സ്കൂൾ കലോത്സവത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ മൈം തടയാൻ ആർക്കാണ് അധികാരം? -വി. ശിവൻകുട്ടി; വിദ്യാർഥികൾക്ക് വീണ്ടും അവസരമൊരുക്കുമെന്ന്
text_fieldsകാസർകോട്: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്കൂൾ കലോത്സവത്തിൽ മൈം ഷോ അവതരിപ്പിച്ചത് നിർത്തിവെപ്പിച്ച സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കാസർഗോഡ് കുമ്പള ഹയർ സെക്കൻഡറി സ്‌കൂളിലുണ്ടായ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്.
ഗസ്സ പ്രമേയമായ മൂകാഭിനയ മൽസരത്തിൽ അവതരണം തീരും മുമ്പേ അധ്യാപകർ കർട്ടനിടുകയായിരുന്നു. വിഷയം വിവാദത്തിലും സംഘർഷത്തിലും എത്തിയതോടെ സ്കൂൾ കലോത്സവംതന്നെ നിർത്തിവെച്ചു. വെള്ളി, ശനി ദിവസങ്ങളിലായി നടക്കേണ്ട കലോത്സവത്തിൽ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ഹയർ സെക്കൻഡറി വിദ്യാർഥികളുടെ മൈം ഷോയിലാണ് ഗസ്സ പ്രമേയമാക്കി അവതരിപ്പിച്ചത്. 10 മിനിറ്റ് ദൈർഘ്യമുള്ള മൈം രണ്ട് മിനിറ്റും 10 സെക്കൻഡും വേദിയിൽ അരങ്ങേറി. തുടർന്ന് മത്സരാർഥികൾ ഗസ്സ ദൈന്യതയുടെ പ്ലക്കാർഡ് ഉയർത്തിയപ്പോൾ മൂന്ന് ഹയർ സെക്കൻഡറി അധ്യാപകർ രംഗത്തെത്തി കർട്ടൻ താഴ്ത്താൻ നിർദേശം നൽകുകയായിരുന്നു. അവതരണം നിഷേധിച്ചതോടെ മൈം അവതരിപ്പിച്ച വിദ്യാർഥികൾ പുറത്തിറങ്ങി പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു.

വിഷയം സംഘർഷത്തിലേക്ക് മാറിയതോടെ പൊലീസെത്തി രംഗം ശാന്തമാക്കി. ശനിയാഴ്ച രാവിലെ ചേർന്ന പി.ടി.എ യോഗത്തിലേക്ക് വിദ്യാർഥികൾ ഇരച്ചുകയറി. പൊലീസെത്തി വിദ്യാർഥികളെ അറസ്റ്റ് ചെയ്തുനീക്കി. എം.എസ്.എഫ്, എസ്.എഫ്.ഐ വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷ്റഫ് എം.എൽ.എ എന്നിവർ സ്ഥലത്തെത്തിയിരുന്നു. മൂകാഭിനയം അവതരിപ്പിക്കുന്നതിനെ എതിർത്തിരുന്നില്ലെന്നും പ്ലക്കാർഡ് ഉയർത്താൻ പാടില്ലെന്ന് നിർദേശം നൽകിയിരുന്നതായും അധ്യാപകർ പറഞ്ഞു. ഗസ്സ പ്രമേയമായ പരിപാടികൾ അവതരിപ്പിക്കാൻ പാടില്ലെന്നും പഹൽഗാം പോലുള്ള ഇന്ത്യൻ വിഷയങ്ങൾ ആകാമെന്നും ചില അധ്യാപകർ നേരത്തേതന്നെ നിർദേശം നൽകിയിരുന്നു. തങ്ങൾ അവതരിപ്പിക്കുന്ന പ്രമേയം അധ്യാപകരെ കാണിച്ചിരുന്നു. അതിൽ അധ്യാപകർ നിർദേശിച്ച മാറ്റങ്ങൾ വരുത്തിയതായും വിദ്യാർഥികൾ പറഞ്ഞു.
ഫലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. കുമ്പള സ്‌കൂളിലെ വിദ്യാർഥികൾക്ക് ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരമൊരുക്കും അദ്ദേഹം അറിയിച്ചു.
മന്ത്രിയുടെ കുറിപ്പ്
കാസർഗോഡ് കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിൽ കലോത്സവത്തിൽ മൈം അവതരിപ്പിച്ചതിന് പരിപാടി നിർത്തി വെപ്പിയ്ക്കുകയും കലോത്സവം തന്നെ മാറ്റി വെയ്ക്കുകയും ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പലസ്തീൻ വിഷയത്തിൽ മൈം അവതരിപ്പിച്ചതിനാണ് നടപടി എന്നാണ് മനസ്സിലാക്കുന്നത്. ഒരു കാര്യം വ്യക്തമായി പറയാം. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം.
പലസ്തീനിൽ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളം.
പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം? കുമ്പള സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരമൊരുക്കും എന്ന കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.
ഇസ്രായേലിന്‍റെ വംശഹത്യക്കിരയാകുന്ന ഫലസ്തീനികൾക്ക് ഐക്യാദാർഢ്യവുമായാണ് കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാർഥികൾ മൈം അവതരിപ്പിച്ചത്. കലോത്സവത്തിൽ അവതരിപ്പിക്കുന്ന മൈമിന്‍റെ തീം ഫലസ്തീനാണെന്ന് അറിഞ്ഞതോടെ പരിപാടി പൂർത്തിയാകുന്നതിന് മുമ്പ് അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

