സി.പി.എമ്മിന്റെ സങ്കുചിത രാഷ്ട്രീയം ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർക്കുന്നുവെന്ന് വി.മുരളീധരൻ
text_fieldsതിരുവനന്തപുരം: സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടിയുള്ള ഇടപെടലുകളിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ എൽ.ഡി.എഫ് സർക്കാർ നശിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വസ്തുതകള്‍ പറയുമ്പോള്‍ വൈകാരികമാക്കി മറുപടി പറയാനാണ് കേരളം ഭരിക്കുന്നവര്‍ ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
ഗുണമേന്‍മയുള്ള. വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നത്. എന്നാൽ ഇതിന്റെ പേരിൽ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും ഉന്നതവിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള തർക്കമാണ് ഇന്ന് സംസ്ഥാനത്ത് ഉള്ളത്. നയം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ പേരില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്.
കേരളത്തിൽ 43 കോളജുകളിൽ പ്രിൻസിപ്പൽമാർ ഇല്ലാത്ത അവസ്ഥയുണ്ട്. സിപിഎമ്മിന് വേണ്ടപ്പെട്ടവരെ കാത്ത് നിയമനം വൈകിപ്പിക്കുകയാണ്. വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി സംസ്ഥാനം വിടുന്ന സാഹചര്യമാണുള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇങ്ങോട്ട് വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് വരാത്തത് എന്തുകൊണ്ടെന്നതിന് ഭരിക്കുന്നവർക്ക് മറുപടി ഉണ്ടോ എന്നും വി. മുരളീധരൻ ചോദിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇത്തരം അന്ധമായ രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് എക്കാലത്തും കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ പിന്നോട്ടടിച്ചിട്ടുള്ളത് എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ഉച്ചക്കഞ്ഞി കൊടുത്താൽ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാദിത്തം തീരില്ല. രാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങളെ സമീപിക്കാൻ കേരള സർക്കാർ തയാറാകണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

