ഗസ്സ ഐക്യദാർഢ്യ മൈം: വാക്ക് പാലിച്ചു, നിലപാടിൽ ഉറച്ചുനിന്ന വിദ്യാർഥികൾക്ക് അഭിനന്ദനം -വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: കാസർകോട് കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സംഘ്പരിവാർ അനുകൂല അധ്യാപകർ നിർത്തിവെപ്പിച്ച ഗസ്സ ഐക്യദാർഢ്യ മൈം അതേ വേദിയിൽ വീണ്ടും അവതരിപ്പിച്ചതിൽ വിദ്യാർഥികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തടഞ്ഞുവെക്കപ്പെട്ട മൈം, അതേ വേദിയിൽ അവതരിപ്പിക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് അവസരമൊരുക്കുമെന്ന് ഉറപ്പുനൽകിയിരുന്നെന്നും ആ വാക്ക് യാഥാർഥ്യമായെന്നും വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഇതിനായി മുന്നിട്ടിറങ്ങിയ സംഘാടകരെയും അധ്യാപകരെയും ധീരമായി നിലപാടിൽ ഉറച്ചുനിന്ന പ്രിയ വിദ്യാർഥികളെയും അഭിനന്ദിക്കുന്നെന്നും നിങ്ങളുടെ ധൈര്യമാണ് നാളെയുടെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ കുറിപ്പ്
കാസർഗോഡ് കുമ്പള ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കലോത്സവ വേദിയിൽ തടഞ്ഞുവെക്കപ്പെട്ട മൈം, അതേ വേദിയിൽ അവതരിപ്പിക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ആ വാക്ക് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ആ വിദ്യാർത്ഥികളുടെ സർഗാത്മകമായ പ്രതിഷേധം വിജയകരമായി വേദിയിലെത്തി.
കുട്ടികളുടെ ജനാധിപത്യപരവും മതനിരപേക്ഷവുമായ അവകാശങ്ങൾക്കും അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ഈ സർക്കാർ എന്ന് ഒരിക്കൽ കൂടി ഉറക്കെ പ്രഖ്യാപിക്കുകയാണ്. തടസ്സങ്ങളെല്ലാം മാറ്റി, അവരുടെ മൈം അവതരിപ്പിക്കാൻ അവസരമൊരുക്കിയതിലൂടെ നാം ഉയർത്തിപ്പിടിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെയും കലയുടെ ശക്തിയെയുമാണ്. ലോകമെങ്ങുമുള്ള അനീതിക്കെതിരെ ശബ്ദിക്കാൻ നമ്മുടെ കുട്ടികൾക്ക് ധൈര്യവും പ്രോത്സാഹനവും നൽകേണ്ടത് നമ്മുടെ കടമയാണ്.
അവതരണത്തിന് അവസരമൊരുക്കാൻ മുന്നിട്ടിറങ്ങിയ സംഘാടകരെയും അധ്യാപകരെയും, ധീരമായി തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്ന പ്രിയ വിദ്യാർത്ഥികളെയും ഹൃദയത്തോട് ചേർത്തഭിനന്ദിക്കുന്നു. നിങ്ങളുടെ ധൈര്യമാണ് നാളെയുടെ പ്രതീക്ഷ. എല്ലാ ഭാവുകങ്ങളും നേരുന്നു.
വെള്ളിയാഴ്ചയാണ് സ്കൂൾ കലോത്സവത്തിൽ ഗസ്സ ഐക്യദാർഢ്യ മൈം അവതരിപ്പിക്കുന്നതിനിടെ അധ്യാപകർ തടഞ്ഞത്. സംഘ്പരിവാർ അനുകൂല ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാർ, സുപ്രീത് എന്നിവർ വേദിയിലേക്ക് ചാടിക്കയറി കർട്ടൻ താഴ്ത്തുകയായിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട വിദ്യാഭ്യാസ പരിപാടി അവതരിപ്പിക്കാൻ കുട്ടികൾക്ക് വീണ്ടും അവസരം നൽകുമെന്നും പറഞ്ഞിരുന്നു. ഈ രണ്ടു അധ്യാപകരെയും മാറ്റിനിർത്തിയാണ് ഇന്ന് മൈം വീണ്ടും അരങ്ങേറിയത്. അതേസമയം, വിവാദ മൈം അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി. മാർച്ച് സ്കൂൾ കവാടത്തിൽ പൊലീസ് തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

