പി.എം ശ്രീയിലും പ്രശ്‌നം വഷളാക്കിയത് സി.പി.ഐ, അധികാരത്തിനായി ആശയം മാറ്റുന്നു; പ്രതിപക്ഷ നേതാവിനെ അപമാനിച്ചുവെന്നും ശിവന്‍കുട്ടി
text_fieldsതിരുവനന്തപുരം: നിയമസഭാ പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ സി.പി.ഐക്കെതിരെയും പത്രവാർത്തകൾക്കെതിരെയും രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സി.പി.എം നേതാവുമായ വി. ശിവൻകുട്ടി. ജനയുഗത്തിൽ പ്രസിദ്ധീകരിച്ച ലേഖനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, മുന്നണിയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങളിലൂടെ ചർച്ചയാക്കുന്നത് രാഷ്ട്രീയ മര്യാദയ്ക്ക് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്വീകരിച്ച നിലപാട് തികച്ചും ജനാധിപത്യപരവും പ്രായോഗിക രാഷ്ട്രീയ സാഹചര്യം മുന്നിൽ കണ്ടുകൊണ്ടുള്ളതുമാണ്.
എന്നാൽ ലേഖനത്തിലൂടെ സി.പി.ഐയും സത്യൻ മൊകേരിയും പ്രതിപക്ഷ നേതാവിനെ അപമാനിക്കുകയാണ് ചെയ്തതെന്നും ഇത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും ശിവൻകുട്ടി ആരോപിച്ചു. നിയമസഭാ ഉപനേതൃ സ്ഥാനം മുൻപ് തൊട്ടേ സി.പി.എമ്മാണ് വഹിക്കുന്നത്. സി.പി.ഐക്ക് ലഭിച്ച മന്ത്രിസ്ഥാനം മറ്റാർക്കെങ്കിലും നൽകാൻ സാധിക്കുമോ എന്ന് ചോദിച്ച അദ്ദേഹം, ഉപനേതാവ് പദവി ലഭിക്കാത്തതിന്റെ പേരിൽ സി.പി.ഐ നടത്തുന്നത് തികച്ചും അടിസ്ഥാനരഹിതമായ നീക്കങ്ങളാണെന്നും കൂട്ടിച്ചേർത്തു. പിണറായി വിജയനെ വ്യക്തിപരമായി ലക്ഷ്യം വെച്ചുകൊണ്ട് നടത്തുന്ന ഈ നീക്കങ്ങൾക്ക് പിന്നിൽ അടിസ്ഥാനമില്ലെന്നും, സി.പി.ഐയിൽ മുന്നണി വിപുലീകരണത്തിനുള്ള താല്പര്യം കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി.എം. ശ്രീ വിഷയത്തിലടക്കം പ്രശ്നം വഷളാക്കിയത് സി.പി.ഐയാണെന്നും അധികാരത്തിന് വേണ്ടി പാർട്ടി തത്വങ്ങൾ മാറ്റുന്ന സ്ഥിതിയിലാണ് അവരെന്നും അദ്ദേഹം പറഞ്ഞു. ജനയുഗത്തിൽ വന്ന ലേഖനം പാർട്ടിയുടെ കൂട്ടായ തീരുമാനപ്രകാരം തയ്യാറാക്കിയതാണോ എന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കണമെന്നും, അങ്ങനെയല്ലെങ്കിൽ മറുപടി പറയാൻ നേതാക്കൾ തയ്യാറാകണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ പിണറായി വിജയൻ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്ട്രീയത്തിൽ ഉയർത്തിപ്പിടിക്കേണ്ട ധാർമ്മികതയില്ലായ്മയുമാണെന്ന് വിമർശിച്ചായിരുന്നു സി.പി.ഐ മുഖപത്രമായ 'ജനയുഗ'ത്തിൽ സത്യൻ മൊകേരിയുടെ ലേഖനം. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എൽ.ഡി.എഫിൽ കൂട്ടായ പ്രവർത്തനത്തിനായി സി.പി.ഐ മുന്നോട്ടുവെച്ച പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വിവിധ തലങ്ങളിൽ ചർച്ച ചെയ്തുകൊണ്ടിരിക്കെയാണ്, ഉപനേതാവിനെ നിശ്ചയിച്ച് സ്പീക്കർക്ക് കത്തുകൊടുക്കേണ്ടത് താനാണെന്നും സി.പി.ഐ.എം നേതാവിന്റെ പേര് നൽകുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ഏകപക്ഷീയമായി പ്രഖ്യാപിച്ചത്. രണ്ട് പാർട്ടികളുടെയും ദേശീയ-സംസ്ഥാന നേതൃത്വങ്ങൾക്ക് മുന്നിലുള്ള ഈ രാഷ്ട്രീയ വിഷയത്തിൽ, താന്‍ തീരുമാനിക്കും; എല്ലാം താനാണ് എന്നഭാവം മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന് സഹായകരമല്ലെന്നും ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും യോജിച്ചതുമല്ലെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

