തേടിയെത്തുന്നവരെ കൈവിടാത്തൊരാൾ ...
text_fieldsനെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോടൊപ്പം (ഫയൽ ചിത്രം)
ആലുവ: പതിറ്റാണ്ടുകളായി നിരവധിയാളുകൾക്ക് ആശ്രയമായിരുന്നയാളായിരുന്നു അന്തരിച്ച മുൻ മന്ത്രിയും മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞ്. ഏത് ആവശ്യത്തിനും തന്നെ തേടിയെത്തുന്നവരെ അദ്ദേഹം കൈവിട്ടിരുന്നില്ല.
കഴിയാവുന്ന എന്ത് സഹായവും അദ്ദേഹം നൽകുമായിരുന്നു. പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും വ്യക്തിപരമായും സഹജീവികളോട് അദ്ദേഹം കരുണയുള്ളവനായിരുന്നു. പൊതു പ്രവർത്തന രംഗത്തേക്ക് കടന്ന് വന്ന കാലത്ത് തുടങ്ങിയ ഈ സേവനം രോഗശയ്യയിലായിരുന്നപ്പോഴും അദ്ദേഹം തുടർന്നിരുന്നു.
എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ് നേതാവായും തിളങ്ങി. ദീർഘകാലം എറണാകുളം ജില്ല മുസ്‌ലിം ലീഗിന്റെ അമരക്കാരനായിരുന്നു. പാണക്കാട് കുടുംബവുമായി അടുത്തതോടെയാണ് ജനങ്ങൾക്ക് സഹായം നൽകണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായത്. പിന്നീട് എം.എൽ.എയും മന്ത്രിയുമായപ്പോൾ അദ്ദേഹം കഴിയാവുന്ന സഹായങ്ങൾ ആവശ്യക്കാർക്ക് നൽകി.
വിവിധ ആവശ്യങ്ങളുമായി നിരവധിയാളുകളാണ് തോട്ടക്കാട്ടുകര മണപ്പുറം റോഡിലെ അദ്ദേഹത്തിന്‍റെ വസതിയിൽ നിത്യേന എത്തിയിരുന്നത്. അതിനാൽ തന്നെ തിരക്കുകൾക്കിടയിലും കൂടുതൽ സമയം തന്നെ തേടിയെത്തുന്നവരെ കാണാതായി അദ്ദേഹം വീട്ടിൽ ചിലവഴിച്ചിരുന്നു.
മന്ത്രിയായിരിക്കുമ്പോൾ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ അദ്ദേഹം നാട്ടിൽ തന്നെ തങ്ങി. മന്ത്രിയായിരിക്കെ മുഖ്യമന്ത്രിയുടെ ചികിത്സ നിധിയിൽ നിന്ന് നിരവധിയാളുകൾക്ക് അദ്ദേഹം സഹായം നൽകി.
2012 കേരള രത്‌ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

