വഖഫ് അസാധുവാക്കൽ ബില്ലിന് അവതരണാനുമതി നൽകരുതെന്ന് വി. അബ്‌ദുറഹിമാൻ
text_fieldsതിരുവനന്തപുരം: രാജ്യസഭയിൽ അവതരിപ്പിക്കുന്ന വഖഫ് നിയമം അസാധുവാക്കൽ സ്വകാര്യ ബില്ലിന് അനുമതി നൽകരുതെന്ന് മന്ത്രി വി. അബ്‌ദുറഹിമാൻ. ഇസ്ലാം വിശ്വാസികൾക്കെതിരായ സംഘപരിവാർ നീക്കങ്ങളുടെ ഭാഗമാണ് ഈ ബില്ലെന്നും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തേ മൂന്നു തവണ ബില്ല് അവതരണത്തിന് ലിസ്റ്റ് ചെയ്തെങ്കിലും സി.പി.എം നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ ശക്തമായ പ്രതിഷേധം ഉയർത്തിയതിനാൽ അവതരിപ്പിക്കാൻ സാധിച്ചിരുന്നില്ല. നാലാം തവണയും ബിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ്.1995 ലെ വഖഫ് നിയമം പിൻവലിക്കാനുള്ള നിയമ നിർമാണമാണ് ‘ദി വഖഫ് റിപീൽ ബിൽ, 2022’. ഇത്തരമൊരു നിയമനിർമാണം ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ കൊണ്ടുവരുന്ന സ്വകാര്യ ബിൽ അംഗീകരിക്കാനാവില്ല.
രാജ്യത്തെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നിയമമാണ് വഖഫ് നിയമം. കേന്ദ്ര വഖഫ് കൗൺസിലും സംസ്ഥാന വഖഫ് ബോർഡുകളും പ്രവർത്തിച്ചുവരുന്നത് ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. വഖഫ് ട്രിബ്യൂണലിന്റെ അധികാരപരിധി, മുതവല്ലിമാരുടെ ചുമതലകൾ, വഖഫ് ഭരണസംവിധാനങ്ങളുടെ ധനസഹായം, സർവേ നടത്തൽ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധികാരം, രേഖകളുടെ പരിപാലനം തുടങ്ങിയവയെ സംബന്ധിച്ച സുപ്രധാന വ്യവസ്ഥകളും നിയമത്തിന്റെ ഭാഗമാണ്.
മറ്റു ബദലുകളൊന്നും നിർദേശിക്കാതെ അത്തരമൊരു നിയമം പിൻവലിക്കാൻ ആവശ്യപ്പെടുന്ന ബില്ലിനെ സദുദ്ദേശപരമായി കാണാൻ സാധിക്കില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോടിക്കണക്കിനു രൂപയുടെ വഖഫ് സ്വത്തുക്കൾ ചിലർ അനധികൃതമായി കൈയടക്കി വെച്ചിട്ടുണ്ട്. ഈ സ്വത്തുക്കൾ വീണ്ടെടുക്കാനുള്ള ശക്തമായ നടപടികളാണ് സ്വീകരിക്കേണ്ടത്. എന്നാൽ, കൈയേറ്റക്കാർക്ക് സംരക്ഷണം നൽകാൻ വഴിയൊരുക്കുന്നതാണ് വഖഫ് നിയമം അസാധുവാക്കൽ.
ചില നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായും രാജ്യത്തെ സാമുദായിക സൗഹാർദം തകർക്കാനും ലക്ഷ്യമിട്ടുള്ള നടപടിയായി മാത്രമേ ഈ ബില്ലിനെ കണക്കാക്കാൻ കഴിയൂ. മാത്രമല്ല, മാതൃനിയമത്തിലെ പല വ്യവസ്ഥകളും ബില്ലിൽ തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചിട്ടുള്ളതെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

