
എന്ന് കിട്ടും വാക്സിൻ; തിങ്കളാഴ്ചക്കകം അറിയിക്കണമെന്ന് കേന്ദ്രത്തോട് ൈഹകോടതി
text_fieldsകൊച്ചി: കേരളത്തിനാവശ്യമായ കോവിഡ് വാക്സിൻ എന്നു ലഭ്യമാക്കുമെന്ന് തിങ്കളാഴ്ചക്കകം അറിയിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ഹൈകോടതി. വെള്ളിയാഴ്ച ഹരജി പരിഗണിക്കവെ, വിശദീകരണത്തിന് കേന്ദ്ര സർക്കാർ കൂടുതൽ സമയം തേടുകയായിരുന്നു.
കേരളത്തിന് ഇപ്പോൾ വാക്സിൻ വിതരണം ചെയ്തു വരുന്നതെങ്ങനെയാണ്, മതിയായ വാക്സിൻ എപ്പോഴാണ് നൽകാനാവുക തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം തേടിയിരിക്കുന്നത്. എല്ലാവർക്കും സൗജന്യമായി നൽകണമെന്നും വാക്സിൻ നിർമാണ ശേഷിയുള്ള കൂടുതൽ കമ്പനികൾക്ക് ഇതിനുള്ള സാങ്കേതികവിദ്യ കൈമാറണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ. കെ.പി അരവിന്ദൻ ഉൾപ്പെടെ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ ഇത് സംബന്ധിച്ച കോടതിയുത്തരവ് ഇനിയും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കൂടുതൽ സമയം തേടിയത്. കേരളത്തിൽ വളരെക്കുറച്ചു പേർക്കാണ് വാക്സിൻ ലഭിക്കുന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു.
