Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘എന്തിനാ ഇയാൾ അവിടെ...

‘എന്തിനാ ഇയാൾ അവിടെ പോയത്​? പോകാതെ ഒഴിവാക്കാമായിരുന്നല്ലോ’ -കുട്ടികളെ അപമാനിച്ച സംഭവത്തിൽ വി. മുരളീധരനെതിരെ ശിവൻകുട്ടി

text_fields
bookmark_border
‘എന്തിനാ ഇയാൾ അവിടെ പോയത്​? പോകാതെ ഒഴിവാക്കാമായിരുന്നല്ലോ’ -കുട്ടികളെ അപമാനിച്ച സംഭവത്തിൽ വി. മുരളീധരനെതിരെ ശിവൻകുട്ടി
cancel

തിരുവനന്തപുരം: ആദിവാസികൾ അടക്കമുള്ള കുട്ടികൾ പഠിക്കുന്ന ട്രൈബൽ സ്കൂളിലെ വിദ്യാർഥികൾക്ക് കൈയിൽ മിഠായി കൊടുക്കാതെ മേശപ്പുറത്ത് വിതറിയ കഴക്കൂട്ടത്തെ ബി.ജെ.പി എം.എൽ.എ വി മുരളീധരനെതിരെ മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കൊച്ചുമക്കൾക്ക് കൈയ്യിൽ മിഠായി കൊടുത്ത് അവരെ ലാളിക്കേണ്ടതിനു പകരം മേശപ്പുറത്ത് വാരി വിതറിയത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തിനാ ഇയാൾ അവിടെ പോയതെന്നും പോകാതെ പരിപാടി ഒഴിവാക്കാമായിരുന്നല്ലോ എന്നും ശിവൻകുട്ടി ചോദിച്ചു.

‘ഏറ്റവും ഹീനമായ പ്രവർത്തിയാണ് നടന്നിരിക്കുന്നത്. കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ല. എന്തിനാ ഇയാൾ അവിടെ പോയത്? പോകാതെ ഒഴിവാക്കാമായിരുന്നല്ലോ അയാൾക്ക്. ആരാണ് അദ്ദേഹം? എംഎൽഎ മാത്രമല്ലേ ആയുള്ളൂ. ആരാണെന്നാ ധരിച്ചിരിക്കുന്നത്? കൊച്ചുകുഞ്ഞുങ്ങളോട് ഇങ്ങനെ പെരുമാറാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ’ -ശിവൻ കുട്ടി പറഞ്ഞു.

പ്രവേശനോത്സവത്തിനിടെ ​തിരുവനന്തപുരത്തെ കട്ടേല അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലായിരുന്നു സംഭവം. സ്ഥലത്തെ എംഎൽഎ കൂടിയായ വി മുരളീധരനായിരുന്നു പ്രവേശനോസവത്തിലെ മുഖ്യാതിഥി. ഉദ്ഘാടന ചടങ്ങിനു ശേഷം കുട്ടികൾക്ക് മിഠായി വിതരണം ചെയ്യുമ്പോഴാണ് അപമാനിക്കുന്ന തരത്തിൽ കൈയിൽ കൊടുക്കാതെ മേശപ്പുറത്ത് വിതറിയത്. മിഠായി കുടഞ്ഞിട്ട വി മുരളീധരൻ കുട്ടികളോട് മാപ്പ് പറയണമെന്ന് വി ശിവൻകുട്ടി ആവശ്യപ്പെട്ടു. മുരളീധരന്റേത് സവർണ മനോഭാവമാണെന്നും അദ്ദേഹം ആരോപിച്ചു.

‘കട്ടേല മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുരുന്നുകളോട് വി. മുരളീധരൻ എം.എൽ.എ കാണിച്ച അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും ലജ്ജാവഹവുമാണ്. പട്ടികജാതി-പട്ടികവർഗ, പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വെച്ച്, അവിടുത്തെ വിദ്യാർത്ഥികളെ ഇത്രത്തോളം അവഹേളിക്കാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു.

പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി നൽകുന്നതിന് പകരം, അവരെ അപമാനിക്കുന്ന രീതിയിൽ മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് അത് എടുത്തു കഴിക്കാൻ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്. കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതും അവരുടെ മനസ്സിൽ വലിയ ആഘാതം ഉണ്ടാക്കുന്നതുമായ ഇത്തരം പ്രവൃത്തികൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.

ഏറ്റവും ഗൗരവകരമായ കാര്യം, ഈ സംഭവസമയത്ത് ഉദ്ഘാടകയായ മന്ത്രി അവിടെ ഉണ്ടായിരുന്നിട്ടും, ഒരു ജനപ്രതിനിധിയുടെ ഈ ധിക്കാരപരമായ നടപടിയെ തടയാനോ തിരുത്താനോ അവർ തയ്യാറായില്ല എന്നതാണ്. കുട്ടികളുടെ സംരക്ഷണത്തിനും അന്തസ്സിനും വേണ്ടി നിലകൊള്ളേണ്ട ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി, കുട്ടികൾക്ക് നേരെ ഇത്തരമൊരു അനാദരവ് കാട്ടുമ്പോൾ അത് നിശബ്ദമായി നോക്കി നിന്നത് അതീവ ഗുരുതരമായ വീഴ്ചയാണ്. കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ് അവിടെ ഇത്തരമൊരു മോശം പ്രവണതയ്ക്ക് കൂട്ടുനിന്നത് എന്നത് പ്രതിഷേധാർഹമാണ്.

സമൂഹത്തിന്റെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ള കുട്ടികളോട് കാണിച്ച ഈ വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ല. ഈ സംഭവത്തിൽ എം.എൽ.എ മാപ്പു പറയണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം’ -ശിവൻ കുട്ടി ആവശ്യപ്പെട്ടു.

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന റസിഡൻഷ്യൽ സ്കൂളിൽ കുട്ടികളുടെ കൈകളിൽ കൊടുക്കാനുള്ള മടി കാരണമാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്ന് വ്യാപക വിമർശനം ഉയർന്നു. വിഡിയോ ​ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പി കൊടുത്തിരുന്ന പഴയ ജന്മി കാലം കുരുന്നുകൾക്കു മുന്നിൽ പുനരാവിഷ്കരിക്കപ്പെടുകയായിരുന്നുവെന്നും മിഠായി ആ കുഞ്ഞുങ്ങളുടെ കൈയ്യിൽ കൊടുത്താൽ എന്തു പറ്റുമായിരുന്നുവെന്നും നെറ്റിസൺസ് ചോദിച്ചു. ഒരു ജനപ്രതിനിധി കുട്ടികളോട് ഇത്തരത്തിൽ പെരുമാറിയത് അവഹേളിക്കുന്നതിന് തുല്യമാണെന്ന് പലരും ചൂണ്ടിക്കാട്ടി. കുട്ടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഈ പ്രവൃത്തിക്കെതിരെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ച നടക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V MuraleedharanV Sivankuttytribal children
News Summary - Sivankutty Slams V Muraleedharan Over Incident Insulting Children
Next Story