വടകര മോര്‍ഫിങ്ങ്; ഫോട്ടോയെടുത്തത് ഫേസ്ബുക്കില്നിന്നെന്ന് മൊഴി
text_fieldsവടകര: മോര്‍ഫ് ചെയ്യാന്‍ ഫോട്ടോയെടുത്തത് വിവാഹ വിഡിയോകളില്‍നിന്നല്ലെന്നും ഫേസ്ബുക്കില്നിന്നാണെന്നും മുഖ്യപ്രതി ബിബീഷ് മൊഴി നല്‍കിയതായി റൂറല്‍ എസ്.പി എം.കെ. പുഷ്കരന്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പാണ് മോര്‍ഫ് ചെയ്തത്. അഞ്ച് ഫോട്ടോകള്‍ മാത്രമാണ് ഇതിനായി ഉപയോഗിച്ചത്. തനിക്കറിയാവുന്ന സ്ത്രീകളുടെ ഫോട്ടോകളാണ് മോര്‍ഫ് ചെയ്തത്. വിഡിയോ മോര്‍ഫിങ് നടത്തിയിട്ടില്ല. ഏഴുമാസം മുന്‍പ് ഹാര്‍ഡ് ഡിസ്കില്‍നിന്ന് മറ്റൊരു ഡീവിഡിയിലേക്ക് ഇവയെല്ലാം വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റിങ് സ്റ്റുഡിയോ ഉടമകളായ വൈക്കിലശേരി ചെറുവോട്ട് മീത്തല്‍ ദിനേശന്‍, സഹോദരന്‍ സതീശന്‍ എന്നിവര്‍ മാറ്റിയതായും ബിബീഷ് മൊഴി നല്‍കി.
വ്യാജ ഐഡിയുണ്ടാക്കി മെസഞ്ചറിലൂടെ ഫോട്ടോ ഇരകള്‍ക്ക് അയച്ചുകൊടുത്തതായും പറയുന്നു. കൈവേലി സ്വദേശിയായി അഭിഭാഷകന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്നും പറയുന്നു. തിരുവനന്തപുരത്ത് ആശുപത്രിയില്‍ പോയ സമയത്താണ് വടകരയില്‍ സംഭവത്തിനെതിരെ നാട്ടുകാര്‍ ഒറ്റക്കെട്ടായി രംഗത്തുവന്നതായും പൊലീസ് കേസെടുത്തതായും അറിയുന്നത്. ഇതോടെ, പലയിടത്തായി യാത്രചെയ്യുകയായിരുന്നു. തുടര്‍ന്ന്, ഇടുക്കി രാജമുടിയില്‍ ഭാര്യയുടെ ബന്ധുവീടിനു സമീപത്തെ ഷെഡില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പുറമേരിയില്‍ സ്വന്തമായി സ്റ്റുഡിയോ ആരംഭിക്കുന്നതിെൻറ പ്രതികാരമായി നിനക്ക് ‘പണിതരുമെന്ന്’ സദയം സ്റ്റുഡിയോ ഉടമകള്‍ ഭീഷണിപ്പെടുത്തിയെന്നും ബിബീഷ് മൊഴി നൽകിയുണ്ട്.
എന്നാല്‍, ഇത് വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വെളിവാകൂ. ഇതേസമയം കല്യാണ വീടുകളില്‍നിന്നെടുത്ത ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത പടങ്ങള്‍ വിദേശത്തേക്ക് അയച്ച് ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം വന്നതായുള്ള ആരോപണവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. ഇതേ കുറിച്ചെല്ലാം അന്വേഷിക്കുമെന്ന് റൂറല്‍ എസ്.പി. പറഞ്ഞു. ജനങ്ങളുടെ ആശങ്കയും ആരോപണങ്ങളും വിലകുറച്ച് കാണില്ലെന്നും ഏതുതരം തെളിവുകള്‍ കൈവശമുള്ളവര്‍ക്കും പൊലീസിനെ സമീപിക്കാം. ഇതിനുപിന്നില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുമെന്നും റൂറല്‍ എസ്.പി. പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
