തന്ത്രിയുടെ വീട്ടിൽ നിന്നും വാജിവാഹനം കണ്ടെടുത്തു; കോടതിയിൽ ഹാജരാക്കി എസ്.ഐ.ടി
text_fieldsകൊല്ലം: ശബരിമല സ്വർണ കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ നിന്നും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വാജിവാഹനം കണ്ടെടുത്തു. വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
ശബരിമല ക്ഷേത്രത്തിലെ പഴയ കൊടിമരത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന വാജിവാഹനം തന്ത്രി കൈവശം വെച്ചിരിക്കുകയായിരുന്നു. പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജി വാഹനത്തിനു പതിനൊന്നു കിലോ തൂക്കമുണ്ട്.
ശബരിമല സ്വർണക്കൊള്ള വിഷയം ഉയർന്ന വേളയിൽതന്നെ പഴയ വാജി വാഹനം കാണാനില്ലെന്നു ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതു തന്റെ പക്കലുണ്ടെന്നും വീട്ടിൽ പൂജാമുറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും തന്ത്രി കണ്ഠര് രാജിവര് അറിയിച്ചിരുന്നു. പിന്നീട് വാജി വാഹനം തിരിച്ചെടുക്കണമെന്നു ദേവസ്വം ബോർഡിനോടും തന്ത്രി ആവശ്യപ്പെട്ടിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയെ എസ്ഐടി അറസ്റ്റ് ചെയ്തതിന് ശേഷം ചെങ്ങന്നൂരിലെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നാണ് സ്വർണപ്പണിക്കാരുടെ സഹായത്തോടെ പരിശോധിച്ച് വാജിവാഹനം കസ്റ്റഡിയിലെടുത്തത്.
തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതിയുടെ അനുമതി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി ചെങ്ങന്നൂർ മുണ്ടൻകാവ് താഴമൺ മഠത്തിൽ കണ്ഠര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതിയുടെ അനുമതി. എസ്.ഐ.ടി അന്വേഷണത്തിൽ ശബരിമലയിൽനിന്ന് സ്വർണപ്പാളി പുറത്തു കൊണ്ടുപോകാൻ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായതായി കണ്ടെത്തിയതിനെ തുടർന്ന് തന്ത്രി റിമാൻഡിലായിരുന്നു.
2019മേയ് 18ന് തിരുവാഭരണം കമീഷണറായിരുന്ന നാലാം പ്രതി കെ.എസ്. ബൈജുവിന്റെ നേതൃത്വത്തിൽ കട്ടിളപ്പാളികളും അനുബന്ധ പ്രഭാമണ്ഡല പാളികളും ഇളക്കി പരിശോധിച്ച് പുറത്തുകൊണ്ടുപോകാൻ ഒത്താശ ചെയ്തെന്നാണ് തന്ത്രിക്കെതിരായ കണ്ടെത്തൽ. താൻ നിരപരാധിയാണെന്ന് തന്ത്രി അവകാശപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് റിപ്പോർട്ട്. അറസ്റ്റ് രേഖപ്പെടുത്തുന്നതിനൊപ്പം തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനും അന്വേഷണസംഘം നീക്കമാരംഭിച്ചു.
കട്ടിളപ്പാടി കേസുമായി ബന്ധപ്പെട്ട് തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് 19ലേക്ക് മാറ്റി. ഇതിനിടെ വിശദ സത്യവാങ്മൂലം ഹാജരാക്കുന്നതിന് സമയം വീണ്ടും നീട്ടിനൽകണമെന്ന് ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ സാമ്പത്തിക ഇടപാടുകൾക്കായി ബാങ്ക് ചെക്കുകളിൽ സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ ഒപ്പ് ഉപയോഗിക്കാൻ അനുമതി തേടിയതോടെയാണ് പണം ഉപയോഗിക്കുന്ന ആവശ്യകത, ജീവനക്കാരുടെ എണ്ണം, ശമ്പളത്തിനായി വേണ്ടിവരുന്ന തുക എന്നിവ വിശദീകരിക്കുന്ന സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചത്. ഡിസംബർ 19നാണ് പങ്കജ് ഭണ്ഡാരിയെ അറസ്റ്റ് ചെയ്തത്.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം. പത്മകുമാറിന്റെ റിമാൻഡ് 29 വരെ നീട്ടി. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ അഡ്വ. സിജു രാജൻ ഹാജരായി. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

