കോൺഗ്രസ് സമരം ചെയ്യുമ്പോൾ പൂവിട്ട് പൂജിക്കാനാവില്ല, പരിക്കേൽക്കുന്നത് ലോകത്ത് ആദ്യ സംഭവമല്ല -വി. ശിവൻകുട്ടി
text_fieldsവി.ശിവൻകുട്ടി
തിരുവനന്തപുരം: സമരം ചെയ്യുമ്പോൾ പരിക്കേൽക്കുന്നത് ലോകത്ത് ആദ്യ സംഭവമല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇനി കോൺഗ്രസുകാർ സമരം ചെയ്യുമ്പോൾ പൊലീസുകാർക്ക് ഒരു കുട്ട പൂവ് വാങ്ങി കൊടുക്കുന്നതാവും നല്ലതെന്നും മന്ത്രി പറഞ്ഞു. ഷാഫി പറമ്പിൽ എം.പിയ്‌ക്ക് പൊലീസ് മർദ്ദനമേറ്റ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കോൺഗ്രസ് സമരം ചെയ്യുമ്പോൾ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയല്ല. സമരം ഉണ്ടാകുമ്പോൾ സംഘർഷമുണ്ടാകുന്നതും പൊലീസ് ഇടപെടുന്നതുമൊക്കെ പണ്ട് മുതലേയുള്ള കാര്യമാണ്. നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പൊലീസ് കൈകാര്യം ചെയ്യും. അത് ഞാൻ സമരം ചെയ്ത കാലത്തും അങ്ങനെയാണ്. ചില ചാനലുകൾ ഷാഫിക്ക് പരുക്കേറ്റു എന്ന് വാർത്ത കൊടുക്കുന്നത് കണ്ടാൽ തോന്നും ഇതൊക്കെ കേരളത്തിൽ ആദ്യമായി നടക്കുന്നതാണെന്ന്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വെല്ലുവിളി കേരളത്തിൽ വിലപ്പോവില്ല. വെല്ലുവിളിയെ പുച്ഛത്തോടെ കാണുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ് വന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വി. ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ എത്രയോ ആരോപണങ്ങൾ ഇതുപോലെ വന്നിരിക്കുന്നു, മകൾക്കെതിരായ ആരോപണവുമായി കോടതിയിൽ പോയിട്ട് സുപ്രീംകോടതി അത് വലിച്ച് കീറിയില്ലേ? പ്രതിപക്ഷം എന്തൊക്കെയാണ് കാട്ടികൂട്ടുന്നത്. പ്രതിപക്ഷത്തിന് ഇപ്പോൾ ആകെ സമനില തെറ്റിയിരിക്കുകയാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.
‘മുഖം നോക്കാതെ നടപടി’
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാറിനെ പ്രതിചേർത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. വിഷയത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരം വിഷയത്തിൽ പാർട്ടിക്കാരൻ എന്ന പരിഗണന ഉണ്ടാകില്ല. അന്വേഷണം എന്തായാലും നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

