മലപ്പുറം: സംസ്ഥാനത്ത് പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും പൂർണ മായും കേന്ദ്രീകൃത വെബ് അധിഷ്ഠിത സോഫ്റ്റ്വെയറായ ‘വാഹൻ’ മുഖേന നടപ്പാക്കാൻ മോട്ടർ വാ ഹന വകുപ്പ്. സെപ്റ്റംബർ ഏഴ് മുതൽ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ‘വാഹൻ’ സോഫ്റ്റ്വെയറിലൂെട മാത്രം നടപ്പാക്കിയാൽ മതിയെന്നാണ് ട്രാൻസ്പോർട്ട് കമീഷണർ വ്യക്തമാക്കിയത്.
റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിലും സബ് റീജനൽ ഓഫിസുകളിലും കഴിഞ്ഞ ഏപ്രിൽ മുതലാണ് ‘വാഹൻ’ ഉപയോഗിച്ച് തുടങ്ങിയത്. പഴയ സംവിധാനമായ സ്മാർട് മൂവ് വെബിൽ കൂടി താൽക്കാലിക രജിസ്ട്രേഷൻ നേടിയ അപേക്ഷകർ ഇനിയും സ്ഥിരം രജിസ്ട്രേഷൻ നേടിയിട്ടില്ലെങ്കിൽ ആഗസ്റ്റ് 27ന് മുമ്പ് അത് നേടണമെന്ന് ട്രാൻസ്പോർട്ട് കമീഷണർ അറിയിച്ചു. ഇതിനുശേഷം സ്ഥിരം രജിസ്ട്രേഷൻ നേടാത്ത അപേക്ഷകൾക്ക് സാധുത ഉണ്ടാകില്ല.
സെപ്റ്റംബർ ഒന്ന് മുതൽ സ്മാർട് മൂവ് ഡേറ്റ ‘വാഹനി’ലേക്ക് മാറ്റുന്നതിനാൽ എല്ലാ സീരീസുകളിലെയും രജിസ്ട്രേഷൻ നമ്പർ ഒന്ന് മുതൽ 500 വരെയുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സർവിസുകളും 27 മുതൽ നിർത്തിവെക്കും. ഓൺലൈൻ സേവനങ്ങളും ഉണ്ടാകില്ല. കൂടാതെ ഇവയുടെ അപേക്ഷകളിന്മേലുള്ള എല്ലാ സേവനങ്ങളും ആഗസ്റ്റ് 31ന് ൈവകീട്ട് അഞ്ചിന് മുമ്പ് പൂർത്തിയാക്കാനും നിർദേശിച്ചിട്ടുണ്ട്.