Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വദേശാഭിമാനി വക്കം...

സ്വദേശാഭിമാനി വക്കം മൗലവി; മാധ്യമ ലോകം മറന്ന പേര് !

text_fields
bookmark_border
സ്വദേശാഭിമാനി വക്കം മൗലവി; മാധ്യമ ലോകം മറന്ന പേര് !
cancel

ചരിത്രത്തിന്‍റെ ബാലപാഠങ്ങളിലൂടെ കടന്ന് പോയ ഏതൊരാൾക്കും സ്വദേശാഭിമാനി എന്ന് കേൾക്കുമ്പോൾ മനസ്സിലോടിയെത്തുക കെ. രാമകൃഷ്ണപിള്ള എന്ന പത്രാധിപരായിരിക്കും. "ധീരമായ പത്രപ്രവർത്തന"ത്തിന്‍റെ പേരിൽ നാട് കടത്തപ്പെട്ട വ്യക്തിയായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. മലയാള മാധ്യമ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടെന്ന് ചരിത്രം വാഴ്ത്തിയ അദ്ദേഹത്തിന്‍റെ പേര് മാത്രമായിരിക്കുമെന്ന് പറയുന്നതാകും കൂടുതൽ ശരി. എന്നാൽ, അതിനും ഒരുപാട് മുകളിൽ നിൽക്കുന്ന, അതേസമയം ചരിത്രം സൗകര്യപൂർവ്വം വിസ്മരിച്ച മറ്റൊരു പേരുമുണ്ടെന്നത് മാധ്യമ വിദ്യാർഥികൾക്ക് പോലുമറിയില്ല എന്നതാണ് സത്യം. മൂന്ന് പത്രങ്ങളുടെ പത്രാധിപർ, കെ. രാമകൃഷ്ണപിള്ള എന്ന പത്രപ്രവർത്തകനെ സ്വദേശാഭിമാനിയാക്കി മാറ്റിയ അതേ പേരിലുള്ള പത്രത്തിന്‍റെ ഉടമ, കേരള നവോത്ഥാനത്തിന്‍റെ പുസ്തകപ്പുരയിൽ സാമൂഹ്യ പരിഷ്കർത്താവ് എന്ന പട്ടത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടി വന്ന വക്കം അബ്ദുൽ ഖാദർ മൗലവിയാണ് മാധ്യമ ലോകവും കേരള ചരിത്രവും മറന്ന ആ പേര്. വക്കം മൗലവിയുടെ 146-ാം ജന്മദിനമാണ് ഇന്ന് (2019 ഡിസംബർ 28).

ദിവാൻ പി. രാജഗോപാലാചാരിയെ നിശിതമായി വിമർശിച്ചതിനാണ് രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് പുറത്താക്കിയതെങ്കിൽ ലാഭമെന്ന ചിന്തക്കപ്പുറം നേര് പറയുന്ന പത്രമിറക്കാനുള്ള ആഗ്രഹമായിരുന്നു മൗലവി ചെയ്ത തെറ്റ്. തിരുവനന്തപുരം നഗരത്തിന്‍റെ കണ്ണായ പ്രദേശങ്ങൾ ഏക്കറിന് നൂറ് രൂപ വിലയുണ്ടായിരുന്ന കാലത്ത് 12000 രൂപ മുടക്കി ലണ്ടനിൽ നിന്ന് വരുത്തിയ ഏറ്റവും അത്യാധുനികമായിരുന്ന പ്രസും പത്രവുമായിരുന്നു രാജഭ്രഷ്ടിനെ തുടർന്ന് അദ്ദേഹത്തിന് നഷ്ടമായത്. ലേഖനങ്ങളുടെ ഉത്തരവാദിത്വം പത്രാധിപർക്ക് മാത്രമായിരുന്നുവെന്നും തനിക്കതിൽ യാതൊരു അറിവുമില്ല എന്നുമെഴുതി മാപ്പപേക്ഷിച്ചിരുന്നെങ്കിൽ അവ തിരികെ ലഭിക്കുമെന്നിരിക്കെ "എന്‍റെ പത്രാധിപരില്ലാതെ എനിക്കെന്തിനാണ് പത്രവും അച്ച് കൂടവും?" എന്നായിരുന്നു മൗലവി ചോദിച്ചത്. പത്രാധിപരുടെ നിയമ വിദ്യാഭ്യാസത്തിന് വേണ്ടി വക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പ്രസ് മാറ്റി സ്ഥാപിക്കുകയും അച്ചടിക്കുന്നവക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുകയും പത്രത്തിന്‍റെ വരുമാനത്തിൽ നിന്ന് രാമകൃഷ്ണപിള്ളക്ക് തുല്യ പങ്കാളിത്തം നൽകുകയും ചെയ്ത പത്ര ഉടമയായിരുന്നു മൗലവി.

അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ സേവനം ആദ്യമായി ഉപയോഗപ്പെടുത്തിയ മലയാള പത്രമായിരുന്നു സ്വദേശാഭിമാനി. ദിനപത്രം എന്ന രീതിയിൽ അച്ചടിച്ച ആദ്യ പത്രവും അത് തന്നെയായിരുന്നു. പിറവി കൊള്ളും മുമ്പെ സമൂഹത്തിലെ ബുദ്ധിജീവികളും ചിന്തകരും നവോഥാന നായകരുമെല്ലാം വരിക്കാരായി മാറിയ അപൂർവ്വ ബഹുമതിയും സ്വദേശാഭിമാനിക്കുണ്ടായിരുന്നു. പ്രസിദ്ധീകരണം നിലച്ചില്ലായിരുന്നെങ്കിൽ ഇന്ന് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്ക് പ്രധാന വെല്ലുവിളി ആകുമായിരുന്നുവെന്ന് നൂറ് തരം. അങ്ങനെ ഒരു പത്രവും പത്രാധിപരും ജനമനസുകളിൽ വാഴ്ത്തപ്പെടുമ്പോൾ ഉടമ മാത്രം എന്ത് കൊണ്ട് വിസ്മൃതിയിലാണ്ടു എന്നത് ഗൗരവതരമായ കാര്യമാണ്. കണ്ടത്തിൽ വറുഗീസ് മാപ്പിള, കെ.പി കേശവ മേനോൻ, സി.വി കുഞ്ഞിരാമൻ തുടങ്ങിയ പത്ര ഉടമകൾ ആഘോഷിക്കപ്പെടുമ്പോൾ വക്കം മൗലവി തിരസ്കരിക്കപ്പെടുന്നുണ്ടെങ്കിൽ അത് 100 വർഷം മുമ്പ് പത്രം നിന്ന് പോയി എന്നത് കൊണ്ട് മാത്രമല്ല, കേരള നവോഥാന ചരിത്രത്തിലും മലയാള പത്ര പ്രവർത്തനത്തിന്‍റെ നാൾവഴികളിലും വന്ന് ഭവിച്ച ഇസ്ലാമോഫോബിയയുടെ പരിണിത ഫലമാണെന്ന് തന്നെ പറയാം.

സ്വദേശാഭിമാനി പത്രത്തിന്‍റെ ഉടമ ആരാണെന്ന് ചോദിക്കുമ്പോൾ രാമകൃഷ്ണപിള്ള അല്ലേ എന്ന് ചോദിക്കുന്ന മാധ്യമ വിദ്യാർഥികളെ മാത്രമെടുത്താൽ മതി ഇതിന് തെളിവായി. എന്ത് കൊണ്ട് തെറ്റ് തിരുത്തിക്കാനോ സത്യം പഠിപ്പിക്കാനോ ശ്രമിക്കുന്നില്ല എന്ന ചോദ്യമുയരുന്നതും അതിലേക്ക് തന്നെയാണ്. അതേസമയം, വക്കം മൗലവി ഫൗണ്ടേഷന്‍റെയും കേരള നദ്വത്തുൽ മുജാഹിദീന്‍റെയും സദസ്സുകളിൽ മാത്രം ആ പേര് ഉയർന്നു കേട്ടിരുന്ന കാലത്തിന് വലിയൊരപവാദമായി മാറിയിരുന്നു കഴിഞ്ഞ ഫെബ്രുവരിയിൽ മാധ്യമ മൂല്യങ്ങളുടെ വീണ്ടെടുപ്പിനായി കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച 'മാധ്യമ ചരിത്രയാത്ര'. രാമകൃഷ്ണ പിള്ളയോളമില്ലെങ്കിലും വക്കം മൗലവിയെ ഓർക്കാനും അൽപ്പനേരമെങ്കിലും അദ്ദേഹത്തെ കുറിച്ച് പറയാനും സമയം യാത്രയിൽ സമയം കണ്ടെത്തിയിരുന്നു എന്നത് തന്നെ വലിയ കാര്യമാണ്.

