വികസനത്തിനായി നിലകൊണ്ട ഇബ്രാഹിംകുഞ്ഞ്
text_fieldsകളമശ്ശേരി: വ്യവസായ തലസ്ഥാനത്ത് പുതുതായി രൂപംകൊണ്ട കളമശ്ശേരി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച വി.കെ. ഇബ്രാഹിംകുഞ്ഞ് വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്നു. കളമശ്ശേരിയിൽനിന്ന് രണ്ട് തവണ എം.എൽ.എ ആയ അദ്ദേഹത്തിന്റെ ആദ്യ ലക്ഷ്യം കളമശ്ശേരിക്ക് സ്വന്തമായി ആസ്ഥാനമന്ദിരമായിരുന്നു. ദേശീയ പാതയോട് ചേർന്ന പത്തടിപ്പാലത്ത് ഒന്നര ഏക്കറിൽ ആസ്ഥാന മന്ദിരവും റസ്റ്റ് ഹൗസും കോൺഫറൻസ് ഹാളുകളും നിർമിച്ചു. കളമശ്ശേരി മെഡിക്കൽ കോളജ് പ്രവർത്തിച്ചിരുന്നത് സഹകരണ മേഖലയിലാണ്.
നിർധന രോഗികൾ പോലും ചികിത്സക്ക് പണം കൊടുക്കേണ്ട അവസ്ഥയിൽ സമ്മർദ്ദം ചെലുത്തി മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കാനുള്ള തീരുമാനത്തിലെത്തിച്ചു. പിന്നാലെ ആശുപത്രിയിലെ മുഴുവൻ ഡോക്ടർമാരെയും, പാരാമെഡിക്കൽ സ്റ്റാഫുകളെയും, മറ്റു ജീവനക്കാരെയും സ്ഥിരപ്പെടുത്തി. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ആഗ്രഹമായിരുന്ന മധ്യകേരളത്തിലെ കാൻസർ ചികിത്സാ കേന്ദ്രം കളമശ്ശേരിയിൽ കൊണ്ടുവരുന്നതിലും പങ്കു വഹിച്ചു. ആരോഗ്യരംഗത്തെ കരുതൽ എന്ന നിലയിൽ മണ്ഡലത്തിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തി. അംഗവൈകല്യം സംഭവിച്ച വർക്ക് മോട്ടോർ ഘടിപ്പിച്ച മുച്ചക്ര വാഹനങ്ങൾ ഉൾപ്പെടെ ഉപകരണങ്ങൾ നൽകി.
പൊതുമേഖലയിൽ നിരവധി പുതിയ സംരംഭങ്ങൾ ആരംഭിച്ച് ജില്ലയുടെ വ്യവസായ കേന്ദ്രമായ കളമശ്ശേരിയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളിൽ ശ്രദ്ധ നൽകി. കേരളത്തിൽ ആദ്യ സ്റ്റാർട്ട്പ്പ് വില്ലേജ് കളമശ്ശേരിയിൽ തുടങ്ങി. നിരവധി വ്യവസായ ശാലകൾ പ്രവർത്തിക്കുന്ന കളമശ്ശേരിയിൽ സ്വന്തം സ്ഥലത്ത് ഫയർ സ്റ്റേഷൻ കൊണ്ടു വന്നതും നേട്ടമായി. കുണ്ടും കുഴിയും അപകടങ്ങളും പതിവായിരുന്ന എച്ച്.എം.ടി-മണലിമുക്ക് റോഡ് സംസ്ഥാനത്തെ ആദ്യ കോൺക്രീറ്റ് റോഡാക്കി മാറ്റി.
അഞ്ചര കിലോമീറ്റർ റോഡ് പൈലറ്റ് പ്രൊജക്ടായി നടപ്പാക്കുകയായിരുന്നു. പിന്നാലെ സംസ്ഥാനമൊട്ടാകെ ഇത് വ്യാപിപ്പിച്ചു. സീപോർട്ട്-എയർപോർട്ട് റോഡിന്റെ മുന്നാം ഘട്ടം നടപ്പാക്കി. രണ്ട് പാലങ്ങളും ഇതോടൊപ്പം നിർമിച്ചു. കങ്ങരപ്പടി ജങ്ഷനും, പാതാളം ജങ്ഷനും വീതികൂട്ടി നവീകരിച്ചതും ഇക്കാലയളവിൽ തന്നെ.
2018ലും 2019ലും മഹാപ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചതിനാൽ വട്ടേക്കുന്നത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്ന ദുരിതാശ്വാസ കേന്ദ്രം ആരംഭിച്ചു. പരമാവധി ദുരിതബാധിതരെ നേരിൽ കാണുകയും ആവശ്യക്കാർക്ക് മരുന്നുകളും അവശ്യസാധനങ്ങളും നേരിട്ട് എത്തിച്ചുനൽകാൻ സംവിധാനമുണ്ടാക്കുകയും ചെയ്തു. പൂർണമായും കിടപ്പാടം നഷ്ടമായ നൂറ് കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി. ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് കറവപ്പശുക്കളും യന്ത്രവത്കൃത തയ്യൽമെഷീനുകളും വെൽഡിങ് സെറ്റുകളും ചെറുകിട കച്ചവടക്കാർക്ക് ധനസഹായവും നൽകി.
കളമശ്ശേരിയെ കേരളത്തിലെ തന്നെ മികച്ച വിദ്യാഭ്യാസ ഹബ്ബുകളിലൊന്നാക്കാനുളള ശ്രമം നടത്തിയ ഇബ്രാഹിം കുഞ്ഞ് മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികളെയും മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കുന്നതിനായി പദ്ധതികൾ നടപ്പാക്കിയിരുന്നു. സർക്കാർ സ്കൂളുകളിൽ അക്ഷയ പദ്ധതിക്ക് കീഴിൽ മണ്ഡലത്തിലെ എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാർഥികൾക്കും പോഷക സമ്യദ്ധമായ ഉച്ചഭക്ഷണം സൗജന്യമായി നൽകി.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷ്യഫലങ്ങൾ വിദ്യാർഥി സമൂഹത്തെ ബോധ്യപ്പെടുത്താൻ മജീഷ്യൻ പ്രൊ. ഗോപിനാഥ് മുതുകാടുമായി ചേർന്ന് ലഹരി വിമുക്ത കലാലയം പദ്ധതി നടപ്പാക്കി. ഉപ്പ് വെള്ള ഭീഷണി തടയാൻ ലക്ഷങ്ങൾ ചെലവിട്ട് വർഷാവർഷം നിർമിച്ചു വന്ന മണൽ ബണ്ടിന് പകരം പാതാളത്തും, പുറപ്പിള്ളിക്കാവിലും റെഗുലേറ്റർ ബ്രിഡ്ജ് നിർമിച്ചു. ഇദ്ദേഹത്തിന്റെ കാലത്ത് ജില്ലയിൽ 28 പാലങ്ങൾ നിർമിച്ചതും എടുത്ത് പറയാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

