പിണറായിയുടെ ഡി.ജി.പി തച്ചങ്കരിയെന്ന് വി.മുരളീധരൻ
text_fieldsതിരുവനന്തപുരം: സെൻകുമാർ കേസിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കുക മാത്രമല്ല വിധിയുടെ അന്ത:സത്തയെ തന്നെ അട്ടിമറിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ ആരോപിച്ചു. കോടതി വിധി നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നതിനിടയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നടത്തിയ സ്ഥാന ചലനങ്ങൾക്ക് ഈ സാഹചര്യത്തിൽ ദുരൂഹതയുണ്ട്. ഏറ്റവും അധികം ആരോപണ വിധേയനും അഴിമതിക്കാരനുമായ ടോമിൻ തച്ചങ്കരിയെ ഡി.ജി.പി ആക്കാനാണ് പിണറായിയും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് ഇതോടെ വ്യക്തമായിക്കഴിഞ്ഞു. അതിന് കളമൊരുക്കാനാണ് വിധിക്ക് വ്യക്തത വരുത്താനെന്ന പേരിൽ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾ നടപ്പിലാക്കുന്ന ഒരു സംവിധാനത്തെ ഡി.ജി.പിക്ക് തൊട്ടുതാഴെ തലപ്പത്ത് നിർത്താനാണ് പെട്ടെന്ന് അഴിച്ചുപണി നടത്തിയത്.
ഡി.ജി.പിയാണോ പൊലീസ് ചീഫാണോ എന്ന വ്യക്തതയാണ് സർക്കാരിന് കോടതിയിൽ നിന്ന് വേണ്ടിയിരുന്നതെങ്കിൽ അതിന് മുമ്പ് പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയെ മാറ്റിയതെന്തിനാണ് ? കോടതി വിധി വന്നതിന് ശേഷം വിധിയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇത് കോടതിയോടും നീതിന്യായ വ്യവസ്ഥയോടും ജനാധിപത്യ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്. നേരത്തെ നടന്ന ഐ.എ.എസ് പോരിന് സമാനമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ അസ്വാസ്ഥ്യമുണ്ടാക്കി മറ്രൊരു ഐ.പി.എസ് പോരിനുള്ള കളമൊരുക്കുകയാണ് സംസ്ഥാന സർക്കാരും സി.പി.എമ്മും ചെയ്യുന്നതെന്ന് വി.മുരളീധരൻ ആരോപിച്ചു. സുപ്രീംകോടതി വിധി ഇത്രയും താമസിപ്പിച്ചതിന് സംസ്ഥാന സർക്കാർ കോടതിയോട് മാത്രമല്ല കേരളത്തിലെ ജനങ്ങളോടും മാപ്പുപറയണം. പിണറായിയുടെ ധാർഷ്ട്യത്തിന് കോടതിയിട്ട പിഴ ജനങ്ങളിൽ നിന്നീടാക്കാൻ പാടില്ല. അത് മുഖ്യമന്ത്രി കൈയിൽ നിന്നെടുത്തു നൽകണമെന്നും വി.മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
