്പെടെയുള്ളവർ പ്രിയ ശിഷ്യനെ അവസാനമായി കണ്ടത്.
പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഫുട്ബാളിലുമെല്ലാം മിടുക്കനായ ഹിഷാമിന്റെ വേർപാട് ബന്ധുക്കൾക്കെന്ന പോലെ സ്കൂളിനും നഷ്ടമാണെന്ന് അധ്യാപകർ പറയുന്നു. ക്ലാസിൽ അച്ചടക്കത്തോടെ സൗമ്യനായി ഇരിക്കുന്ന, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ഓമനത്തമുള്ള ആ മുഖം തങ്ങളുടെ മനസ്സിൽനിന്ന് മായ്ക്കാൻ ഒരു വിധിക്കും സാധിക്കില്ലെന്ന് അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

