Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘തിരുമേനിമാരുമായി നല്ല...

‘തിരുമേനിമാരുമായി നല്ല ബന്ധമാണ് തനിക്കുള്ളത്’; ജാതിയും മതവും പറഞ്ഞ്​ വിരട്ടാൻ നോക്കരുതെന്ന് വെല്ലുവിളിച്ച് ദിവസങ്ങൾക്കകം ബിഷപ്​ഹൗസ്​ സന്ദർശിച്ച്​ ശിവൻകുട്ടി

text_fields
bookmark_border
v sivankutty bishop jose k mani
cancel
camera_alt

ചങ്ങനാശ്ശേരിയിൽ അ​തി​രൂ​പ​ത ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലു​മാ​യി ചർച്ച നടത്തുന്ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി. ജോ​സ്​ കെ. ​മാ​ണി എം.​പി സ​മീ​പം

കോട്ടയം: ഭിന്നശേഷി അധ്യാപക സംവരണ വിഷയത്തിൽ ക്രൈസ്തവ സഭകളെ ഉൾപ്പെടെ വെല്ലുവിളിച്ച വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി മുൻ നിലപാട്​ മാറ്റി. ക്രൈസ്തവ വിഭാഗത്തിൽ നിന്നാണ്​ ഈ വിഷയത്തിൽ കൂടുതൽ പ്രതിഷേധം നിലനിൽക്കുന്നത്​ എന്നതിനാൽ ക്രൈസ്തവ മതമേലധ്യക്ഷരെ നേരിൽകണ്ട്​ കാര്യങ്ങൾ വിശദീകരിക്കാൻ അദ്ദേഹം ശ്രമം തുടങ്ങി​.

അതിന്‍റെ ഭാഗമായി മന്ത്രി ചങ്ങനാശ്ശേരി ബിഷപ്​ഹൗസ്​ സന്ദർശിച്ച്​ ആർച്ച്​ബിഷപ്​ തോമസ്​ തറയിലുമായി കൂടിക്കാഴ്​ച നടത്തി. തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ തിരുമേനിമാരുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്ന് മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയിൽ കേരള കോൺഗ്രസ്​-എം ചെയർമാൻ ജോസ്​ കെ. മാണിയും കൂടെയുണ്ടായിരുന്നു. കേരള കോൺഗ്രസിന്‍റെ കൂടി ശ്രമഫലമായാണ്​ ഈ സമവായ നീക്കമെന്നാണ്​ വിവരം.

ഭിന്നശേഷി അധ്യാപക സംവരണ നിയമനവുമായി ബന്ധപ്പെട്ട്​ സർക്കാറിനും വിദ്യാഭ്യാസമന്ത്രിക്കുമെതിരെ ശക്തമായ പ്രതിഷേധമാണ്​ ക്രൈസ്തവ സമൂഹത്തിൽ നിന്നുയർന്നത്​. ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ പരസ്യപ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ, വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളെ ജാതിയും മതവും പറഞ്ഞ്​ വിരട്ടാൻ നോക്കേണ്ടെന്നും വിമോചനസമരം നടത്താമെന്ന ചിലരുടെ ശ്രമം വിലപ്പോവില്ലെന്നും രൂക്ഷ ഭാഷയിലാണ്​ ദിവസങ്ങൾക്കുമുമ്പ്​ ഈ വിഷയത്തിൽ മന്ത്രി പ്രതികരിച്ചിരുന്നത്​. ഇത്രയുംനാൾ ഈ വിഷയത്തിൽ അനങ്ങാതിരുന്നവർ ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയതിന്​ പിന്നിൽ മറ്റെന്തൊക്കെയോ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും മന്ത്രി വിമർശിച്ചിരുന്നു. സർക്കാർ നിലപാട്​ ഘടകകക്ഷിയായ കേരള കോൺഗ്രസ്​-എമ്മിനെയും വെട്ടിലാഴ്ത്തിയിരുന്നു.

മാണിവിഭാഗം എം.എൽ.എമാർ മന്ത്രിയെ നേരിൽകണ്ട്​ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയർമാൻ ജോസ്​ കെ. മാണി മുന്നണിതലത്തിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റിന്​ മുന്നിൽ ചെയർമാൻ പി.ജെ. ജോസഫിന്‍റെ നേതൃത്വത്തിൽ ധർണ നടത്തിയ കേരള കോൺഗ്രസ്​, ​മാണിവിഭാഗത്തിനെതിരായ ആയുധമാക്കി ഇതിനെ മാറ്റുകയും ചെയ്തു. ക്രൈസ്തവ സമൂഹത്തെ വെറുപ്പിച്ച്​ മുന്നോട്ട്​ പോകാനാകില്ലെന്ന്​ തിരിച്ചറിഞ്ഞ കേരള കോൺഗ്രസ്​-എം വിഷയത്തിൽ സമവായ ശ്രമം നടത്തുകയായിരുന്നു. സിറോമലബാർ സഭക്ക്​ പുറമെ ഓർത്തഡോക്സ്​, ലത്തീൻ വിഭാഗങ്ങളൊക്കെ വിഷയത്തിൽ സർക്കാറിനെതിരെ ശക്തമായ നിലപാടിലാണ്​. അതിനാൽ മന്ത്രി കൂടുതൽ ക്രൈസ്തവ സഭാധ്യക്ഷരെ കാണുമെന്നാണ്​ വിവരം. തദ്ദേശ തെരഞ്ഞെടുപ്പ്​ അടുത്ത സാഹചര്യത്തിൽ ക്രൈസ്തവ ഭൂരിപക്ഷമുള്ള ജില്ലകളിൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ്​ മന്ത്രിയുടെയും സർക്കാറിന്‍റെയും മലക്കംമറിച്ചി​ലെന്നും സൂചനയുണ്ട്​.

ഭിന്നശേഷി സംവരണം: ക്രൈസ്തവ സഭകളുടെ ആശങ്ക പരിഹരിക്കും -മന്ത്രി

ചങ്ങനാശ്ശേരി: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകളുടെ ആശങ്ക ചർച്ചയിലൂടെ ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ബിഷപ് ഹൗസിൽ ചങ്ങനാശ്ശേരി ബിഷപ് തോമസ് തറയിലിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് സമ്പാദിച്ച വിധി അവർക്ക് മാത്രം ബാധകമെന്ന തരത്തിലാണ് സർക്കാറിന് നിയമോപദേശം ലഭിച്ചത്. എന്നാൽ, ഇത് തങ്ങൾക്കുകൂടി ബാധകമാക്കണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യം സർക്കാർ ഗൗരവപൂർവം പരിഗണിക്കും. 13ന് ബന്ധപ്പെട്ടവരുടെ യോഗം ചേരുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ആ വിവരങ്ങൾ തിരുമേനിയുമായി ചർച്ചചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സർക്കാർ നിലപാടിൽ സന്തോഷം -ആർച് ബിഷപ്

ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാറിന്‍റെ നീക്കങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച് ചങ്ങനാശ്ശേരി ആർച്ബിഷപ് തോമസ് തറയിൽ. ആയിരക്കണക്കിന് അധ്യാപകർ നിയമനാംഗീകാരമില്ലാതെയും ശമ്പളമില്ലാതെയും കഴിയുകയാണ്. ഈ വിഷയത്തിൽ വളരെ പോസിറ്റിവായ നീക്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jose k maniCPMV SivankuttyBishops House
News Summary - Sivankutty visits Bishop's House
Next Story