പി.എം ശ്രീയിൽ ചേർന്നത് തന്ത്രപരമായ തീരുമാനം; കുട്ടികൾക്കുള്ള ഫണ്ട് തടയാനാവില്ല -വി.ശിവൻകുട്ടി
text_fieldsവി. ശിവൻകുട്ടി
തിരുവനന്തപുരം: പി.എം ശ്രീയിൽ ചേർന്നത് സംസ്ഥാന സർക്കാറിന്റെ തന്ത്രപരമായ തീരുമാനമാണെന്ന് വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടി. കുട്ടികൾക്ക് അവകാശങ്ങൾ ആർക്കും തടയാനാവില്ല. ഫണ്ടില്ലായ്മ മൂലം പല പദ്ധതികളും പ്രതിസന്ധിയിലാവുന്നുണ്ട്. കുട്ടികളുടെ ഭാവി പന്താടികൊണ്ടുള്ള ഒരു നീക്കത്തിനും തങ്ങൾ തയാറല്ലെന്നും വി.ശിവൻകുട്ടി കൂട്ടിച്ചേർത്തു. പി.എം ശ്രീക്ക് സമാനമായ പി.എം ഉഷ പദ്ധതിയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മുമ്പ് തന്നെ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി.എം ശ്രീയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിട്ടില്ല. എന്നാൽ, അതിന്റെ പേരിൽ വിദ്യാഭ്യാസമേഖലയിലെ മറ്റ് പല പദ്ധതികൾ പ്രകാരവും കിട്ടാനുള്ള പണം കേന്ദ്രസർക്കാർ നൽകാതിരിക്കുന്നതാണ് പ്രശ്നം. ഇത് ലഭിക്കുന്നതിന് വേണ്ടിയാണ് പി.എം ശ്രീയിൽ ഒപ്പിട്ടത്. ഇതുമൂലം 1476 കോടി രൂപ സംസ്ഥാനത്തിന് അധികമായി കിട്ടും. പി.എം ശ്രീയിൽ ഒപ്പിട്ടാലും പാഠ്യപദ്ധതിയിൽ തീരുമാനമെടുക്കുന്നത് സംസ്ഥാന സർക്കാർ തന്നെയാവും. പാഠപുസ്തകങ്ങളും മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.എം എന്ന പേര് ഉപയോഗിക്കുന്നത് സാങ്കേതികം മാത്രമാണെന്നും ഇതുകൊണ്ട് മതേത്വരത്തിലും ശാസ്ത്രീയാടിത്തറയിൽ ഊന്നിയുള്ള കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് നയങ്ങൾക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പി.എം ശ്രീ പദ്ധതിയിൽ ചേർന്ന സാഹചര്യം സി.പി.ഐയെ ബോധ്യപ്പെടുത്തും. അത് മാധ്യമങ്ങളുമായി ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ നിർദേശപ്രകാരം വ്യാഴാഴ്ച ഡൽഹിയിലെത്തിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയാണ് സംസ്ഥാനത്തിനുവേണ്ടി ധാരണാപത്രത്തിൽ ഒപ്പിട്ടത്. പി.എം ശ്രീയിൽ ഒപ്പിടാത്തതിന്‍റെ പേരിൽ ഫണ്ട് തടയപ്പെട്ട സമഗ്രശിക്ഷ കേരളത്തിന്‍റെ (എസ്.എസ്.കെ) ഡയറക്ടർ ഡോ. എ.ആർ. സുപ്രിയയും സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. മൂന്നുതവണ മന്ത്രിസഭ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ പദ്ധതിയിൽ ഒപ്പിടുന്നതിലെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയിലെ മന്ത്രിസഭ യോഗത്തിലും മന്ത്രി കെ. രാജൻ സി.പി.ഐയുടെ പ്രതിഷേധവും ആശങ്കയും അറിയിച്ചു.
പദ്ധതിയിൽ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിയിൽ തടഞ്ഞുവെച്ച കേന്ദ്രവിഹിതം ഉടൻ അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം. വിവിധ വർഷങ്ങളിലെ കേന്ദ്രവിഹിതമായ 1148 കോടി രൂപയാണ് തടഞ്ഞുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

