വീണ്ടും പേവിഷബാധ: നായുടെ കടിയേറ്റ് വാക്‌സിനെടുത്ത ഏഴ് വയസുകാരിക്ക് പേ വിഷബാധയേറ്റു
text_fieldsതിരുവനന്തപുരം: നായുടെ കടിയേറ്റ് യഥാസമയം വാക്‌സിനെടുത്ത ഏഴ് വയസുകാരിക്ക് പേ വിഷബാധയേറ്റു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞമാസം എട്ടിന് ഉച്ചയോടെയാണ് വീട്ടുമുറ്റത്തിരുന്ന കുട്ടിക്ക് കടിയേറ്റത്. താറാവിനെ ഓടിച്ചെത്തിയ നായാണ് കടിച്ചത്. ഉടൻ തന്നെ പേവിഷബാധയ്ക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവെപ്പ് (ഐ.ഡി.ആർ.വി ഡോസ്) എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐ.ഡി.ആർ.വി കുത്തിവെപ്പെടുത്തു. ഇനി മേയ് ആറിനാണ് അവസാന ഡോസ് എടുക്കേണ്ടത്.
ഇതിനിടെ കഴിഞ്ഞ ദിവസം കുട്ടിക്ക് പനി ബാധിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. കുട്ടിയെ കടിച്ച നായ് മറ്റാരെയെങ്കിലും കടിച്ചിട്ടുണ്ടോ എന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്. നായ്ക്ക് പിന്നീട് എന്തു സംഭവിച്ചുവെന്ന കാര്യവും വ്യക്തമല്ല.
കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റതിനെത്തുടർന്ന് പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരണപ്പെട്ടിരുന്നു. പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ.സി. സൽമാനുൽ ഫാരിസിന്‍റെ മകൾ സിയ (6) ആണ് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളെജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അന്ത്യം.
മാർച്ച് 29നായിരുന്നു കുട്ടിക്ക് തെരുവുനായുടെ കടിയേറ്റത്. തുടർന്ന് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. തലയ്ക്കും കാലിനുമായിരുന്നു തെരുവുനായയുടെ കടിയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

