ശബരിമലയില്‍ സര്‍ക്കാരിനും ദേവസ്വത്തിനും ഉത്തരവാദിത്തമില്ലാത്ത സങ്കടകരമായ അവസ്ഥയെന്ന് വി.ഡി സതീശൻ
text_fieldsകൊച്ചി: ശബരിമലയില്‍ സര്‍ക്കാരിനും ദേവസ്വത്തിനും ഉത്തരവാദിത്തമില്ലാത്ത സങ്കടകരമായ അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടാകാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള അയ്യപ്പ ഭക്തര്‍ പന്തളത്ത് യാത്ര അവസാനിപ്പിക്കുന്ന സ്ഥിതിയാണ്.
20 മണിക്കൂറോളമാണ് ഭക്തര്‍ കാത്തുനില്‍ക്കുന്നത്. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഒരു ഉത്തരവാദിത്തവുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പ ദര്‍ശനം ഉറപ്പ് വരുത്തേണ്ട ചുമതലയുള്ള സര്‍ക്കാരും ദേവസ്വവും ഉത്തരവാദിത്തം നിറവേറ്റാന്‍ തയാറാകുന്നില്ല. മുന്‍ സര്‍ക്കാരുകളുടെ ഭാഗത്ത് ഭംഗിയായി നടന്നിരുന്ന ശബരിമല തീര്‍ത്ഥാടനമാണ് ഇത്തവണ താറുമാറായത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പമ്പയിലെത്തി അവലോകന യോഗം നടത്തി ഏഴ് വകുപ്പുകളെ ഏകോപിപ്പിച്ചു. എല്ലാക്കാലത്തും തിരക്ക് ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ഫലപ്രദമായി നിയന്ത്രിച്ചിട്ടുണ്ട്. ഇപ്പോള്‍ ദേവസ്വം പൊലീസിനെ കുറ്റപ്പെടുത്തുകയാണ്. പരിചയസമ്പന്നരായ പൊലീസുകാരില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.
ദേവസ്വം ബോര്‍ഡ് ആവശ്യമായ കാര്യങ്ങളൊന്നും ചെയ്യുന്നില്ല. അവധി ദിവസങ്ങളില്‍ സ്ത്രീകളും കുഞ്ഞുങ്ങളും ശബരിമയില്‍ പോകരുതെന്ന വിചിത്രമായ പ്രസ്താവനയാണ് ദേവസ്വം പ്രസിഡന്റ് നടത്തിയത്. ദേവസ്വം മന്ത്രി പോലും സ്ഥലത്തില്ല. മന്ത്രി 44 ദിവസത്തെ ടൂറിന് പോയിരിക്കുകയാണ്. ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും മാറി നില്‍ക്കുകയാണ്. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടായി അഞ്ചാം ദിവസമാണ് ഓണ്‍ലൈന്‍ യോഗം നടത്തിയത്.
ഓണ്‍ലൈന്‍ യോഗത്തിന് എന്ത് പ്രസക്തിയാണുള്ളത്. ആര്‍ക്കും ഉത്തരവാദിത്തം ഇല്ലാത്ത സങ്കടകരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ശബരിമല സമര കാലത്ത് പ്രത്യേക താല്‍പര്യമെടുത്ത് കൊണ്ടു വന്നവര്‍ക്ക് ദര്‍ശനം നടത്താന്‍ സര്‍ക്കാരും പൊലീസും സ്വീകരിച്ച ശ്രമത്തിന്റെ നൂറിലൊന്നു ശ്രമം നടത്തിയിരുന്നെങ്കില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമായിരുന്നു. നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് അപകടകരമായ രീതിയിലാണ് ബസ് സര്‍വീസ് നടത്തുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം ഒരുക്കിക്കൊടുക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ഉത്തരവാദിത്തത്തില്‍ നിന്നും എല്ലാവരും കൈകഴുകുകയാണ്. സര്‍ക്കാര്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ശബരിമലയില്‍ കാണുന്നത്.
കോടതി ഇടപെട്ട് അനങ്ങാതിരിക്കുന്ന സര്‍ക്കാരിനെയും ദേവസ്വത്തെയും കുത്തിയിളക്കി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ മാത്രമാണുള്ളത്. ശബരിമലയില്‍ നന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് 1200 ക്ഷേത്രങ്ങളിലെ ചെലവും ദേവസ്വം ജീവനക്കാരുടെ ശമ്പളവും നല്‍കുന്നത്. അവലോകന യോഗം നടത്തേണ്ട മന്ത്രിമാര്‍ ടൂര്‍ പോയിരിക്കുകയാണ്. ഓണ്‍ലൈന്‍ മീറ്റിങിന്റെ തീരുമാനമായാണ് ഭക്തര്‍ സ്വയം നിയന്ത്രിക്കണമെന്ന് ദേവസ്വം മന്ത്രി പറഞ്ഞത്. ഭക്തര്‍ തിരിച്ച് പോകണമെന്നാണോ മന്ത്രി പറയുന്നതെന്ന് സതീശൻ ചോദിച്ചു.
ശബരിമലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം ഇന്ന് പമ്പയില്‍ എത്തിയിട്ടുണ്ട്. ശബരിമലയില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കണമെന്നത് സംബന്ധിച്ച നിർദേശങ്ങള്‍ സര്‍ക്കാരിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

