മഹല്ല് കമ്മിറ്റിയും നാട്ടുകാരും കൈകോർത്തു; വൈഷ്ണവിക്ക് മംഗല്യസൗഭാഗ്യം
text_fieldsചെർപ്പുളശ്ശേരി (പാലക്കാട്): മഹല്ല് കമ്മിറ്റിയുടെയും നാട്ടുകാരുടെയും തണലിൽ വൈഷ്ണവിക്ക് പുതുജീവിതം. അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ അനാഥാലയത്തിൽ കഴിയേണ്ടി വന്ന തൃക്കടീരി പൂതക്കാട് തെറ്റിലിങ്ങൽ വൈഷ്ണവിയുടെ വിവാഹമാണ് പൂതക്കാട് അൽബദ്ർ മഹല്ല് കമ്മിറ്റിയുടെയും പ്രാദേശിക കൂട്ടായ്മയുടെയും സഹകരണത്തോടെ ഞായറാഴ്ച നടന്നത്.
വൈഷ്ണവിയുടെ ബന്ധു പാർവതിയുടെ വീട്ടിലായിരുന്നു വിവാഹം. ഒറ്റപ്പാലം മായന്നൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് വരൻ. പ്ലസ് ടു കഴിഞ്ഞ് നഴ്സിങ്ങിന് പഠിക്കുകയാണ് വൈഷ്ണവി. വിവാഹം ശരിയായപ്പോൾ മഹല്ല് കമ്മിറ്റിയെ സമീപിച്ചതോടെ അവർ ഏറ്റെടുക്കുകയായിരുന്നു.
മഹല്ല് കമ്മിറ്റി രക്ഷാധികാരി ജമാലുദ്ദീൻ ഫൈസി ചെയർമാനും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. കുട്ടികൃഷ്ണൻ കൺവീനറായും സിവിൽ പൊലീസ് ഓഫിസർ റഫീഖ് ട്രഷററായും സമിതി രൂപവത്കരിച്ച് ആഭരണം, ഭക്ഷണം തുടങ്ങിയ മുഴുവൻ ചെലവുകളും വഹിക്കാൻ തീരുമാനിച്ചു. നാട്ടുകാരുടെ പൂർണ സഹകരണത്തോടെ ആഭരണങ്ങളും ഭക്ഷണവുമുൾപ്പെടെ മുഴുവൻ ചെലവും കണ്ടെത്തി.
മഹല്ല് ഭാരവാഹികളായ കമ്മുണ്ണി ഹാജി, ഹൈദർ ഹാജി, കുഞ്ഞുമൊയ്തു ഹാജി എന്നിവർ ചെർപ്പുളശ്ശേരി എസ്.ഐ ബാബുരാജിെൻറ സാന്നിധ്യത്തിൽ കുടുംബത്തിന് ആഭരണങ്ങൾ കൈമാറി. ചടങ്ങിന് സമിതി ഭാരവാഹികളായ ടി. കുട്ടികൃഷ്ണൻ, സൈതലവി, റഫീഖ്, ഇർഷാദ് ഉസൈൻ, പങ്കജാക്ഷൻ, അബ്ദുറസാഖ് അൽ ഫത്തനി തുടങ്ങിയവർ നേതൃത്വം നൽകി. വധൂവരന്മാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ എസ്.ഐക്ക് കൈമാറി. പൂതക്കാട്ടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് മഹല്ല് കമ്മിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
