വിദ്യാർഥികളുടെ മൗലികാവകാശങ്ങളിൽ കടന്നുകയറാനും സ്വന്തം ചട്ടങ്ങൾ ഉണ്ടാക്കാനും ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല -വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കാൻ ഒരു സ്കൂളിനെയും അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കൊച്ചി സെന്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ വിദ്യാർഥിനിയെ ക്ലാസിൽനിന്ന് മാറ്റി നിർത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണ്. ഒരു കുട്ടിയെ വിദ്യാലയത്തിൽനിന്ന് അകറ്റി നിർത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നിൽക്കലാണ്. സർക്കാർ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരിലോ വ്യക്തിപരമായ ഇഷ്ടങ്ങളുടെ പേരിലോ ഒരു കുട്ടിക്കും ആ അവകാശം നിഷേധിക്കപ്പെടാൻ പാടില്ല. ക്ലാസിൽ നിന്ന് പുറത്താക്കപ്പെട്ട ആ കുഞ്ഞ് അനുഭവിച്ച മാനസിക സമ്മർദ്ദം വളരെ വലുതായിരിക്കും. സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നിലപാടാണ് ആ കുഞ്ഞിനെ സമ്മർദത്തിലാക്കിയത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തുല്യ ഉത്തരവാദിത്തമുള്ള വിഷയമാണ്. കേരളത്തിലെ വിദ്യാലയങ്ങൾ രാജ്യത്തും സംസ്ഥാനത്തും നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി വേണം പ്രവർത്തിക്കാൻ. ഭരണഘടന ഉറപ്പുനൽകുന്ന വിദ്യാർഥികളുടെ മൗലിക അവകാശങ്ങളിൽ കടന്നുകയറാനോ അതിനെതിരായി സ്വന്തം ചട്ടങ്ങൾ ഉണ്ടാക്കാനോ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. അതിന് വിഘാതം സൃഷ്ടിക്കുന്ന ഒരു നടപടിയും സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
ഇന്ന് രാവിലെയും ഇതേ വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചിരുന്നു. ശിരോവസ്ത്രം ധരിച്ച ടീച്ചർ സ്കൂളിൽ ഹിജാബ് പാടില്ലെന്ന് പറയുന്നത് വിരോധാഭാസമാണെന്നും കുട്ടി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്നുമാണ് മന്ത്രി പറഞ്ഞത്. ‘കുട്ടി എന്ത് കാരണത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്കൂൾ വിട്ടുപോകുന്നതെന്നത് പരിശോധനക്ക് വിധേയമാക്കും. അതിന് കാരണക്കാരായവർ സർക്കാറിനോട് മറുപടി പറയേണ്ടിവരും. കുട്ടിക്ക് മാനസിക സംഘർഷത്തിന്‍റെ പേരിൽ എന്തെങ്കിലും ബുദ്ധുമുട്ടുണ്ടായിൽ അതിന്‍റെ പൂർണ ഉത്തരവാദി സ്കൂൾ അധികാരികളായിരിക്കും. ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമങ്ങളുമുണ്ട്. അതിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ വിദ്യാഭ്യാസം അനുവദിക്കു. ഒരാഴ്ചയായി ആ കുട്ടി അനുഭവിക്കുന്ന മാനസിക സംഘർഷം എത്രമാത്രമായിരിക്കും. അങ്ങനെ ഒരു കൊച്ചു കുട്ടിയോട് പെരുമാറാൻ പാടുണ്ടോ? സ്കൂളിൽ തന്നെ പറഞ്ഞുതീർക്കേണ്ട വിഷയമാണ് ഇത്തരത്തിൽ വഷളാക്കിയത്’ -മന്ത്രി പറഞ്ഞു.
കുട്ടിയെ സംരക്ഷിക്കുക എന്നതാണ് സർക്കാറിന്‍റെ നിലപാട്. ലീഗൽ അഡ്വൈസർ സ്കൂളിന്‍റെ കാര്യം സംസാരിക്കേണ്ട. ശിരോവസ്ത്രം ധരിച്ചിരിക്കുന്ന ഒരു ടീച്ചർ കുട്ടിയോട് ശിരോവസ്ത്രം ധരിക്കാൻ പാടില്ല എന്ന് പറയുന്നത് വിരോധാഭാസമാണ്. യൂനിഫോം നിറമുള്ള ശിരോവസ്ത്രം അനുവദിക്കുകയാണ് വേണ്ടത്. സര്‍ക്കാരിന് മറുപടി പറയേണ്ടത് ലീഗല്‍ അഡ്വൈസറല്ലെന്നും ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ട വിഷയം വഷളാക്കിയെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

