ഗവര്‍ണറെ ആക്രമിക്കാന്‍ പിണറായി ആഹ്വാനം ചെയ്യുന്നുവെന്ന് വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അക്രമത്തിന് ഒരുമ്പെട്ട എസ്.എഫ്.ഐക്കാരെ പിണറായി വിജയന്‍ പ്രോത്സാഹിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആയല്ല, പാർട്ടി നേതാവ് ആയി മാത്രമാണ് പിണറായി സംസാരിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.
ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കുമ്പോള്‍ ഗവര്‍ണറെ തടയുമെന്ന് വെല്ലുവിളിക്കുന്നവര്‍ പാണക്കാട് തങ്ങളുടെ കുടുംബത്തിലെ വിവാഹത്തിന് പോകുമ്പോള്‍ തടയാത്തത് എന്തെന്ന് മുരളീധരന്‍ ചോദിച്ചു. ഗുരുവിനെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് പ്രചാരണങ്ങള്‍ തിരുത്താന്‍ ആരിഫ് മുഹമ്മദ് ഖാനെ പോലുള്ള പണ്ഡിതർക്ക് കഴിയും. അതാണ് സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നത്.
സെനറ്റിലേക്ക് അംഗങ്ങളെ നോമിമേറ്റ് ചെയ്യാൻ സര്‍വകലാശാല ചട്ടപ്രകാരം ചാൻലസലർക്ക് അധികാരമുണ്ട്. ആരുടേയും ശുപാർശ സ്വീകരിക്കേണ്ടതില്ല. സി.പി.എം പാർട്ടി ഓഫിസിൽ നിന്ന് നല്‍കുന്ന ലിസ്റ്റിൽ ഒപ്പുവയ്ക്കുന്ന ആളല്ല ഇപ്പോഴത്തെ ഗവർണർ എന്നും വി.മുരളീധരൻ പറഞ്ഞു.
കമ്യൂണിസത്തോട് വിയോജിച്ചവരെ ഇല്ലാതാക്കുന്ന രീതിയാണ് മാർകിസ്സ്റ്റ് പാർട്ടിക്കുള്ളത്. ആരിഫ് മുഹമ്മദ് ഖാനോടുള്ള അസഹിഷ്ണുതക്കും ഇതേ കാരണം തന്നെയാണുള്ളത്. ടി.പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി ഇല്ലാതാക്കിയതും പിണറായിയുടെ ആഹ്വാന പ്രകാരമായിരുന്നു.
കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിനും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. പകരം നികുതിപ്പണം ഉപയോഗിച്ച് യാത്ര ചെയ്ത് ഗവര്‍ണറെയും കേന്ദ്രസര്‍ക്കാരിനെയും ചീത്ത വിളിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട വികലമായ നയങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ശ്രമമെന്നും വി.മുരളീധരൻ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരെന്ന പേരില്‍ ക്രിമിനലുകളെ കൂടെക്കൊണ്ടു നടക്കുന്ന മുഖ്യമന്ത്രിയുടെ രീതി ജനം വിലയിരുത്തട്ടെ എന്നും വി.മുരളീധരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