വക്കം മൗലവിയുടെ മാത്രം കാര്യമല്ല ഇത്. വടാപ്പുറം ബാവ, ഹലീമ ബീവി, മക്തി തങ്ങൾ, സി.വി അബ്ദുൽ റഹ്മാൻ ഹൈദ്രോസ്, അബു മുഹമ്മദ്, ഖാദർ ഷാ തുടങ്ങിയ ആദ്യ കാല മുസ് ലിം പത്രപ്രവർത്തകരെയും സാമൂഹിക പരിഷ്കർത്താക്കളെയും എത്ര പേർക്കറിയാം? ഇതിൽ വക്കം മൗലവി അറിയപ്പെടാൻ കാരണം ദേശീയ പ്രസ്ഥാനത്തോട് ചേർന്നുള്ള പ്രവർത്തനങ്ങളായിരുന്നു. ഇസ് ലാമിന്‍റെ നവോഥാനത്തിനായി മുസ് ലിം, ഇസ് ലാം, ദീപിക തുടങ്ങിയ പത്രങ്ങൾ ആരംഭിച്ച അദ്ദേഹം, ഒരിക്കലും പത്രപ്രവർത്തകൻ എന്ന ലേബലിൽ മാധ്യമ മേഖലയിൽ ഓർക്കപ്പെട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളെ തുടർന്ന് നടന്ന നവോഥാന സദസ്സുകളിൽ പൊയ്കയിൽ അപ്പച്ചനെയും നാരായണ ഗുരുവിനെയും കുറിച്ച് പറയുമ്പോഴും മക്തി തങ്ങളെയോ വക്കം മൗലവിയെ പോലുള്ളവരെ ഓർത്തത് പോലുമില്ല എന്നതും കൂട്ടി വായിക്കേണ്ടതാണ്. മാധ്യമ ചരിത്രയാത്രയിൽ ചെറായിയിൽ നടന്ന സഹോദരൻ അയ്യപ്പൻ അനുസ്മരണത്തിന് ശേഷം സുനിൽ പി. ഇളയിടവുമായി ഏതാനും മിനിറ്റ് നീണ്ട സ്വകാര്യ സംഭാഷണത്തിൽ ഈ വിഷയമുന്നയിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് കേരളത്തിന്‍റെ എഴുതപ്പെട്ട നവോഥാ ചരിത്രം ഒരു മത വിഭാഗവുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ടാണ് മക്തി തങ്ങളും വക്കം മൗലവിയും കെ.എം മൗലവിയുമെല്ലാം നവോഥാന നായകരുടെ പട്ടികയിൽ ഇടംപിടിക്കാതെ പോയതെന്നായിരുന്നു.

