എ.കെ.ജി ബാല പീഡകനെന്ന് ബൽറാം; എം.എൽ.എയുടെ ഓഫിസിന് നേരെ കുപ്പിയേറ്
text_fieldsതൃത്താല: കമ്മ്യൂണിസ്റ്റുകാരുടെ പ്രിയ നേതാവായിരുന്ന എ.കെ.ജി ബാലപീഡകനായിരുന്നുവെന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ട വി.ടി ബൽറാമിന് നേരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. നാൽപ്പതിനോടടുത്ത് നിൽക്കുന്ന എ.കെ.ജി വളരെ ചെറിയ പ്രായത്തിലുള്ള സുശീലയുമായി അടുത്തതിനെക്കുറിച്ചാണ് വി.ടി ബൽറാം ഫേസ്ബുക്കിൽ എഴുതിയത്.
വി.ടി ബൽറാമിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. എ.കെ.ജി എന്ന മഹാനായ തൊഴിലാളി കര്‍ഷക നേതാവിനെ അവഹേളിച്ചത് വഴി സാധാരണക്കാരന്‍റെയും പാവപ്പെട്ടവന്‍റെയും ആത്മാഭിമാനബോധത്തെയാണ് ബലറാം അവഹേളിച്ചിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മറിറിയംഗവും എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്‍റുമായ വി. ശിവദാസന്‍ പറഞ്ഞു.
പ്രസ്താവനയിൽ വി.ടി. ബൽറാം മാപ്പ് പറയണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്നിട്ടുണ്ട്. ഇതിനിടെ, വി.ടി ബൽറാമിന്‍റെ തൃത്താലയിലെ വീടിന് നേരെ അജ്ഞാതർ മദ്യക്കുപ്പി എറിഞ്ഞതായും ആരോപണമുണ്ട്.
വി.ടി.ബൽറാം ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പ്:
ആദ്യത്തേത് "പോരാട്ടകാലങ്ങളിലെ പ്രണയം" എന്ന തലക്കെട്ടോടുകൂടി ദ് ഹിന്ദു ദിനപത്രം 2001 ഡിസബർ 20ന് പ്രസിദ്ധീകരിച്ച വാർത്ത. "ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്" എകെ ഗോപാലൻ എന്ന മധ്യവയസ്കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാർത്തയിൽ ഹിന്ദു ലേഖകൻ കൃത്യമായി പറയുന്നു. നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കിൽ വിവാഹസമയത്ത് സുശീലയുടെ പ്രായം 22 വയസ്സ്. ആ നിലക്ക് പത്ത് വർഷത്തോളം നീണ്ട പ്രണയാരംഭത്തിൽ അവർക്ക് എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തിൽ സുശീലയുടെ വീട്ടിൽ എകെജി ഒളിവിൽ കഴിഞ്ഞപ്പോഴാണ് അവർ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാർത്തയിൽ പറയുന്നു. 1929 ഡിസംബറിൽ ജനിച്ച സുശീലക്ക് 1940ന്റെ തുടക്കത്തിൽ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.
രണ്ടാമത്തെയും മൂന്നാമത്തേയും ചിത്രങ്ങൾ സാക്ഷാൽ എകെ ഗോപാലന്റെ ആത്മകഥയിൽ നിന്ന്. ഒളിവിൽ കഴിയുന്ന കാലത്ത് അഭയം നൽകിയ വീട്ടിലെ സ്കൂൾ വിദ്യാർത്ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന കാര്യത്തിൽ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എകെജിയുടെ തന്നെ വാക്കുകളിൽ സ്പഷ്ടമായി വിരിഞ്ഞുവരുന്നുണ്ട്. ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട് അദ്ദേഹം ജയിലിൽ കഴിയുന്ന കാലത്ത് പുറത്ത് പ്രണയാർദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ചും അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിലിൽ നിന്ന് പുറത്തുകടന്നാലുടൻ വിവാഹിതരാകാൻ അവർ തീരുമാനിക്കുന്നു. അങ്ങനെ ജയിൽമോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു. പ്രസ്ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിക്ക് തോന്നുന്ന ആരാധനയും തിരിച്ച് നേതാവിന് മൈനറായ കുട്ടിയോട് തോന്നുന്ന 'മമത'യും ആത്മകഥയിൽനിന്ന് നമുക്ക് വായിച്ചെടുക്കാം.
എകെജി പലർക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തേയും പാർലമെന്ററി പ്രവർത്തനത്തേയും കുറിച്ച് ഏവർക്കും മതിപ്പുമുണ്ട്. എന്നുവെച്ച് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനിൽ ലഭ്യമായ വിവരങ്ങൾ ആരും ആവർത്തിക്കരുത് എന്ന് ഭക്തന്മാർ വാശിപിടിച്ചാൽ അത് എപ്പോഴും നടന്നു എന്ന് വരില്ല. മുൻപൊരിക്കൽ അഭിപ്രായം പറഞ്ഞ എഴുത്തുകാരൻ സക്കറിയയെ കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് വച്ച് അത്തരം അസഹിഷ്‌ണുത എപ്പോഴും വിജയിക്കില്ല.
#പറയേണ്ടത്_പറഞ്ഞിട്ടേ_പോകുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
