നിയമസഭ കൈയാങ്കളി കേസ്: ഒടുവിൽ വിചാരണ തുടങ്ങി
text_fieldsതിരുവനന്തപുരം: വിവാദങ്ങൾക്ക് വഴിവെച്ച നിയമസഭ കൈയാങ്കളി കേസിന്‍റെ വിചാരണ നടപടികൾ ആരംഭിച്ചു. 11 വർഷങ്ങൾക്ക് ശേഷമാണ് കേസിന്‍റെ വിചാരണ നടപടികൾ ആരംഭിച്ചത്. പലതവണ നടപടികൾ മേൽകോടതികൾ ഇടപെട്ട് തടയുകയായിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നടന്ന നടപടികളിൽ മുൻ മന്ത്രി വി. ശിവൻകുട്ടി അടക്കം പ്രതികളെ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു.
നിയമസഭ മുൻ അസി. എൻജിനീയർ ശ്യാമയാണ് ഒന്നാം സാക്ഷി. 2015ൽ നിയമസഭ സമ്മേളനം നടക്കുന്നതിനിടെ പ്രതികൾ ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കമുള്ള പൊതുമുതൽ അടിച്ചുതകർക്കുന്നത് താൻ നേരിട്ടു കണ്ടതായി സാക്ഷി മൊഴി നൽകി. നിയമസഭക്കുള്ളിലെ എട്ട് സി.സി.ടി.വി കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പൊലീസ് ഡി.വി.ഡിയിലേക്ക് പകർത്തിയപ്പോഴും അക്രമസംഭവങ്ങൾ വ്യക്തമായി കണ്ടിരുന്നുവെന്ന് സാക്ഷി കോടതിയിൽ ബോധിപ്പിച്ചു.
വി. ശിവൻകുട്ടിക്ക് പുറമെ മുതിർന്ന എൽ.ഡി.എഫ് നേതാക്കളായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ, മുൻ സി.പി.ഐ നേതാവ് കെ. അജിത് എന്നിവരാണ് വിചാരണ നേരിടുന്ന മറ്റ് പ്രതികൾ. ഇവരെയാണ് സാക്ഷി തിരിച്ചറിഞ്ഞത്. അതിനിടെ കേസിലെ മറ്റൊരു സാക്ഷിയായ ശാർങ്ഗധരൻ തന്നെ വിഡിയോ കോൺഫറൻസിങ് വഴി വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
പ്രതിഭാഗവും സ്പെഷൽ പ്രോസിക്യൂട്ടറും ഇത് എതിർത്തു. ശാർങ്ഗധരനെ വിസ്തരിച്ച ശേഷം മാത്രമേ മറ്റ് സാക്ഷികളുടെ ക്രോസ് വിസ്താരം നടത്താവൂയെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗവും ഹരജി ഫയൽ ചെയ്തിട്ടുണ്ട്. ഈ ഹരജികളിൽ കോടതി നവംബർ പത്തിന് വിധി പറയും. ബാർകോഴ വിവാദവുമായി ബന്ധപ്പെട്ട് 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താൻ പ്രതിപക്ഷാംഗങ്ങളായ പ്രതികൾ സഭക്കുള്ളിൽ അക്രമം അഴിച്ചുവിടുകയും 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