അതെന്തുമാകട്ടെ, പരമ്പരാഗതമായി ലഭിച്ച സ്വത്ത് ജനങ്ങൾക്ക് വേണ്ടി ചിലവഴിച്ച മൗലവി പ്രസ് വിട്ട് കിട്ടുന്നതിനായി മാപ്പെഴുതി നൽകിയെന്നും രാമകൃഷ്ണപിള്ളയെ തള്ളിപ്പറഞ്ഞുവെന്നും ആരോപിച്ച് 2011 ഒക്ടോബർ 2ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ കവർ സ്റ്റോറി "ആ പത്രാധിപരെ പത്ര ഉടമ തള്ളിപ്പറഞ്ഞിരുന്നു" എന്ന പേരിൽ ചെറായി രാമദാസ് എന്ന വ്യക്തി എഴുതിയ ലേഖനമായിരുന്നു. വക്കം മൗലവിയെ കണക്കിന് തല്ലിയും രാമകൃഷ്ണപിള്ളയെ മഹത്വവൽക്കരിച്ചും എഴുതിയ ലേഖനത്തിനെതിരെ നേര് പറയുന്ന ഒരു വിഭാഗം ചരിത്രകാരന്മാർ തുടർലേഖനങ്ങളെഴുതുകുണ്ടായി. "കഥാകാരനെ" ഖണ്ഡിച്ച് കൊണ്ടെഴുതിയ ലേഖനങ്ങൾ പിള്ളയെ ചതിയനെന്ന് മുദ്രകുത്തി കണക്കിന് വിമർശിക്കുന്നതായിരുന്നു. പിന്നീട് 2015 സെപ്തംബറിൽ പൊലീസ് സേനയിലേക്ക് നടന്ന പി.എസ്.സി പരീക്ഷയിലെ 66 ആമത്തെ ചോദ്യമിതായിരുന്നു. "കാഫിർ എന്നറിയപ്പെടുന്നതാര്?" മുസ് ലിംകൾക്കിടയിൽ ചീത്ത വാക്കായി ഉപയോഗിക്കുന്ന ഇതിന്‍റെ അർഥം നിഷേധി, മൂടിവെച്ചവൻ എന്നൊക്കെയാണ്. ഈ ചോദ്യത്തിന് പി.എസ്.സി ഉത്തരസൂചികയിൽ നൽകിയിരുന്ന ഉത്തരം 'വക്കം മൗലവി' എന്നായിരുന്നു.

ഇതെല്ലാം വിരൽ ചൂണ്ടുന്നത് ചരിത്ര നിർമ്മിതിയിൽ വലിയൊരു വിഭാഗം തുടരുന്ന ഇസ് ലാം പേടിയുടെ നിലയില്ലാകയത്തിലേക്കാണ്. കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും അപകീർത്തിപ്പെടുത്തി സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണതെന്നുറപ്പാണ്. അത് കൊണ്ട് മാധ്യമ ധർമ്മവും മൂല്യങ്ങളും ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന ഈ കാലത്ത് മനസ്സിലാക്കേണ്ട, മനസ്സിലുറപ്പിക്കേണ്ട കാര്യം ഇസ് ലാം പേടി ഒഴിവാക്കി യഥാർഥ സ്വദേശാഭിമാനിയെ അംഗീകരിക്കേണ്ട കാലം അതിക്രമിച്ച് കടന്നുവെന്ന് പറയാം. മാധ്യമ ലോകവും കേരള ചരിത്രവും സൗകര്യപൂർവ്വം മറന്ന സ്വദേശാഭിമാനി വക്കം മൗലവിയുടെ പേര് ഓർക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും സമൂഹത്തിന്‍റെ ആവശ്യമാണ്.

രാമകൃഷ്ണപിള്ളയുടെ മകൾ പ്രൊഫസർ കെ. ഗോമതിയമ്മ എഴുതിയ "മൗലവിയെ മറക്കാമോ" എന്ന ലേഖനത്തിൽ അവർ തന്നെ പറയുന്നുണ്ട് "സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയോടൊപ്പം തന്നെ സവിശേഷം സ്മരിച്ചാദരിക്കേണ്ടതുണ്ട്, മറ്റൊരു വ്യക്തിയെ - വക്കം മൗലവി സാഹിബിനെ. പത്രത്തിന്‍റെ ഉടമയും സ്ഥാപകനും ആയിരുന്നു മൗലവിയെ മുൻപേ സ്മരിച്ചിട്ടേ പത്രാധിപരെ സ്മരിക്കാവൂ എന്നുകൂടി പറയട്ടെ......." അതെ, ചിലതെല്ലാം മറവിയുടെ ഗർത്തങ്ങളിൽ ഇന്ന് ഓർമ്മയുടെ തീരത്തേക്കൊഴുകേണ്ടത് കാലത്തിന് അനിവാര്യമാണ്..!

Show Full Article
TAGS:Vakkam Abdul Khader Moulavi swadeshabhimani ramakrishna pillai swadeshabhimani kerala news Malayalam newws 
News Summary - Vakkam Abdul Khader Moulavi -Malayalam News
Next Story