വടകര തീവെപ്പ്: ആന്ധ്ര സ്വദേശി അറസ്റ്റിൽ; താലൂക്ക് ഓഫിസ് തീവെച്ച കേസിലും പ്രതിയെന്ന് സൂചന
text_fieldsവടകര: നഗരഹൃദയത്തിൽ സർക്കാർ ഓഫിസുകളടക്കം മൂന്നു കെട്ടിടങ്ങളിൽ തീവെച്ച കേസിൽ ആന്ധ്രപ്രദേശ് സ്വദേശി അറസ്റ്റിൽ. വടകര താലൂക്ക് ഓഫിസ് കത്തിച്ച കേസിലും ഇയാൾ പ്രതിയാണെന്നാണ് സൂചന. ആന്ധ്ര സ്വദേശി സതീശ് നാരായണനെയാണ് (32) ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പത്തിന് എടോടിയിലെ സിറ്റി സെൻറർ കെട്ടിടത്തിലും 13ന് ഞായറാഴ്ച മിനി സിവിൽ സ്റ്റേഷനിലെ എൽ.എ എൻ.എച്ച് ഓഫിസ്, ജില്ല വിദ്യാഭ്യാസ ഓഫിസ് എന്നിവിടങ്ങളിലെ ശുചിമുറികളിലും തീവെച്ച സംഭവത്തിലാണ് പ്രതി പിടിയിലായത്.
സിറ്റി സെൻററിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. താലൂക്ക് ഓഫിസിൽ തീവെപ്പ് നടത്തിയതും ഇയാളാണെന്നാണ് പൊലീസ് നൽകുന്ന സൂചന. കൂടുതൽ തെളിവുകളും ശാസ്ത്രീയ അന്വേഷണ റിപ്പോർട്ടും ലഭിക്കേണ്ടതുണ്ടെന്ന് ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് പറഞ്ഞു. അഗ്നിശമന സേനയുടെയും വിരലടയാള വിദഗ്ധരുടെയും ശാസ്ത്രീയ പരിശോധന ഫലം പുറത്തുവരേണ്ടതുണ്ട്. അടുത്തിടെ വടകരയിലെത്തിയ പ്രതി കുറച്ചുകാലമായി വടകരയിലെ കേരള ക്വയർ തിയറ്ററിന് സമീപത്തെ പഴയ കെട്ടിടത്തിൽ താമസിച്ചുവരുകയാണ്.
കെട്ടിടങ്ങളിൽ തീവെച്ച സമയത്ത് ഇയാൾ ധരിച്ച വസ്ത്രങ്ങൾ, തൊപ്പി മുതലായവ പൊലീസ് കണ്ടെത്തി. ആന്ധ്രയിൽ ഇയാളുടെ താമസസ്ഥലം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്നും പൊലീസ് മേധാവി പറഞ്ഞു. ഓഫിസിെൻറ ചുവരുകളിൽ ഇയാളുടെ കാമുകിയുടെയും സിനിമ താരങ്ങളുടെയും പേരുകളാണ് എഴുതിയിരുന്നത്. പ്രതിയെ സംഭവസ്ഥലങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. താലൂക്ക് ഓഫിസിലേക്ക് ഇയാളെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

