ജോയ് ഭരണ സംവിധാനത്തിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇരയാണെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടില്‍ വീണ് മരിച്ച ശുചീകരണത്തൊഴിലാളി ജോയ് ഭരണ സംവിധാനത്തിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇരയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു മനുഷ്യന്റെ തിരോധാനത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കകം യന്ത്ര സഹായത്താല്‍ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ നീക്കം ചെയ്തു. നേരത്തെ ഇത് ചെയ്യാന്‍ എന്തായിരുന്നു തടസം.
സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ മലിനജലത്തിലേക്ക് എടുത്തു ചാടേണ്ടി വന്നത് ആ പാവത്തിന്റെ നിസഹായതയാകാം. നന്മയുള്ള എത്ര മാത്രം മനുഷ്യ ഹൃദയങ്ങളാണ് ജോയിക്കു വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടാകുക. പ്രാര്‍ഥനകളെല്ലാം വിഫലമായി.
46 മണിക്കൂറിലധികം നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് ജോയിയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. ഫയര്‍ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ്, സ്‌കൂബ ടീം, നേവി, ശുചീകരണ തൊഴിലാളികള്‍, പോലീസ്, മാധ്യമങ്ങള്‍ അങ്ങനെ ഈ ദൗത്യത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി.
ജോയിയുടെ വയോധികയായ മാതാവ് ഉള്‍പ്പെടെ ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം കൂടി ഉണ്ടെന്നത് സര്‍ക്കാര്‍ മറക്കരുത്. ജോയിക്ക് ആദരാഞ്ജലികള്‍. എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് വി.ഡി,സതീശൻ അനുശോചനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

