തുടർ പഠനത്തിന് അവസരമൊരുക്കണമെന്ന് വളാഞ്ചേരി മർകസ് വിദ്യാർഥിനികൾ
text_fieldsമലപ്പുറം: വളാഞ്ചേരി മർകസ് കോളജിലെ വഫിയ്യ, വാഫി കോഴ്സുകൾ പഠിക്കുന്നവർക്ക് തുടർപഠനത്തിന് അവസരമൊരുക്കണമെന്ന് വിദ്യാർഥിനികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ മർകസിലെ വഫിയ്യ, വാഫി കോഴ്സുകൾ നിർത്തലാക്കിയത് 130 വിദ്യാർഥിനികളുടെ ഭാവി ഇല്ലാതാക്കുന്ന നടപടിയാണെന്നും അവകാശ ലംഘനമാണെന്നും വിദ്യാർഥിനികൾ പറഞ്ഞു. സ്ഥാപനം ആവശ്യപ്പെട്ട ഫീസ് നൽകിയാണ് പഠനം ആരംഭിച്ചത്. കോഴ്സ് പൂർണമായിട്ടില്ലെങ്കിൽ നഷ്ടപരിഹാരം നൽകുമെന്ന നിബന്ധനയോടെയാണ് പ്രവേശനം നേടിയത്. കോഴ്സുമായി ബന്ധപ്പെട്ട് കോടതിയിൽ നിയമനടപടി പുരോഗമിക്കുന്നതിനിടെയാണ് പൊലീസെത്തി വിദ്യാർഥിനികളെ കോളജിൽനിന്ന് പുറത്താക്കിയത്. അധികൃതരുടെ ഏകാധിപത്യ നിലപാടാണ് പ്രശ്നത്തിന് കാരണമെന്ന് വിദ്യാർഥിനികൾ ആരോപിച്ചു. നീതിക്കുവേണ്ടി ശബ്ദിക്കുന്ന വിദ്യാർഥിനികളെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ എം. സിദ്റത്തുൽ മുൻതഹ, എൻ.എം. ഫാത്തിമ നിദ, കെ.വി. ഷറിൻ, ബി. സാലിഹ ജെബിൻ, പി. സഫ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

