വി. കുഞ്ഞികൃഷ്ണൻ പുറത്തേക്ക് സി .പി.എം യോഗം ഇന്ന്
text_fieldsകണ്ണൂര്‍: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തിൽ ജില്ല കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ പുറത്തേക്ക്. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാവും. ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച നടക്കും.സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഫണ്ട് തിരിമറി ആരോപണം വീണ്ടും പരസ്യമായി ഇപ്പോൾ ഉന്നയിച്ചതിന്റെ പിന്നിൽ കൂടുതൽ പേരുണ്ടോ എന്ന കാര്യത്തിൽ വ്യക്തമായ സൂചനയുണ്ട്. പാർട്ടി നിയോഗിക്കുന്ന കമീഷൻ ഇക്കാര്യം പരിശോധിക്കും. ഇവർക്കെതിരെയും നടപടിയുണ്ടാവും.
ചാനലിന് നൽകിയ അഭിമുഖത്തിൽ കുഞ്ഞികൃഷ്ണന് വെള്ളിയാഴ്ച ആരോപണം വീണ്ടും ഉന്നയിച്ചതിനെ തുടർന്നാണ് ജില്ല സെക്രട്ടേറിയറ്റും ജില്ല കമ്മിറ്റിയും യോഗം ചേരുന്നത്. ജില്ല നേതൃത്വം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോടും മുഖ്യമന്ത്രി പിണറായി വിജയനോടും വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ശനിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജനും ജില്ല സെക്രട്ടറി കെ.കെ. രാഗേഷും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞ കാര്യങ്ങളും കുഞ്ഞികൃഷ്ണനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ കാര ഡിവിഷനില്‍ വിമതനായി മത്സരിച്ച ഡി.വൈ.എഫ്.ഐ നേതാവ് വൈശാഖ് വന്‍ വിജയം നേടിയിരുന്നു. സി.പി.എം സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. വൈശാഖിനെ സ്ഥാനാർഥിയാക്കിയതിന് പിന്നില്‍ കുഞ്ഞികൃഷ്ണന് ഉള്‍പ്പെടെ ചിലര്‍ക്ക് പങ്കുണ്ടെന്നാണ് നേതൃത്വം കരുതുന്നത്. നേരത്തെ കുഞ്ഞികൃഷ്ണന് ഉന്നയിച്ച ആരോപണത്തെത്തുടര്‍ന്ന് ടി.ഐ. മധുസൂദനനെതിരെ സി.പി.എം തരംതാഴ്ത്തല്‍ നടപടി സ്വീകരിച്ചിരുന്നു.
എന്നാല്‍, മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും മധുസൂദനനെ ജില്ല സെക്രട്ടേറിയറ്റിലേക്ക് തന്നെ തിരിച്ചെടുത്തു. മാത്രമല്ല, നിയമസഭ തെരഞ്ഞെടുപ്പില്‍ മധുസൂദനനെ പയ്യന്നൂരില്‍ മത്സരിപ്പിക്കാന്‍ നേതൃതലത്തില്‍ ധാരണയായിട്ടുണ്ട്. ഇതോടെയാണ് കുഞ്ഞികൃഷ്ണന് വീണ്ടും ആരോപണവുമായി രംഗത്തുവന്നത്. കുഞ്ഞികൃഷ്ണനു പിന്നിൽ പയ്യന്നൂരിലെ തലമുതിര്‍ന്ന നേതാക്കള്‍ കൂടിയുണ്ടെന്ന സൂചന സി.പി.എം നേതൃത്വത്തിനുണ്ട്. എന്നാല്‍, ഇവര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

