കുഞ്ഞുങ്ങൾ ബി.ജെ.പി സെക്രട്ടറിയുടെ കാലുവരെ കഴുകേണ്ടി വന്നു, ഇത് മാനസിക പീഡനത്തിന്റെ പരിധിയിൽപെടും -മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ഭാരതീയ വിദ്യാനികേതൻ നടത്തുന്ന ചില സ്‌കൂളുകളിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ചെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ വകുപ്പ് പതിനേഴ് ഒന്ന് പ്രകാരം ഇത്തരം നടപടികൾ മെന്റൽ ഹരാസ്‌മെന്റിന്റെ പരിധിയിൽപെടും. സർവിസ് റൂൾ പ്രകാരം ഇത്തരം കാര്യങ്ങൾ ചെയ്യിക്കുന്നവർ ശിക്ഷാ നടപടികളെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
‘ആലപ്പുഴയിൽ ബി.ജെ.പി ജില്ലാ സെക്രട്ടറിയുടെ കാലുവരെ കുഞ്ഞുങ്ങൾ കഴുകേണ്ടി വന്നു. ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കുകയാണ്’ -മന്ത്രി വ്യക്തമാക്കി.
കാല് കഴുകിപ്പിക്കൽ ഭരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നുള്ള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ന്യായീകരിച്ചിരുന്നു. അതിനെ എതിർക്കുന്നവർ സംസ്‌കാരത്തെയാണ് തള്ളിപ്പറയുന്നത് എന്നും ഗവർണർ പറഞ്ഞിരുന്നു. എന്നാൽ, കുട്ടികളെക്കൊണ്ട് കാല് കഴുകിപ്പിക്കുന്നത് പോലുള്ള സംസ്‌കാരം എന്തായാലും കേരളത്തിനില്ലെന്നും ഇത് ഇന്ത്യൻ സംസ്‌കാരത്തിനും യോജിച്ച ഒന്നല്ല എന്ന് തന്നെയാണ് തങ്ങളുടെയൊക്കെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. ‘ഗവർണറുടെ വാക്കുകളിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ആർഎസ്‌എസിന്റെ അജണ്ടയാണ്. ഗവർണറെ പോലുള്ള ഒരാളുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് ദു:ഖകരമാണ്. നമ്മുടെ കൊച്ചു മക്കളെക്കൊണ്ടാണ് കാല് കഴുകിപ്പിച്ചിരിക്കുന്നത്. ഭാരതീയ സംസ്‌കാരത്തിൽ അതേക്കുറിച്ച് എവിടെയാണ് പറയുന്നത് എന്ന് എനിക്കറിയില്ല. ഭാരതീയ സംസ്‌കാരത്തെക്കുറിച്ചുള്ള ഒരുപാട് ഗ്രന്ഥങ്ങളുണ്ട്. ഇവയിൽ എവിടെയെങ്കിലും പറയുന്നുണ്ടോ സ്‌കൂൾ കുട്ടികളെക്കൊണ്ട് ബിജെപി നേതാക്കൻമാരുടെ കാല് കഴുകിപ്പിക്കാൻ. കേരളത്തിൽ പഠിക്കുന്ന ഒരു വിദ്യാർഥിയെക്കൊണ്ടും അധ്യാപകന്റെയൊ മറ്റാരുടേയോ കാല് കഴുകിപ്പിക്കുന്നതിനുള്ള ഒരവസരം ഉണ്ടാക്കില്ല. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നുള്ള നിർദേശം ബന്ധപ്പെട്ട സ്‌കൂൾ അധികൃതർക്ക് നൽകാൻ പോവുകയാണ്’– വി ശിവൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

