വിടപറഞ്ഞത് കേരളം കണ്ട മികച്ച സ്പീക്കർ
text_fieldsകോഴിക്കോട്: വക്കം പുരുഷോത്തമന്‍റെ നിര്യാണത്തോടെ വിടപറയുന്നത് കേരളം കണ്ട മികച്ച സ്പീക്കറും ഭരണാധികാരിയുമായ നേതാവാണ്. 1946-ൽ സ്റ്റുഡൻറ്സ് കോൺഗ്രസ് എന്ന വിദ്യാർഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ൽ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. 1967ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിട്ടാണ് കോൺഗ്രസിലേക്ക് കടന്നുവന്നത്. അന്ന് സി.പി.എമ്മിലെ കെ.പി കോസല രാമദാസിനോട് പരാജയപ്പെട്ടു.
തിരുവനന്തപുരം ബാറിലെ തിരക്കുള്ള ക്രിമിനൽ അഭിഭാഷകനായിരുന്ന വക്കത്തിനെ മുൻ മുഖ്യമന്ത്രി ആർ. ശങ്കരാണ് കോൺഗ്രസിലേക്ക് കൊണ്ടുവന്നത്. കോൺഗ്രസിൽ സജീവമാകുന്നത് യൂത്ത് കോൺഗ്രസിന്‍റെ പരിപാടികളിലൂടെയാണ്. ജില്ലയിൽ യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ ധാരാളം പൊതുയോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. മാർക്സിസ്റ്റ് ഭരണത്തിനെതിരെയുള്ള സമരങ്ങളിലും പ്രചാരണങ്ങളിലും മുൻപന്തിയിൽ വക്കമുണ്ടായിരുന്നു. തുടർന്നാണ് തിരുവനന്തപുരം ഡി.സി.സി സെക്രട്ടറിയായത്. വക്കം പുരുഷോത്തമനും അമരവിള കൃഷ്ണൻ നായരും തമ്മിലായിരുന്നു മത്സരം. ഡി.സി.സിക്ക് പുതുജീവൻ നൽകാൻ വക്കത്തിന് കഴിഞ്ഞു.
1970ലെ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുത്തു. സി.പി.എം നേതാവായിരുന്ന കാട്ടായിക്കോമം ശ്രധറിനെയാണ് തോൽപ്പിച്ചത്. വക്കം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് അന്ന് വിജയം നേടിയത്. 1970 മന്ത്രിസഭയിൽ ആണ് വക്കം ആദ്യമായി മന്ത്രിയാകുന്നത്. 1977, 1980,1982, 2002 വർഷങ്ങളിലും ആറ്റിങ്ങൽ നിന്ന് വിജയിച്ചു.
ജനാധിപത്യ സംവിധാനത്തിൽ പല മന്ത്രിമാരും ഉദ്യോഗസ്ഥന്മാരുടെ വാക്കുകേൾക്കുന്നവരാണ്. അതിനൊരു അപവാദമായിരുന്നു വക്കം. ഉദ്യോഗസ്ഥരെ നിലക്ക് നിർത്തിയാണ് വക്കം കൃഷി- തൊഴിൽ നിയമ വകുപ്പുകൾ കൈകാര്യം ചെയ്തത്. തന്‍റെ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞു. വകുപ്പുകളിൽ മികച്ച ഭരണം കാഴ്ചവച്ചു. പിന്നീട് 1980ലാണ് വക്കം വീണ്ടും മന്ത്രിയാകുന്നത്. അന്ന് ആരോഗ്യ-ടൂറിസം മന്ത്രിയായിരുന്നു. ആ വകുപ്പുകളിലും വലിയ മാറ്റങ്ങളും പരിഷ്കാരങ്ങളും വരുത്തിയ വക്കം പരിചയസമ്പത്തിന്‍റെ പശ്ചാത്തലത്തിൽ ഏറ്റവും നല്ല മന്ത്രി എന്ന സൽപേര് നേടിയെടുത്തു.
എന്നാൽ, മികച്ച സ്പീക്കർ എന്ന നിലയിലാണ് അദ്ദേഹം നിയമസഭയിൽ ഏറെ തിളങ്ങിയത്. 1982-84 കാലത്തും പിന്നീട് 2001-2004ലും സ്പീക്കർ സ്ഥാനം വഹിച്ചു. നിയമസഭ എങ്ങനെ സമയബന്ധിതമായി നടത്താമെന്ന് വക്കം തെളിയിച്ചു. അച്ചടക്കമുള്ള നിയമസഭയായിരുന്നു അദ്ദേഹത്തിന്‍റെ കാലത്തേത്. ഭരണ- പ്രതിപക്ഷം എന്ന ഭേദമില്ലാതെ എം.എൽ.എമാരെ നിയന്ത്രിച്ചു.
ലോകസഭാ തിരഞ്ഞെടുപ്പിൽ വക്കത്തിനെ ആലപ്പുഴ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ തീരുമാനിച്ചു. വക്കം സ്പീക്കർ സ്ഥാനം രാജിവച്ചു 1984 ൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പിന്നീട് 1989-1991കാലത്തും ലോകസഭാംഗമായി.
പിന്നീട് മൂന്ന് തവണ ഗവർണർ പദവികളിലെത്തി. 1993-96 കാലത്ത് ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപസമൂഹത്തിന്റെ ലഫ്റ്റനൻറ് ഗവർണർ ആയി. 2011 മുതൽ 2014 വരെ മിസോറാം ഗവർണർ ആയിരുന്നു. 2014 ജൂൺ 30 മുൽ ജൂലൈ 14 വരെ ത്രിപുര ഗവർണറുടെ അദിക ചുമതലയും വഹിച്ചു. ഒരു ഗവർണർക്ക് എങ്ങനെ ജനകീയനാകാൻ കഴിയുമെന്ന് വക്കം പുരുഷോത്തമൻ തെളിയിച്ചു. ആൻഡമാൻ നിക്കോബാർ ഗവർണറായിരുന്ന കാലത്ത് ദിവസവും രാവിലെ ജനങ്ങളുടെ പരാതി കേട്ട് പരിഹാരം കണ്ടെത്തുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

