'മഴവില്ലിലെ വർണങ്ങളെ കുറിച്ച് പഠിപ്പിക്കാൻ ടെക്സ്റ്റ് ബുക്ക് ഫോട്ടോസ്റ്റാറ്റ് എടുത്ത് കൊടുത്തവരാണ്'; ചെന്നിത്തലക്ക് മറുപടിയുമായി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: 'തുഗ്ലക്ക് പരിഷ്കാരം' പരാമർശത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 'മഴവില്ലിലെ വർണങ്ങളെ കുറിച്ച് പഠിപ്പിക്കാൻ ടെക്സ്റ്റ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികളെ കാണിച്ചവരാണ് പാഠപുസ്തകം നേരത്തെ എത്തിച്ചപ്പോൾ "തുഗ്ലക്ക് പരിഷ്കാരം" എന്ന് പറയുന്നത്...!!!' എന്നാണ് രമേശ് ചെന്നിത്തലക്ക് മറുപടിയായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
സംസ്ഥാനത്ത് പാഠപുസ്തകം നേരത്തെ അടിക്കുന്നത് തുഗ്ലക് പരിഷ്കാരമാണെന്നായിരുന്നു രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അടുത്ത ക്ലാസിലേക്ക് ജയിച്ചോ ഇല്ലയോ എന്ന് അറിയാതെയാണോ പാഠപുസ്തകം കൊടുക്കുന്നതെന്നും കുട്ടികൾ ജയിച്ചോ എന്ന് തീരുമാനിക്കുന്നത് ശിവൻകുട്ടിയാണോ എന്നും അദ്ദേഹം ചോദിച്ചു.
'അടുത്ത ക്ലാസിലേക്ക് ജയിച്ചോ ഇല്ലയോ എന്ന് അറിയാതെയാണോ പാഠപുസ്തകം കൊടുക്കുന്നത്. എട്ടാം ക്ലാസിലെ വിദ്യാർഥി ഒമ്പതാം ക്ലാസിലേക്ക് ജയിച്ചോ എന്ന് തീരുമാനിക്കുന്നത് ശിവൻകുട്ടിയാണോ? പരീക്ഷാ പേപ്പർ നോക്കണ്ടേ അതിന്? എന്തൊക്കെ തുഗ്ലക് പരിഷ്കാരങ്ങളാണ്. പുസ്തകം നേരത്തെ അടിച്ചെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ്. പുസ്തകം അടിക്കുന്നത് ഭരണനേട്ടമാണോ? കേരളത്തിൽ ഇതുവരെ നേരത്തെ പുസ്തകം അടിച്ചിട്ടില്ലേ? പണ്ടൊക്കെ എഴുത്തോലയിലാണ് കുട്ടികൾ പഠിച്ചോണ്ടിരുന്നത്' -എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് ഭരണകാലത്ത് ഒരു തവണ മാത്രമാണ് പാഠപുസ്തക വിതരണം വൈകിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. പാഠപുസ്തകം നേരത്തെ വിതരണം ചെയ്യുന്നത് നല്ലകാര്യമാണെന്നും പക്ഷെ കരിക്കുലത്തില്‍ മാറ്റം വരുത്തുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാഠപുസ്തകം നേരത്തെ കൊടുക്കുന്നതിനെ വിമര്‍ശിക്കുന്നില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

