തിരുവനന്തപുരം: കണ്ണീരിൽ നിറഞ്ഞത് നീതിനിഷേധത്തിനെതിരായ പ്രതിഷേധച്ചൂര്. മരിച്ചാലും വേണ്ടില്ല, നീതി കിട്ടും വരെ പോരാടുമെന്നും ഇനിയൊരമ്മക്കും ഇതുപോലെ തെരുവിലിരുന്ന് കരയേണ്ട സ്ഥിതി വരരുതെന്നും വാളയാറിലെ പെൺകുട്ടികളുടെ മാതാവ്. മക്കൾക്ക് നീതിതേടി കണ്ണീരും രോഷവും ഇടകലർന്നുള്ള മാതാപിതാക്കളുടെ പ്രതിഷേധത്തിന് സെക്രേട്ടറിയറ്റ് നടയാണ് വേദിയായത്. 56 ദിവസത്തിനിടെ രണ്ട് കുഞ്ഞുങ്ങളാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് മാതാവ് കണ്ണീരോടെ പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിെൻറ കോപ്പിക്കായി പലവട്ടം പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും മടക്കിയയച്ചു. മൂത്തകുട്ടി മരിച്ച ദിവസം രണ്ടുപേർ ഒാടിേപ്പാകുന്നത് കണ്ടതായി ഇളയമകൾ തെൻറ മടിയിലിരുന്നാണ് പൊലീസിനോട് പറഞ്ഞത്. ആരും അത് വിലയ്ക്കെടുത്തില്ല. അന്നത് കേൾക്കുകയോ സമയത്ത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടുകേയാ ചെയ്തിരുന്നെങ്കിൽ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെടില്ലായിരുന്നു. രണ്ട് കുഞ്ഞുങ്ങളുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരുമിച്ചാണ് ലഭിച്ചത്. പ്രതികൾക്ക് മുഴുവൻ രക്ഷപ്പെടാൻ അവസരമൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥനാണ് സ്ഥാനക്കയറ്റം കൊടുത്തത്. മുഖ്യമന്ത്രിയെ നേരിൽ കണ്ടപ്പോൾ പ്രതികളെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കുടുംബത്തോടൊപ്പമാണെന്നും ഉറപ്പുനൽകിയിരുന്നു. പ്രതികളെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുന്നതുവരെ മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വാസമുണ്ടായിരുന്നു. സ്ഥാനക്കയറ്റത്തോടെയാണ് വഞ്ചിക്കപ്പെട്ട വിവരം ബോധ്യമായതെന്നും അവർ പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമരത്തിന് െഎക്യദാർഢ്യമർപ്പിച്ചു. സത്യഗ്രഹം കെ.എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മാതാപിതാക്കൾ പിന്നീട് ഗവർണറെ നേരിൽ കണ്ട് നിവേദനം നൽകി.