ഭിന്നശേഷി അധ്യാപക നിയമനം; വെള്ളംചേർക്കാൻ ശ്രമമെന്ന് മന്ത്രി 7,000 ഒഴിവ് വേണ്ടിടത്ത് റിപ്പോർട്ട് ചെയ്തത് 1,400 മാത്രം
text_fieldsവി. ശിവൻകുട്ടി
തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക നിയമനത്തിൽ വെള്ളം ചേർക്കാൻ ഒരുവിഭാഗം സ്കൂൾ മാനേജ്മെന്റുകൾ ബോധപൂർവം ശ്രമിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സമന്വയ റോസ്റ്റർ പ്രകാരം ഏകദേശം 7,000 ഒഴിവുകൾ ഭിന്നശേഷി നിയമനത്തിനായി മാറ്റിവെക്കേണ്ടതാണ്. എന്നാൽ, നിലവിൽ 1,400 ഒഴിവ് മാത്രമേ എയ്ഡഡ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഇത് ഭിന്നശേഷി സംവരണം അട്ടിമറിക്കുന്ന പ്രവണതയാണ്.
നിയമനം നടത്താതെ സർക്കാർ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചുള്ള സമരം രാഷ്ട്രീയപ്രേരിതമാണ്. വിവിധ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ ജില്ലതല സമിതി മുഖേനയുള്ള എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനങ്ങൾ ഒക്ടോബർ 25നകം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വിഷയത്തിൽ സർക്കാറിന് തുറന്ന മനസ്സാണുള്ളത്. സുപ്രീംകോടതി നിർദേശപ്രകാരമാണ് എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാറിന്റെ നിയന്ത്രണത്തിലാക്കാൻ സംസ്ഥാന-ജില്ല തലങ്ങളിൽ ഉദ്യോഗസ്ഥ സമിതികൾ രൂപവത്കരിച്ചത്. ജില്ല സമിതി പരിശോധിക്കുന്ന അപേക്ഷകൾക്ക് ശേഷവും നിലനിൽക്കുന്ന പരാതികൾ പരിശോധിക്കാൻ സംസ്ഥാനതലത്തിൽ നവംബർ 10നകം അദാലത്ത് സംഘടിപ്പിക്കും.
അപേക്ഷ ഒക്ടോബർ 30നകം സംസ്ഥാനതല സമിതി കൺവീനറായ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം. ജില്ലതല സമിതി മുഖേനയുള്ള നിയമനം ആവശ്യമെങ്കിൽ വർഷത്തിൽ രണ്ടുതവണ നടത്തുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

