കേരളത്തിന് എസ്.എസ്.കെ ഫണ്ട് കിട്ടാൻ സാധ്യതയുണ്ടെന്ന് വി.ശിവൻകുട്ടി
text_fieldsവി. ശിവന്‍കുട്ടി.
തിരുവനന്തപുരം: കേരളത്തിന് എസ്.എസ്.കെ ഫണ്ട് കിട്ടാൻ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായുള്ള ചർച്ച പോസിറ്റീവായിരുന്നുവെന്നും വി.ശിവൻകുട്ടി പറഞ്ഞു. പത്താം തീയതി ഡൽഹിയിലേക്ക് പോകുന്നുണ്ട്. കേന്ദ്രവിദ്യാഭ്യാസ സെക്രട്ടറിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ചർച്ച നടത്താൻ ശ്രമിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
പി.എം ശ്രീയിൽ സർക്കാർ ഒരു സബ്കമിറ്റിയെ നിയോഗിച്ചിട്ടുണ്ട്. താൻ ആണ് അതിന്റെ ചെയർമാൻ. സബ്കമിറ്റി യോഗം ചേർന്നതിന് ശേഷം അക്കാര്യത്തിലെ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.കെയുടെ ഫണ്ട് വാങ്ങാനുള്ള ശ്രമം നടത്തും. പത്താം തീയതി തൊഴില്‍മന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. അതില്‍ പങ്കെടുക്കാന്‍ പോകുന്നുണ്ട്- മന്ത്രി പറഞ്ഞു.
പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കേരളത്തിന് ലഭിക്കാനുള്ള എസ്എസ്‌കെ ഫണ്ട് കേന്ദ്രം തടഞ്ഞതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഫണ്ടിന്റെ ആദ്യ ഗഡു ഒക്ടോബര്‍ 29-ന് ആയിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ അത് എത്തിയിരുന്നില്ല. ഇത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നു.
പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതോടെ എസ്എസ്‌കെ ഫണ്ട് ഉള്‍പ്പെടെ മറ്റ് കേന്ദ്രഫണ്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ സിപിഐയുടെ കടുത്ത എതിര്‍പ്പിന് പിന്നാലെ പിഎം ശ്രീ നടപ്പാക്കല്‍ മരവിപ്പിക്കുകയും അതേക്കുറിച്ച് പഠിക്കാന്‍ സബ് കമ്മിറ്റി രൂപവത്കരിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

